സുവാരസ് ഇനി മെസ്സിക്കൊപ്പം പന്തുതട്ടും; യുറുഗ്വായ് താരം ഇന്‍റർമിയാമിയുമായി ധാരണയിലെത്തി
text_fieldsയുറുഗ്വായ് സൂപ്പർതാരം ലൂയിസ് സുവാരസ് ബാഴ്സലോണയിലെ സഹതാരമായിരുന്ന ലയണൽ മെസ്സിക്കൊപ്പം കളിക്കും. മുൻ ഇംഗ്ലീഷ് ഇതിഹാസതാരം ഡേവിഡ് ബെക്കാമിന്‍റെ ഉടമസ്ഥതയിലുള്ള മേജർ സോക്കർ ലീഗ് ക്ലബ് ഇന്റർമിയാമിയുമായി സുവാരസ് ധാരണയിലെത്തി.
ഒരുവർഷത്തേക്കാണ് കരാർ. വേണമെങ്കിൽ കരാർ ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിക്കാനുള്ള അവസരവും താരത്തിന് ലഭിക്കും. സ്പാനിഷ് ക്ലബ് ബാഴ്‌സയിലെ തന്റെ പഴയ സഹതാരത്തിനൊപ്പം വീണ്ടും കളിക്കാനുള്ള അവസരമാണ് സുവാരസിന് ലഭിക്കുന്നത്. മെസ്സിയുടെയും ബെക്കാമിന്‍റെയും ഇടപെടലാണ് നിർണായകമായത്. ബാഴ്സയിൽനിന്നു മെസ്സിക്ക് പിന്നാലെ സെര്‍ജിയോ ബുസ്‌ക്വറ്റ്‌സും ജോഡി അല്‍ബയും ഇന്റർമിയാമിയിൽ ചേർന്നിരുന്നു. നിലവിൽ ബ്രസീൽ ക്ലബായ ഗ്രമിയോയുടെ താരമാണ് സുവാരസ്.
ഈ സീസണില്‍ ഗ്രമിയോയില്‍ എത്തിയ സുവാരസ് 33 മത്സരങ്ങളിൽനിന്ന് 17 ഗോളുകൾ നേടുകയും 12 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. ഇന്റർമിയാമി ക്ലബും യുറുഗ്വായ് മുന്നേറ്റതാരവും തമ്മിൽ വാക്കാൽ ധാരണയിലെത്തിയെന്ന് പ്രമുഖ സ്പോർട്സ് ജേർണലിസ്റ്റായ ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. ഉടൻ തന്നെ ഔദ്യോഗികമായി കരാർ ഒപ്പിടും. കരാർ തുകയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. സുവാരസിനെ ക്ലബിലെത്തിക്കാൻ മിയാമി ഏറെനാളായി നീക്കം നടത്തുന്നുണ്ട്.
ബാഴ്സയിൽ മെസ്സിയും സുവാരസും ആറ് സീസണുകളില്‍ ഒരുമിച്ചു കളിച്ചിട്ടുണ്ട്. 258 മത്സരങ്ങളാണ് ഇരുവരും കളിച്ചത്. 2021ല്‍ സുവാരസ് അത്ലലറ്റികോ മഡ്രിഡിലേക്കും മെസ്സി ഫ്രഞ്ച് വമ്പന്മാരായ പി.എസ്.ജിയിലേക്കും കൂടുമാറി. പിന്നാലെ സുവാരസ് ബ്രസീൽ ക്ലബിലും മെസ്സി മിയാമിയിലുമെത്തി. അരങ്ങേറ്റ സീസണില്‍ തന്നെ മിയാമിക്കായി 11 ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടി മെസ്സി മികച്ച പ്രകടനം കാഴ്ചവെച്ചു. ക്ലബിന്റെ ചരിത്രത്തില്‍ ആദ്യമായി ലീഗ്സ് കപ്പ് കിരീടം മെസ്സിയുടെ കീഴില്‍ നേടാനും സാധിച്ചു.
ഗ്രമിയോയിൽ സുവാരസും തകർപ്പൻ പ്രകടനമാണ് പുറത്തെടുക്കുന്നത്. ലിവർപൂൾ, അജാക്സ് ക്ലബുകൾക്കുവേണ്ടിയും സുവാരസ് കളിച്ചിട്ടുണ്ട്. താരത്തിന്‍റെ വരവ് ക്ലബിന് കരുത്താകുമെന്ന പ്രതീക്ഷയിലാണ് ബെക്കാം ഉൾപ്പെടെയുള്ള ക്ലബ് ഉടമകളും ആരാധകരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.