ഇറ്റാലിയൻ ലീഗിൽ വീണ്ടും വംശീയാധിക്ഷേപ കൊടുങ്കാറ്റ്
text_fieldsറോം: കാൽപന്തുകളത്തിൽ വംശീയാധിക്ഷേപത്തിന് കുപ്രസിദ്ധിയാർജിച്ച ഇറ്റാലിയൻ ഫുട്ബാളിൽ വീണ്ടും കറുത്ത വർഗക്കാരനായ കളിക്കാരന് തെറിവിളി. എതിർ ടീമിന്റെ ആരാധകരുടെ വംശീയാധിക്ഷേപത്തിന് ഗോൾനേട്ടത്തിനുശേഷം പ്രത്യേക ആഘോഷത്തിലൂടെ പ്രതികരിച്ച താരത്തിന് റഫറിയുടെ വകയും ശിക്ഷ. രണ്ടാം മഞ്ഞക്കാർഡും ചുവപ്പുകാർഡും വീശിയാണ് റഫറി താരത്തെ പുറത്താക്കിയത്.
മുമ്പും പലതവണ വംശീയാധിക്ഷേപത്തിന് ഇരയായിട്ടുള്ള ബെൽജിയം താരം റൊമേലു ലുകാകുവിനാണ് കഴിഞ്ഞദിവസം വീണ്ടും അധിക്ഷേപമേറ്റത്. ഇന്റർ മിലാന്റെ താരമായ ലുകാകു യുവന്റസിനെതിരൊയ ഇറ്റാലിയൻ കപ്പ് സെമി ഫൈനൽ മത്സരത്തിൽ എതിർ ടീം ആരാധകരുടെ നിരന്തര വംശീയാധിക്ഷേപത്തിന് ഇരയാവുകയായിരുന്നു. ഒടുവിൽ സഹികെട്ട ലുകാകു പെനാൽറ്റിയിലൂടെ ടീമിന്റെ സമനില ഗോൾ നേടിയപ്പോൾ വലതു കൈ തലക്കുനേരെയും ഇടതുകൈ ചുണ്ടിനോടു ചേർത്തും കാണികളോട് ആംഗ്യം കാണിച്ചു. ഇതോടെ റഫറി താരത്തിന് രണ്ടാം മഞ്ഞക്കാർഡും ചുവപ്പുകാർഡും കാണിക്കുകയായിരുന്നു. ചുവപ്പുകാർഡിന്റെ സ്വാഭാവിക പരിണതിയായ ഒരു മത്സരത്തിലെ സസ്പെൻഷനും ലുകാകുവിനുണ്ടാവും.
ഇതിനുശേഷം ഇരുടീമുകളും തമ്മിലുണ്ടായ കശപിശയിൽ ഇൻറർ ക്യാപ്റ്റനും ഗോളിയുമായ സാമിർ ഹൻഡനാവോചിനും യുവെ മിഡ്ഫീൽഡർ യുവാൻ ക്വഡ്രാർഡോക്കും ചുവപ്പുകാർഡ് കിട്ടി.
ലുകാകുവിന് ചുവപ്പുകാർഡ് കാണിച്ചതിനെതിരെ ഇന്റർ മിലാൻ ക്ലബ് ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്. വംശീയാധിക്ഷേപത്തിനിരയായ കളിക്കാരനെ സംരക്ഷിക്കേണ്ടതിനുപകരം ശിക്ഷിക്കുന്ന രീതി അപലപനീയമാണെന്ന് ക്ലബ് പ്രസ്താവനയിൽ പറഞ്ഞു. മറ്റു കോണുകളിൽനിന്നും ഇതിനെതിരെ പ്രതിഷേധമുയരുന്നുണ്ട്.
ആരാധകരുടെ അതിരുവിട്ട പെരുമാറ്റത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് യുവന്റസും പ്രഖ്യാപിച്ചിട്ടുണ്ട്. ലുകാകുവിനെതിരെ വംശീയാധിക്ഷേപം നടത്തിയവരെ കണ്ടെത്തി നിയമനടപടിക്ക് വിധേയമാക്കുമെന്ന് ക്ലബ് അറിയിച്ചു. അടുത്ത കളിയിൽ യുവന്റസിന്റെ സ്റ്റേഡിയത്തിലെ 5,000 പേർക്ക് ഇരിക്കാവുന്ന സൗത്ത് സ്റ്റാൻഡ് ഒഴിച്ചിടുമെന്ന് ക്ലബ് വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.