ആൻഫീൽഡിൽ വരവറിയിച്ച് ലിവർപൂൾ; ബ്രെന്റ്ഫോർഡിനെതിരെ ജയം 2-0ന്
text_fieldsലണ്ടൻ: പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം കളിയിലും ആധികാരിക ജയവുമായി തുടക്കം ഗംഭീരമാക്കി ലിവർപൂൾ. ഇരുപകുതികളിലായി ലൂയിസ് ഡയസും മുഹമ്മദ് സലാഹും നേടിയ ഗോളുകളിൽ ബ്രെന്റ്ഫോർഡിനെതിരെ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ചെമ്പടയുടെ വിജയം. 2022ൽ പോർട്ടോയിൽനിന്ന് കൂറുമാറിയെത്തി ക്ലബിനായി 100ാം മത്സരത്തിനിറങ്ങിയ ഡയസ് ആണ് ആദ്യം വല കുലുക്കിയത്. 13ാം മിനിറ്റിൽ ബ്രെന്റ്ഫോർഡിന് അനുകൂലമായി ലഭിച്ച കോർണർ കിക്കിൽനിന്നായിരുന്നു തുടക്കം.
ഇബ്രാഹിമ കൊനാട്ടെ ക്ലിയർ ചെയ്ത പന്ത് മുഹമ്മദ് സലാഹിൽനിന്ന് ഡിയോഗോ ജോട്ട കാലിൽ സ്വീകരിച്ച് നടത്തിയ അതിവേഗ കുതിപ്പാണ് ഗോളിന് വഴിയൊരുക്കിയത്.
ബ്രെന്റ്ഫോർഡ് പ്രതിരോധനിര പിറകിലായത് അവസരമാക്കി നടത്തിയ ഓട്ടത്തിനൊടുവിൽ കൈമാറിക്കിട്ടിയ ഡയസ് കിടിലൻ ഷോട്ടിൽ ഗോളിയെ കീഴടക്കുകയായിരുന്നു. പിന്നെയും എതിർ ഗോൾമുഖം വിറപ്പിച്ച് ചെമ്പട പലവട്ടം ഗോളവസരങ്ങൾ തുറന്നെങ്കിലും ബ്രെന്റ്ഫോർഡ് ഗോളി മാർക്ക് ഫ്ലെക്കൻ രക്ഷകനായി.
മറുവശത്ത്, അലിസണും ഉജ്ജ്വല ഫോമിലായിരുന്നു. 70ാം മിനിറ്റിലായിരുന്നു സലാഹിന്റെ ഗോൾ എത്തുന്നത്. ഗോളിയെ നിഷ്പ്രഭനാക്കി ഇടംകാലുകൊണ്ട് പതിയെ തട്ടിയിട്ടാണ് ഒമ്പതാം സീസൺ കളിക്കുന്ന താരം വല കുലുക്കിയത്.
രണ്ടു കളികളിൽ സലാഹിനിത് രണ്ടാം ഗോളാണ്. അടുത്തയാഴ്ച മാഞ്ചസ്റ്റർ യുനൈറ്റഡിനെതിരെയാണ് മത്സരമെന്നിരിക്കെ ആദ്യ രണ്ടും ജയിച്ച ലിവർപൂളിന് ആത്മവിശ്വാസം കൂടും. ക്ലോപ്പിന്റെ പിൻഗാമി പരിശീലകൻ ആർനെ സ്ലോട്ടിന് ആൻഫീൽഡിൽ ആദ്യ മത്സരം കൂടിയാണിതെന്ന പ്രത്യേകത കൂടിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.