ആൻഫീൽഡിൽ യുനൈറ്റഡിനെ നാണംകെടുത്തി ലിവർപൂൾ; ലീഗിൽ ഒന്നാമത്
text_fieldsലിവർപൂൾ: ആൻഫീൽഡിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെ എതിരില്ലാത്ത നാലുഗോളുകൾക്ക് തകർത്ത് ലിവർപൂൾ ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായാണ് ആൻഫീൽഡിൽ റെഡ് ഡെവിൾസ് നാലുഗോൾ മാർജിനിൽ തോൽക്കുന്നത്. സൂപ്പർ താരം മുഹമ്മദ് സലാഹ് ലിവർപൂളിനായി ഇരട്ടഗോൾ നേടി. ലൂയിസ് ഡയസും സാദിയോ മാനെയുമാണ് മറ്റ് സ്കോറർമാർ.
മകന്റെ അപ്രതീക്ഷിത നിര്യാണത്തെ തുടർന്ന് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാണ് യുനൈറ്റഡ് റെഡ്സിനെ എതിരിട്ടത്. സലാഹ് നൽകിയ പാസ് അനായാസം വലയിൽ എത്തിച്ച് ലൂയിസ് ഡിയസ് ലിവർപൂളിന് അഞ്ചാം മിനിറ്റിൽ തന്നെ ലീഡ് നൽകി. 22ാം മിനിറ്റിലായിരുന്നു രണ്ടാം ഗോൾ. വൺ ടച്ച് പാസിലൂടെയായിരുന്നു റെഡ്സിന്റെ മുന്നേറ്റം. മാനെയുടെ അസാധ്യ പാസിൽ നിന്നായിരുന്നു സലാഹിന്റെ സ്കോറിങ്.
ആദ്യ പകുതിയിൽ ലിവർപൂൾ ഡിഫൻസിന് ഒരു വെല്ലുവിളിയും ഉയർത്താൻ മാഞ്ചസ്റ്റർ യുനൈറ്റഡിനായില്ല. ഒരു ഷോട്ട് പോലും സന്ദർശകരുടെ ബൂട്ടിൽ നിന്ന് പിറന്നില്ല. രണ്ടാം പകുതിയിൽ ജേഡൻ സാഞ്ചോ ഇറങ്ങിയ ശേഷമാണ് ആദ്യമായി ഒരു ഷോട്ട് ഉതിർത്തത്. 63ാം മിനിറ്റിൽ ലഭിച്ച രണ്ട് സുവർണാവസരങ്ങൾ യുനൈറ്റഡ് താരങ്ങൾ പാഴാക്കി.
67ാം മിനിറ്റിൽ ഡയസിന്റെ പാസിൽ നിന്നായിരുന്നു മാനെയുടെ ഇടങ്കാലൻ ഗോൾ. മത്സരം തീരാൻ അഞ്ച് മിനിറ്റ് മാത്രം ബാക്കി നിൽക്കേ സലാഹ് പട്ടിക തികച്ചതോടെ യുനൈറ്റഡിന്റെ പതനം പൂർത്തിയായി. ഇതോടെ 9-0 മാർജിനിൽ യുനൈറ്റഡിനെതിരെ പ്രീമിയർ ലീഗ് ഡബിൾ കുറിച്ചിരിക്കുകയാണ് ലിവർപൂൾ.
32 മത്സരങ്ങളിൽ നിന്ന് 76 പോയിന്റുമായാണ് ലിവർപൂൾ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയത്. ഒരു മത്സരം കുറവ് കളിച്ച മാഞ്ചസ്റ്റർ സിറ്റി 74 പോയിന്റുമായി രണ്ടാമതുണ്ട്. 30 മത്സരങ്ങളിൽ നിന്ന് 62പോയിന്റുമായി ചെൽസിയാണ് മൂന്നാമത്. 33 മത്സരങ്ങളിൽ നിന്ന് 54 പോയിന്റുമായി ആറാമതാണ് യുനൈറ്റഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.