സ്വപ്ന പോരാട്ടങ്ങൾക്ക് ലുസൈൽ പൂർണ സജ്ജം
text_fieldsദോഹ: ലോകം കാത്തിരിക്കുന്ന ആഗോള കായിക മാമാങ്കത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വേദികളിലൊന്നായ ലുസൈൽ സ്റ്റേഡിയം ടൂർണമെന്റിനായി 100 ശതമാനം സജ്ജമാണെന്ന് സ്റ്റേഡിയം പ്രോജക്ട് മാനേജർ തമീം അൽ ആബിദ് അറിയിച്ചു. വേദിയിലെ എല്ലാ സൗകര്യങ്ങളും പൂർത്തിയായെന്ന് സ്ഥിരീകരിക്കുന്നതിനായുള്ള എല്ലാ അനുമതികളും നേടിക്കഴിഞ്ഞു. സിവിൽ ഡിഫൻസിന്റെ അനുമതി കഴിഞ്ഞവർഷം ഡിസംബറിലും സെക്യൂരിറ്റി സിസ്റ്റം ഡിപ്പാർട്മെന്റിന്റെ അനുമതി ജൂലൈ മാസത്തിലും ലഭിച്ചു. കെട്ടിടം പൂർത്തിയാക്കിയതിന്റെ അനുമതിയും ബന്ധപ്പെട്ട വിഭാഗത്തിൽനിന്ന് ലഭിച്ചു. 60 ദശലക്ഷം മണിക്കൂർ പ്രവൃത്തിക്കൊടുവിലാണ് ലുസൈൽ സ്റ്റേഡിയം പൂർത്തിയാക്കിയതെന്ന് തമീം അൽ ആബിദ് വ്യക്തമാക്കി. ഖത്തർ വാർത്ത ഏജൻസിക്ക് (ക്യു.എൻ.എ) നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, സ്റ്റേഡിയത്തിന് സമീപത്തായുള്ള ലോജിസ്റ്റിക് പ്രവൃത്തി, ആരാധർക്കായുള്ള സേവനങ്ങൾ, പ്രഥമ ശുശ്രൂഷ സേവനങ്ങൾ, ടിക്കറ്റ് കൗണ്ടർ തുടങ്ങിയവയുടെ നിർമാണ പ്രവൃത്തി പുരോഗമിക്കുകയാണെന്നും ടൂർണമെന്റിന് രണ്ടുമാസം മുമ്പായി ഇതെല്ലാം പൂർത്തിയാകുമെന്നും അവസാന മിനുക്കുപണികൾ നടന്നുവരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകകപ്പ് കലാശപ്പോരിന് വേദിയാകുന്ന ലുസൈൽ സ്റ്റേഡിയം മറ്റു വേദികളിൽ നിന്നും മുമ്പ് നടന്ന ലോകകപ്പുകൾക്ക് വേദിയായ സ്റ്റേഡിയങ്ങളിൽനിന്നും തീർത്തും വ്യത്യസ്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി വെല്ലുവിളികൾ മറികടന്നാണ് സ്റ്റേഡിയം നിർമാണം പൂർത്തിയാക്കിയത്. ലോകകപ്പ് ഫൈനൽ ദിവസം ലോകം ഉറ്റുനോക്കുന്ന വേദിയായിരിക്കുമിതെന്നും തമീം ആബിദ് വ്യക്തമാക്കി.
മറ്റു ലോകകപ്പ് മത്സരങ്ങൾക്ക് വേദിയായ സ്റ്റേഡിയങ്ങളിൽനിന്നും ലുസൈൽ സ്റ്റേഡിയത്തിനുള്ള പ്രധാന സവിശേഷത, ഫിഫ മാനദണ്ഡങ്ങൾക്കനുസൃതമായി ലോകകപ്പിന് വേണ്ടിമാത്രം നിർമാണം പൂർത്തിയാക്കിയ വേദിയാണ് എന്നതാണ്. വളരെ അപൂർവമായാണ് ഇത് സംഭവിക്കുക. മുൻ ലോകകപ്പുകളുടെ വേദികളിലധികവും 100 വർഷത്തിലേറെ പഴക്കമുള്ളവയായിരുന്നു. സെപ്റ്റംബർ ഒമ്പതിന് ഈജിപ്ഷ്യൻ, സൗദി ലീഗ് ചാമ്പ്യന്മാർ തമ്മിലുള്ള ലുസൈൽ സൂപ്പർ കപ്പ് പോരാട്ടത്തിന് സ്റ്റേഡിയം വേദിയാവുകയാണ്. സ്റ്റേഡിയം അതിന്റെ പൂർണശേഷിയിൽ ആരാധകരെ സ്വീകരിക്കും. 80000 ആരാധകരെയാണ് സൂപ്പർ കപ്പിനായി പ്രതീക്ഷിക്കുന്നത്. ഇത്തരമൊരു മത്സരത്തിന് വേദിയാവുകയെന്നത് സ്റ്റേഡിയത്തെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ്. കഴിഞ്ഞയാഴ്ച ഖത്തർ സ്റ്റാർസ് ലീഗ് മത്സരത്തിലൂടെ സ്റ്റേഡിയം ആദ്യ മത്സരത്തിന് വേദിയായിരുന്നു.
സ്റ്റേഡിയത്തിലെ കൂളിങ് സംവിധാനം, ടെലിവിഷൻ ബ്രോഡ്കാസ്റ്റിങ് സംവിധാനം തുടങ്ങിയവയുൾപ്പെടെയുള്ളവയുടെ പരിശോധനയും വെരിഫിക്കേഷൻ പ്രവൃത്തിയും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തുടർച്ചയായ അകറ്റുപ്പണികൾ അതിനാവശ്യമാണ്.റ്റേഡിയത്തിലേക്കുള്ള പൊതു ഗതാഗത സംവിധാനം കുറ്റമറ്റതാക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്. സുപ്രീം കമ്മിറ്റി, വിവിധ മന്ത്രാലയങ്ങൾ, മറ്റു സർക്കാർ ഏജൻസികൾ സംയുക്തമായാണ് ഇത് നടപ്പാക്കുന്നത്. സ്റ്റേഡിയത്തിന് സമീപത്തുതന്നെ കൂറ്റൻ പാർക്കിങ് കേന്ദ്രത്തിന്റെ നിർമാണവും നടക്കുകയാണ്. സ്റ്റേഡിയം സെക്യൂരിറ്റി പോയൻറിൽ നിന്നും മെട്രോ സ്റ്റേഷനിലേക്ക് 600 മീറ്റർ മാത്രമാണ് ദൂരം-തമീം അൽ ആബിദ് വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.