തോറ്റ്..തോറ്റ് സിറ്റി; പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ തേരോട്ടം തുടരുന്നു, 2-0
text_fieldsലണ്ടൻ: തുടർച്ചയായ ഏഴാം മത്സരത്തിലും ജയിക്കാനാകാതെ മാഞ്ചസ്റ്റർ സിറ്റി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനോട് എതിരില്ലാത്ത രണ്ടുഗോളിന് (2-0) കീഴടങ്ങി. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ കോഡി ഗ്യാക്പോയും മുഹമ്മദ് സലാഹുമാണ് ലിവർപൂളിനായി ഗോൾ കണ്ടെത്തിയത്. ജയത്തോടെ പ്രീമിയർ ലീഗിൽ 13 മത്സരങ്ങളിൽ നിന്ന് 34 പോയിന്റുമായി ഒന്നാം സ്ഥാനത്ത് എതിരാളികളില്ലാതെ മുന്നേറുകയാണ് ലിവർപൂൾ.
പ്രീമിയർ ലീഗിലെ കഴിഞ്ഞ മത്സരത്തിൽ സതാംപ്റ്റനോടേറ്റ അപ്രതീക്ഷിത തോൽവിക്ക് ശേഷം യുവേഫ ചാമ്പ്യൻസ് ലീഗിൽ റയലിനെ തകർത്തതിന്റെ ആത്മവിശ്വാസവുമായാണ് ലിവർപൂൾ പ്രീമിയർ ലീഗ് വമ്പന്മാർക്കെതിരെ കളത്തിലിറങ്ങിയത്.
12ാം മിനിറ്റിലാണ് ലിവർപൂൾ ആദ്യം ലീഡെടുക്കുന്നത്. അലക്സാണ്ടർ അർണോൾഡ് നൽകിയ ലോങ്ബാൾ സ്വീകരിച്ച മുഹമ്മദ് സലാഹ് ബോക്സിനകത്ത് നീട്ടിനൽകിയ പന്ത് കോഡി ഗ്യാക്പോ അനായാസം വലയിലെത്തിച്ചു. 78ാം മിനിറ്റിലാണ് സിറ്റിയുടെ ഹൃദയം തകർത്ത് രണ്ടാമത്തെ ഗോളുമെത്തിയത്. ലൂയിസ് ഡയസിനെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി മുഹമ്മദ് സലാഹ് പിഴവുകളില്ലാതെ ലക്ഷ്യത്തിലെത്തിച്ചു(2-0).
ഈ തോൽവിയോടെ സിറ്റി പ്രീമിയർ ലീഗ് പട്ടികയിൽ ബ്രൈറ്റണ് താഴെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പ്രീമിയർ ലീഗിൽ സിറ്റിയുടെ തുടർച്ചയായ നാലാം തോൽവിയായിരുന്നു. ചാമ്പ്യൻസ് ലീഗിലും പ്രീമിയർ ലീഗിലുമായി അവസാന ഏഴു മത്സരങ്ങളിൽ ആറും തോറ്റു. ഒരു സമനിലയും വഴങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.