മാജിക് തുടർന്ന് സാബിയുടെ സംഘം; വമ്പൻ ജയത്തോടെ ലെവർകുസൻ ജർമൻ കപ്പ് ഫൈനലിൽ
text_fieldsതോൽവിയറിയാത്ത തുടർച്ചയായ 40 മത്സരങ്ങൾ പൂർത്തിയാക്കി സാബി അലോൻസോയുടെ ശിക്ഷണത്തിലുള്ള ബയേർ ലെവർകുസൻ വമ്പൻ ജയവുമായി ജർമൻ കപ്പ് ഫൈനലിൽ. സെമിഫൈനലിൽ ഫോർച്യുന ഡസൽഡോർഫിനെ എതിരില്ലാത്ത നാല് ഗോളിന് കീഴടക്കിയാണ് കലാശപ്പോരിലേക്ക് മുന്നേറിയത്. ബുണ്ടസ് ലീഗയിൽ 13 പോയന്റ് ലീഡുമായി കിരീടത്തിലേക്ക് കുതിക്കുന്ന ലെവർകുസന് അപൂർവ ഡബിളിനുള്ള അവസരമാണ് ഇതോടെ വന്നെത്തിയത്. മേയ് 25ന് ബെർലിനിലെ ഒളിമ്പിയ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ കൈസർസ്ലോറ്റേൺ ആണ് എതിരാളികൾ.
ഫോർച്യുനക്കെതിരായ മത്സരത്തിൽ ഏഴാം മിനിറ്റിൽ തന്നെ ജെറമി ഫ്രിംപോങ്ങിലൂടെ ലെവർകുസൻ ലീഡെടുത്തു. എതിർതാരത്തിന്റെ കാൽതട്ടിയെത്തിയ പന്ത് ഫ്രിംപോങ് തകർപ്പൻ ഷോട്ടിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 20ാം മിനിറ്റിൽ ലെവർകുസൻ താരങ്ങളുടെ കൂട്ടായ മുന്നേറ്റത്തിനൊടുവിൽ േഫ്ലാറിയൻ വിർട്സ് നൽകിയ പാസ് അമീൻ അഡ്‍ലി ഫിനിഷ് ചെയ്തതോടെ സ്കോർ 2-0ത്തിലെത്തി. 35ാം മിനിറ്റിൽ മൂന്നാം ഗോളുമെത്തി. എതിർ ഗോൾകീപ്പറുടെ മിസ്പാസ് പിടിച്ചെടുത്ത ലെവർകുസൻ അമീൻ അഡ്‍ലിയുടെ പാസിൽ േഫ്ലാറിയൻ വിർട്സിലൂടെ വല കുലുക്കുകയായിരുന്നു. ആദ്യപകുതിയുടെ അവസാന ഘട്ടത്തിൽ ഫോർച്യുന ക്യാപ്റ്റൻ ഹോഫ്മാന്റെ ഷോട്ട് ലെവർകുസൻ ഗോൾകീപ്പറും വിർട്സിന്റെ ശ്രമം ഫോർച്യുന ഗോൾകീപ്പറും പരാജയപ്പെടുത്തി.
രണ്ടാംപകുതിയുടെ തുടക്കത്തിലും ഫോർച്യുന ഗോളിനടുത്തെത്തിയെങ്കിലും ഗോൾകീപ്പറെ കീഴടക്കാനായില്ല. 60ാം മിനിറ്റിൽ പാട്രിക് ഷിക്കിന്റെ ഹെഡർ ബോക്സിൽ എതിർ താരത്തിന്റെ കൈയിൽ തട്ടിയതിന് റഫറി പെനാൽറ്റിയിലേക്ക് വിസിലൂതിയപ്പോൾ കിക്കെടുത്ത േഫ്ലാറിയൻ വിർട്സിന് പിഴച്ചില്ല. അവസാന ഘട്ടത്തിൽ ഇരുനിരക്കും ഗോളവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾകീപ്പർമാർ വഴങ്ങിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.