സ്വപ്നങ്ങൾ വിഫലം; ബെർണബ്യൂവിൽ ബെൻസേമ ഗോളിൽ ചെമ്പടയെ കെട്ടുകെട്ടിച്ച് റയൽ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ
text_fieldsചാമ്പ്യൻസ് ലീഗിൽ മുമ്പ് ബാഴ്സക്കെതിരെയും അതിനും മുമ്പ് മിലാനെതിരെയും വൻതോൽവികളിൽനിന്ന് സ്വപ്നസമാനമായി തിരിച്ചുവന്ന ഓർമകളുമായി സാന്റിയാഗോ ബെർണബ്യൂവിൽ ബൂട്ടുകെട്ടിയ ചെമ്പടക്ക് ഒന്നും ചെയ്യാനായില്ല. തുടർച്ചയായ മൂന്നാം സീസണിലും റയൽ മഡ്രിഡ് എന്ന അതികായർക്കു മുന്നിൽ ലിവർപൂൾ തോറ്റുമടങ്ങി. ഒരിക്കൽ ഫൈനലിലായിരുന്നെങ്കിൽ ഇത്തവണ വളരെ നേരത്തെയായെന്നു മാത്രം. ബെൻസേമ ഗോളിൽ ഗോൾ ശരാശരി 6-2 ആക്കി റയൽ ക്വാർട്ടറിലെത്തി.
ഗോളടിമേളം ലക്ഷ്യമിട്ട് മുന്നേറ്റത്തിൽ നാലു പേരെ അണിനിരത്തിയാണ് സന്ദർശകർ ബെർണബ്യു മൈതാനത്ത് കളി തുടങ്ങിയിരുന്നത്. ആറാം മിനിറ്റിൽ ഡാർവിൻ നൂനസ് ഗോളിനരികെയെത്തി പ്രതീക്ഷ നൽകുകയും ചെയ്തു. എന്നാൽ, പിന്നീടെല്ലാം റയൽ വരച്ച വരയിലായിരുന്നു. വിനീഷ്യസ്, എഡ്വേഡോ കാമവിംഗ എന്നിവരുടെ ഗോളെന്നുറച്ച മനോഹര ഷോട്ടുകൾ അലിസന്റെ മിടുക്കിൽ വല തുളക്കാതെ മടങ്ങിയെങ്കിൽ 78ാം മിനിറ്റിൽ ബെൻസേമ ടീമിനെ വീണ്ടും ജയിപ്പിച്ച് ഗോളടിക്കുകയും ചെയ്തു. നീട്ടിപ്പിടിച്ച കൈകളുമായി അലിസൺ വലക്കു മുന്നിൽ കീഴടക്കാനാവാതെ നിലയുറപ്പിച്ചില്ലായിരുന്നെങ്കിൽ മാർജിൻ ഇതിലും ഉയർന്നേനെ.
കഴിഞ്ഞ സീസണിലും റയൽ മഡ്രിഡിനു മുന്നിൽ വീണ ലിവർപൂളിന് ഇത്തവണ ചാമ്പ്യൻസ് ലീഗ് യോഗ്യത പോലും തുലാസിൽ നിൽക്കുകയാണ്. നിലവിൽ പോയിന്റ് പട്ടികയിൽ ഏറെ പിറകിലുള്ള ടീം വരും മത്സരങ്ങളിൽ വൻ തിരിച്ചുവരവ് നടത്തിയാലേ നാലാം സ്ഥാനമെങ്കിലും നേടി അടുത്ത സീസൺ ചാമ്പ്യൻസ് ലീഗിൽ ഇറങ്ങാനാകൂ.
സ്വന്തം മൈതാനത്ത് ആദ്യ പാദത്തിൽ മൂന്നോ അതിലേറെയോ ഗോളുകൾക്ക് തോറ്റതിനു ശേഷം ചാമ്പ്യൻസ് ലീഗിൽ ഒരു ടീം പോലും ഇതുവരെ രണ്ടാം പാദത്തിൽ അത്രയും ഗോളുകൾ മടക്കിയിട്ടില്ലെന്ന ചരിത്രം തിരുത്താനായിരുന്നു ലിവർപൂൾ എത്തിയിരുന്നത്. ഒരു ശതമാനം സാധ്യതയേ ഉള്ളൂവെന്നും അത് പിടിച്ചുകയറാനാണ് ആഗ്രഹിക്കുന്നതെന്നും ക്ലോപ് പറയുകയും ചെയ്തതാണ്. മുമ്പ് ബാഴ്സക്കെതിരെയും ആഞ്ചലോട്ടിയുടെ മിലാനെതിരെയും തിരിച്ചുകയറിയത് സ്വന്തം മൈതാനത്തായിരുന്നു. ഇത്തവണ പക്ഷേ, ഒന്നും സംഭവിച്ചില്ല.
ഡിയോഗോ ജോട്ട, നൂനസ്, മുഹമ്മദ് സലാഹ്, കോഡി ഗാക്പോ എന്നീ നാലു പേർ മുന്നേറ്റത്തിലുണ്ടായിട്ടും എതിർ പ്രതിരോധത്തിന്റെ കെട്ടുപൊട്ടിക്കാനായില്ല. വല്ലപ്പോഴും ദുർബലമായ അവസരങ്ങൾ തുറന്നപ്പോഴാകട്ടെ, തിബോ കൊർടുവയെന്ന അതിമാനുഷൻ അവയെ ശൂന്യമാക്കുകയും ചെയ്തു.
മറുവശത്ത്, 17 ഷോട്ടുകളാണ് റയൽ ലക്ഷ്യത്തിലേക്ക് പായിച്ചത്. ലിവർപൂൾ എടുത്തതിന് ഏകദേശം ഇരട്ടി. ലൂക മോഡ്രിച്, ഫ്രെഡറികോ വെൽവെർഡെ എന്നിവരുടെ ഷോട്ടുകളും അലിസൺ തട്ടിത്തെറിപ്പിച്ചു.
14 തവണ യൂറോപ്യൻ ചാമ്പ്യന്മാരെന്ന സ്വപ്ന നേട്ടം സ്വന്തമായുള്ള മഡ്രിഡുകാർ അടുത്ത കിരീടത്തിലേക്ക് ഇതോടെ ഒരു ചുവടു കുടി അടുത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.