എന്തൊരു സമനില! ലിവർപൂൾ-സിറ്റി മത്സരം ആവേശ സമനില; ആഴ്സണൽ ഒന്നാമത്
text_fieldsഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ-സിറ്റി മത്സരത്തിൽ ആവേശ സമനില. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി പിരിഞ്ഞു. ഇതോടെ കിരീടപോരിൽ ആഴ്സണൽ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു.
ലിവർപൂളിനും 64 പോയന്‍റാണെങ്കിലും ഗോൾ വ്യത്യാസത്തിലാണ് ഗണ്ണേഴ്സ് ഒന്നാം സ്ഥാനത്തേക്ക് കയറിയത്. സിറ്റി മൂന്നാം സ്ഥാനത്തേക്ക് വീണു, 63 പോയന്‍റ്. സിറ്റിക്കായി ജോൺ സ്റ്റോൺസും ലിവർപൂളിനായി പെനാൽറ്റിയിലൂടെ അലക്സിസ് മക് അലിസ്റ്ററുമാണ് ഗോൾ നേടിയത്. പന്ത് കൈവശം വെക്കുന്നതിലും ഷോട്ടുകളുടെ എണ്ണത്തിലും ചെമ്പടക്കായിരുന്നു ആധിപത്യം. ലിവർപൂളിന്‍റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്. തുടരെ തുടരെ ലിവർപൂൾ താരങ്ങൾ സിറ്റിയുടെ ബോക്സിൽ വെല്ലുവിളി ഉയർത്തി. എന്നാൽ, മത്സരത്തിൽ സിറ്റിയാണ് ആദ്യം ലിഡെടുത്തത്.
23ാം മിനിറ്റിൽ ഡി ബ്രൂയ്നെ എടുത്ത ലോ ക്രോസ് കോർണർ കിക്കിൽനിന്നാണ് സ്റ്റോൺസ് ലിവൾപൂൾ വലകുലുക്കിയത്. രണ്ടാം പകുതി തുടങ്ങിയതും ചെമ്പട മത്സരത്തിൽ ഒപ്പമെത്തി. ബോക്സിനുള്ളിൽ സിറ്റി ഗോളി എഡേഴ്സൺ ഡാർവിൻ ന്യൂനസിനെ വീഴ്ത്തിയതിന് റഫറി ലിവർപൂളിന് അനുകൂലമായി പെനാൽറ്റി വിധിച്ചു.
നഥാൻ അകെയുടെ മിസ് പാസ്സാണ് പെനാൽറ്റിയിലെത്തിയത്. അകെ നൽകിയ പന്തിന് ന്യൂനസ് ഓടി അടുക്കുന്നതിനിടെ എഡേഴ്സൺ ന്യൂനസിനെ ചലഞ്ച് ചെയ്ത് വീഴ്ത്തി. കിക്കെടുത്ത അലക്സിസ് മക് അലിസ്റ്ററിന് പിഴച്ചില്ല. പിന്നാലെ കാലിന് പരിക്കേറ്റ ഗോൾ കീപ്പർ എഡേഴ്സണു പകരം സ്റ്റെഫാൻ ഒർട്ടേഗ കളത്തിലെത്തി. രണ്ടാം പകുതിയിൽ ലിവർപൂളിന്‍റെ ആധിപത്യമായിരുന്നു. 63ാം മിനിറ്റിൽ ലൂയിസ് ഡയസ് സുവർണാവസരം നഷ്ടപ്പെടുത്തി. പകരക്കാരനായി കളത്തിലെത്തിയ സൂപ്പർതാരം മുഹമ്മദ് സലാ നൽകിയ ഒരു മനോഹര ത്രൂബാളിന് ഡയസ് ഓടിയെത്തുമ്പോൾ മുന്നിൽ സിറ്റി ഗോളി മാത്രം.
താരത്തിന്‍റെ ഷോട്ട് ബാറിനു മുകളിലൂടെ പുറത്തേക്ക്. പിന്നാലെ വിജയഗോളിനായി സിറ്റിയുടെ ഗോൾ മുഖം ലിവർപൂൾ വിറപ്പിച്ചുകൊണ്ടിരുന്നു. കൗണ്ടർ അറ്റാക്കിങ്ങിലൂടെ സിറ്റിയും തിരിച്ചടിച്ചതോടെ മത്സരം ആവേശ കൊടുമുടി കയറി. 89ാം മിനിറ്റിൽ ജെറമി ഡോകുവിന്‍റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. ലിവർപൂളിനും ഗോളെന്ന് ഉറപ്പിച്ച നിരവധി അവസരങ്ങളാണ് ലഭിച്ചത്.
ഒടുവിൽ 1-1 സ്കോറിൽ മത്സരം അവസാനിക്കുകയായിരുന്നു. കിരീടപോരിൽ ഇനിയുള്ള ഓരോ മത്സരങ്ങളും ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ള ടീമുകൾക്കും നിർണായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.