ഖത്തർ ലോകകപ്പ് ഫൈനൽ വേദിയിൽ കളിമുറ്റമൊരുങ്ങി; ടർഫ് വിരിച്ച് ലുസൈൽ കാത്തിരിക്കുന്നു
text_fieldsദോഹ: സ്വർണക്കൂടുപോലെ ആരെയും കൊതിപ്പിക്കുന്ന ലുസൈൽ സ്റ്റേഡിയം പച്ചപ്പണിഞ്ഞ് കാത്തിരിക്കുന്നു. ഈ പുല്ലിലാണ് 2022 ഡിസംബർ 18ന് പുതിയ വിശ്വചാമ്പ്യന്മാർ പിറക്കുന്നത്. ഇവിടെ ജയിക്കുന്നവരെ തോളിലേറ്റാനാണ് ലോകം കാത്തിരിക്കുന്നത്. അവരെ വരവേൽക്കാനായി ലുസൈലിലെ കളിമുറ്റം പച്ചപ്പണിഞ്ഞു കഴിഞ്ഞു. സ്റ്റേഡിയം നിർമാണത്തിലെ അതിപ്രധാനമായ ടർഫ് വിരിക്കൽ പൂർത്തിയായതായി ലോകകപ്പിെൻറ സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു.
ലോകകപ്പ് ചരിത്രത്തിലെ തന്നെ അത്ഭുത നിർമാണമായി വിശേഷിപ്പിക്കുന്ന സ്റ്റേഡിയത്തിെൻറ ജോലിയെല്ലാം ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു. ഏതാനും മിനുക്കുപണികൾ കൂടി കഴിയുന്നതോടെ ഫിഫ ലോകകപ്പിെൻറ കലാശപ്പോരാട്ട വേദി മത്സര സജ്ജമാവും.
അതോടെ, ലോകകപ്പിെൻറ എട്ടു വേദികളും തയാറായി കഴിയും. നിലവിൽ അഞ്ച് സ്റ്റേഡിയങ്ങളാണ് ജോലികളെല്ലാം പൂർത്തിയായി കിക്കോഫ് വിസിലിനായി കാത്തിരിക്കുന്നത്.
ഖലീഫ ഇൻറർനാഷനൽ സ്റ്റേഡിയം, അൽ ജനൂബ്, എജുക്കേഷൻ സിറ്റി, അഹമ്മദ് ബിൻ അലി, അൽ ബെയ്ത് എന്നിവ നിർമാണം കഴിഞ്ഞ് കാത്തിരിപ്പിലാണ്. ആറാമത്തെ വേദിയായ അൽ തുമാമ സ്റ്റേഡിയം ഒട്ടുമിക്ക ജോലികളും കഴിഞ്ഞ് ഒക്ടോബർ 22ന് അമീർ കപ്പ് ഫൈനലോടെ ഉദ്ഘാടനം ചെയ്യപ്പെടും.
ഏഴാമത്തെ വേദിയായ റാസ് അബൂഅബൂദിൽ അറബ് കപ്പിലൂടെയും പന്തുരുണ്ട് തുടങ്ങും.16 ടീമുകൾ മത്സരിക്കുന്ന അറബ് കപ്പിന് നവംബർ 30നാണ് കിക്കോഫ്. ഫൈനൽ ഡിസംബർ 18നും.80,000 പേർക്ക് ഇരിപ്പിട സൗകര്യവുമായി ഒരുങ്ങുന്ന ലുസൈലിൽ 2022ലാവും ആദ്യ മത്സരം നടക്കുന്നത്. ലോകകപ്പിൽ ഡിസംബർ 18ന് നടക്കുന്ന ഫൈനൽ ഉൾപ്പെടെ 10 മത്സരങ്ങൾക്ക് ഇവിടം വേദിയാവും. ബ്രിട്ടീഷ് കമ്പനിയായ ഫോസ്റ്റർ പാർട്ണേഴ്സാണ് സ്റ്റേഡിയം രൂപകൽപന ചെയ്തത്.
അറബ് പാരമ്പര്യമായ റാന്തൽ വിളക്കിെൻറ വെളിച്ചവും നിഴലും സ്റ്റേഡിയം രൂപകൽപനയിൽ മാതൃകയായി. ചിരപുരാതനമായ അറബ് കലാരൂപങ്ങളും പാത്രങ്ങളും യാനങ്ങളുമെല്ലാം ലുസൈലിെൻറ നിർമാണ ഭംഗിയിലേക്ക് പകർത്തിയാണ് വാസ്തുശിൽപകർ അസാമാന്യമായ സൃഷ്ടിയൊരുക്കിയത്. ഖത്തർ ലോകകപ്പിലെ ഏറ്റവും വലിയ സ്റ്റേഡിയം കൂടിയാണിത്. ചൈനീസ് റെയിൽവേ കൺസ്ട്രക്ക്ഷൻ കോർപറേഷനാണ് നിർമാണ ചുമതല. 2017ലായിരുന്നു സ്റ്റേഡിയം നിർമാണത്തിന് തുടക്കം കുറിച്ചത്.
ലോകകപ്പിനുശേഷം, സ്റ്റേഡിയത്തിെൻറ ഇരിപ്പിടശേഷി 20,000ത്തിലേക്ക് ചുരുക്കുമെന്ന് സംഘാടകർ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇവിടെനിന്നും പറിച്ചെടുക്കുന്ന 60,000ത്തോളം സീറ്റുകളും മറ്റും ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ കളിയിടങ്ങൾ മുതൽ ആരോഗ്യ കേന്ദ്രങ്ങൾ, സ്കൂളുകൾ എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളായി മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.