സുവാറസ് ബ്രസീലിയൻ ക്ലബുമായുള്ള കരാർ റദ്ദാക്കും; എന്നാലും ഉടൻ മെസ്സിക്കൊപ്പം കളിക്കാൻ കഴിയില്ല
text_fieldsറയോ ഡി ജനീറോ: ഉറുഗ്വെയുടെ സൂപ്പർ സ്ട്രൈക്കർ ലൂയി സുവാറസ് ബ്രസീലിയൻ ക്ലബുമായുള്ള കരാർ പാതിവഴിയിൽ റദ്ദാക്കും. തന്റെ ഉറ്റസുഹൃത്തും ഇതിഹാസ താരവുമായ ലയണൽ മെസ്സിക്കൊപ്പം ഇന്റർ മയാമി ക്ലബിൽ പന്തുതട്ടുന്നതിനായാണ് ഗ്രീമിയോയുമായി കരാർ റദ്ദാക്കുന്നത്. താരവും ക്ലബും ഇക്കാര്യത്തിൽ കഴിഞ്ഞ ദിവസം ധാരണയിലെത്തി.
എന്നാൽ, മെസ്സിക്കൊപ്പം കളിക്കാൻ സുവാറസ് ഇനിയുമേറെ ദിവസങ്ങൾ കാത്തിരിക്കേണ്ടിവരും. 2024 അവസാനം വരെ ഗ്രീമിയോയുമായി കരാറിലേർപ്പെട്ടിരുന്ന താരത്തിന് പാതിവഴിയിൽ ക്ലബുമായി പിരിയാൻ ധാരണയിലെത്താനായെങ്കിലും ഈ വർഷം ഡിസംബർ വരെ ബ്രസീലിൽ തുടരണം. അതിനാൽ, സുവാറസിന് ഉടൻ ഇന്റർ മയാമിക്കൊപ്പം ചേരാനാകില്ല.
ക്ലബുമായി ധാരണയിലെത്തിയതനുസരിച്ച് ഡിസംബറിനുശേഷം ഫ്രീ ട്രാൻസ്ഫറിൽ ഉറുഗ്വെക്കാരന് ഏതു ക്ലബിലേക്കും കൂടുമാറാം. 2023 ജനുവരിയിലാണ് സുവാറസ് ഗ്രീമിയോയിലെത്തിയത്. താരത്തിന്റെ തന്നെ നിർദേശപ്രകാരമാണ് ക്ലബ് രണ്ടു വർഷത്തെ കരാറിൽ ഒപ്പുവെച്ചത്. എന്നാൽ, മെസ്സി ഇന്റർമയാമിയിലേക്ക് മാറിയതോടെ സുവാറസിന്റെയും മനം മാറുകയായിരുന്നു.
ഗ്രീമിയോയിൽ മികച്ച ഫോമിലാണ് ഈ 36 കാരൻ. പരിക്കിന്റെ പ്രശ്നങ്ങൾക്കിടയിലും 32മത്സരങ്ങളിൽ 16 ഗോളും ഒമ്പത് അസിസ്റ്റും നേടിയ സുവാറസ് ലീഗിലെ ഗോൾവേട്ടക്കാരിൽ മുൻനിരയിലാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.