2500 കോടി രൂപ! എംബാപ്പെക്കായി പണമെറിയാനൊരുങ്ങി ലിവർപൂളും
text_fieldsലണ്ടൻ: കിലിയൻ എംബാപ്പെ പി.എസ്.ജിയിൽ തുടരില്ലെന്ന് ഏറക്കുറെ തീരുമാനമെടുത്തുകഴിഞ്ഞു. സ്പാനിഷ് അതികായരായ റയൽ മഡ്രിഡാണ് 24കാരനായ ഫ്രഞ്ച് ഫുട്ബാളറെ മോഹിപ്പിക്കുന്ന ക്ലബ്. റയലാകട്ടെ, എംബാപ്പെയെ സ്വന്തമാക്കാൻ ശക്തമായി രംഗത്തുണ്ടുതാനും. എന്നാൽ, ആധുനിക ഫുട്ബാളിലെ സൂപ്പർ സ്ട്രൈക്കർക്കുവേണ്ടിയുള്ള മത്സരത്തിൽ റയലിന് കടുത്ത വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലീഷ് പ്രീമിയർലീഗിലെ വമ്പന്മാരായ ലിവർപൂൾ.
300 ദശലക്ഷം ഡോളർ (ഏകദേശം 2500 കോടി രൂപ) എംബാപ്പെക്കുവേണ്ടി നൽകാൻ ഒരുക്കമാണെന്ന നിലപാടിലാണ് ലിവർപൂൾ. അർധാവസരങ്ങളിൽനിന്നുപോലും ഗോളുകളിലേക്ക് നിറയൊഴിക്കാൻ കഴിയുന്ന യുവതാരത്തിന്റെ സാന്നിധ്യം കിരീടനേട്ടങ്ങൾക്ക് തങ്ങളെ തുണക്കുമെന്ന കണക്കുകൂട്ടലിലാണ് പണമെറിയാൻ ലിവർപൂൾ സന്നദ്ധത കാട്ടുന്നത്. മിന്നും താരത്തിന്റെ സാന്നിധ്യം കളത്തിനു പുറത്തും ക്ലബിന് ഗുണകരമാകുമെന്നും മുൻ പ്രീമിയർ ലീഗ് ചാമ്പ്യന്മാർ കരുതുന്നു.
പി.എസ്.ജിയുമായി കരാർ പുതുക്കില്ലെന്ന് എംബാപ്പെ തീരുമാനിച്ചതോടെ ഫ്രഞ്ച് ക്ലബ് അധികൃതർ കടുത്ത നീരസത്തിലാണെന്ന് പ്രമുഖ ഫിഫ ഏജന്റായ മാർകോ കിർഡെമിർ വെളിപ്പെടുത്തിയിരുന്നു. സൗദി അറേബ്യയിലേയും ഖത്തറിലേയും ഫുട്ബാൾ വൃത്തങ്ങളുമായി അടുത്ത ബന്ധമുള്ളയാളാണ് കിർഡെമിർ. എംബാപ്പെക്കുവേണ്ടി ലിവർപൂൾ രംഗത്തെത്തിയ വിവരവും കിർഡെമിറാണ് പുറത്തുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.