അവസരങ്ങളേറെ, കാൽപന്തിലേക്ക് കടന്നുവരാൻ മടിച്ച് പെൺകുട്ടികൾ
text_fieldsമലപ്പുറം: അവസരങ്ങളും പരിശീലന സൗകര്യങ്ങളുമേറെയുണ്ടായിട്ടും കാൽപന്തുകളിയിലേക്ക് കടന്നുവരാൻ മടിച്ച് പെൺകുട്ടികൾ. സ്പോർട്സ് സ്കൂൾ പ്രവേശനത്തിനുള്ള സെലക്ഷൻ ട്രയൽസിൽ നൂറുകണക്കിന് ആൺകുട്ടികൾ പങ്കെടുക്കുമ്പോൾ വളരെ കുറച്ച് പെൺകുട്ടികൾ മാത്രമാണ് എത്തുന്നത്. വെള്ളിയാഴ്ച കോട്ടപ്പടി സ്റ്റേഡിയത്തിൽ സെലക്ഷന് വന്നത് 10 പെൺകുട്ടികൾ മാത്രം. കോഴിക്കോട്ട് 30ഉം കുന്നംകുളത്ത് 24ഉം പെൺകുട്ടികൾ എത്തിയപ്പോൾ പാലക്കാട്ട് പങ്കെടുത്തത് എട്ടുപേർ മാത്രം. കണ്ണൂർ/ കാസർകോട് ജില്ലകൾക്കായി കണ്ണൂരിൽ നടന്ന ട്രയൽസിന് എത്തിയത് 40 പേർ.
അതേസമയം, എല്ലാ ജില്ലകളിലും ആൺകുട്ടികളുടെ വമ്പിച്ച പ്രാതിനിധ്യമുണ്ട്. കണ്ണൂരിൽ 800ഉം കോഴിക്കോട്ട് 480ഉം കുന്നംകുളത്ത് 384ഉം പാലക്കാട്ട് 350ഉം ആൺകുട്ടികളാണ് എത്തിയത്. മലപ്പുറത്ത് സെലക്ഷനിൽ പങ്കെടുക്കാനെത്തിയത് 2500 ആൺകുട്ടികളാണ്. പെൺകുട്ടികൾക്ക് ഫുട്ബാൾ രംഗത്ത് ദേശീയ, അന്തർദേശീയ തലങ്ങളിൽ മികച്ച അവസരങ്ങളാണ് തുറന്നുകിടക്കുന്നതെന്ന് കണ്ണൂർ സ്പോർട്സ് സ്കൂളിലെ പരിശീലകൻ കെ.എം. രാജേഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. പെൺകുട്ടികൾക്ക് മാത്രം പരിശീലനത്തിന് അവസരമുള്ള കണ്ണൂരിലെ സ്പോർട്സ് സ്കൂളിൽ നിലവിൽ അണ്ടർ 14, 17, 19 കാറ്റഗറികളിലായി 38 കുട്ടികളുണ്ട്. കഴിഞ്ഞ വർഷം അണ്ടർ 17 സ്റ്റേറ്റിലും സ്കൂൾ സ്റ്റേറ്റിലും ചാമ്പ്യൻമാരായ കണ്ണൂർ സ്കൂൾ, സുബ്രതോ സ്റ്റേറ്റ് ചാമ്പ്യൻപട്ടവും സ്വന്തമാക്കി.
അണ്ടർ 17 കേരള ടീമിൽ എട്ടും അണ്ടർ 14ൽ ഒരാളും അണ്ടർ 17 കേരള സ്കൂൾ ടീമിൽ ഒമ്പതും അണ്ടർ 19 കേരള സ്കൂൾ ടീമിൽ അഞ്ചും താരങ്ങൾ കണ്ണൂരിന്റേതാണ്. ‘സാഫി’ൽ മാറ്റുരച്ച അണ്ടർ 17 ദേശീയ ടീമിൽ നാലുപേരും അണ്ടർ 19ൽ ഒരാളും കണ്ണൂർ സ്കൂളിന്റെ സംഭാവനയാണ്. തിരുവനന്തപുരം ജി.വി. രാജ സ്കൂളിലും സ്പോർട്സ് കൗൺസിലിന്റെ എറണാകുളം പനമ്പിള്ളി നഗറിലെ ഹോസ്റ്റലിലും പെൺകുട്ടികൾക്ക് ഫുട്ബാൾ പരിശീലനത്തിന് മികച്ച സൗകര്യമുണ്ട്. തിരുവനന്തപുരം അയ്യങ്കാളി സ്മാരക സ്പോർട്സ് സ്കൂളിൽ എസ്.സി/ എസ്.ടി പെൺകുട്ടികൾക്ക് പരിശീലനത്തിന് സൗകര്യമുണ്ടെന്നും കെ.എം. രാജേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.