രക്ഷകനായി വാൻഡെക്; ചെൽസിയെ വീഴ്ത്തി ലിവർപൂളിന് ലീഗ് കപ്പ് കിരീടം
text_fieldsലണ്ടൻ: നിശ്ചിത സമയം പിന്നിട്ട് അധിക സമയത്തേക്ക് നീണ്ട ആവേശപോരാട്ടത്തിൽ ചെൽസിയെ വീഴ്ത്തി കരബാവോ കപ്പ് (ലീഗ് കപ്പ്) കിരീടം നേടി ലിവർപൂൾ. ഫൈനലിൽ പ്രമുഖരില്ലാതെ യുവനിരയുമായി കളത്തിലിറങ്ങിയ ചെമ്പട ഏകപക്ഷീയമായ ഒരു ഗോളിനാണ് നീലപ്പടയെ പരാജയപ്പെടുത്തിയത്.
അധിക സമയത്തിന്‍റെ 118ാം മിനിറ്റിൽ പ്രതിരോധ താരം വിർജിൽ വാൻഡെക് ഹെഡ്ഡറിലൂടെയാണ് ടീമിന്‍റെ വിജയഗോൽ നേടിയത്. ലിവർപൂളിന്റെ പത്താം ലീഗ് കപ്പാണിത്. യുർഗൻ ക്ലോപ് സീസണോടെ ക്ലബ് വിടാനിരിക്കെയാണ് താരങ്ങളുടെ കിരീട സമ്മാനം. പരിക്കിന്‍റെ പിടിയിലായ സൂപ്പർ താരങ്ങളായ മുഹമ്മദ് സലാ, ഡാർവിൻ ന്യൂനസ്, ഡീഗോ ജോട്ട, ഗോൾകീപ്പർ അലിസൺ ബെക്കർ എന്നിവരില്ലാതെയാണ് ലിവർപൂൾ കളത്തിലിറങ്ങിയത്. മത്സരത്തിനിടെ ഡച്ച് താരം റയാൻ ഗ്രവെൻബെർച്ച് പരിക്കേറ്റ് പുറത്തായതും ടീമിന് തിരിച്ചടിയായി.
കളിയിലുടനീളം ഇരു ടീമുകൾക്കും നിരവധി സുവർണാവസരങ്ങൾ ലഭിച്ചു. ഗോൾകീപ്പർമാരുടെ മിന്നുംഫോമാണ് വെംബ്ലി സ്റ്റേഡിയത്തിലെ ഫൈനൽ പോരാട്ടം അധിക സമയത്തേക്ക് നീട്ടിക്കൊണ്ടുപോയത്. ചെൽസി ഗോൾകീപ്പർ പെട്രോവിചും ലിവർപൂൾ ഗോളി കവോമിൻ കെലെഹറും ഗോളെന്നുറപ്പിച്ച അരഡസണോളം ഷോട്ടുകളാണ് തട്ടിയകറ്റിയത്. കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളക്കാനായ ആത്മവിശ്വാസത്തിൽ ഇറങ്ങിയ നീലപടക്കും പരിശീലകൻ മൗറീഷ്യോ പോച്ചെറ്റിനോക്കും തോൽവി കനത്ത തിരിച്ചടിയാണ്. വെംബ്ലി സ്റ്റേഡിയത്തിൽ ചെൽസിയുടെ തുടർച്ചയായ ആറാം ഫൈനൽ തോൽവിയാണിത്. ഇതിൽ മുന്നെണ്ണവും ലിവർപൂളിനോടാണ്.
വാശിയേറിയ ആദ്യ പകുതിയിൽ കോൾ പാൾമറിന്‍റെ ഷോട്ട് ലിവർപൂൾ ഗോളി തട്ടിയകറ്റി. ഇതിനിടെ റഹിം സ്റ്റിർലിങ്ങിന്‍റെയും വാൻഡെക്കിന്‍റെയും ഗോളുകൾ ഓഫ് സൈഡ് ട്രാപ്പിൽ കുടുങ്ങി. നിശ്ചിത സമയം ഗോൾരഹിതമായി പിരിഞ്ഞതോടെ മത്സരം അധിക സമയത്തേക്ക്. ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീങ്ങുമെന്ന് തോന്നിപ്പിച്ച സമയത്താണ് രണ്ട് മിനിറ്റ് ബാക്കിനിൽക്കെ കോസ്റ്റാസ് സിമികാസിന്‍റെ കോർണർ തകർപ്പൻ ഹെഡ്ഡറിലൂടെ വാൻഡെക് ചെൽസി വലയിലെത്തിക്കുന്നത്. വെംബ്ലിയിൽ 2022 എഫ്.എ കപ്പ്, ഇ.എഫ്.എൽ കപ്പ് ഫൈനലിൽ ലിവർപൂളിനോട് ചെൽസി പരാജയപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.