Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമായക്കാഴ്ചകളുമായി...

മായക്കാഴ്ചകളുമായി മാന്ത്രിക മഗ്യാറുകൾ

text_fields
bookmark_border
മായക്കാഴ്ചകളുമായി മാന്ത്രിക മഗ്യാറുകൾ
cancel
camera_alt

വെസ്റ്റ്​ ജർമൻ ക്യാപ്​റ്റൻ ഫ്രിറ്റ്​സ്​ വാൾട്ടറും ഹംഗറി ക്യാപ്​റ്റൻ ഫെറങ്ക്​ പുഷ്കാസും ഹസ്തദാനം ചെയ്യുന്നു

1953 നവംബർ 25ലെ സായാഹ്നം. വെംബ്ലിയിലെ പുൽമൈതാനത്ത് സമയം അഞ്ചുമണി കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളൂ. മൈതാനത്ത് 'നൂറ്റാണ്ടിന്റെ മത്സര'ത്തിന് പന്തുരുണ്ടുതുടങ്ങിയിരുന്നു. ഗാലറിയിൽ ഇംഗ്ലണ്ടിനുവേണ്ടി ആർത്തുവിളിച്ച് 105,000 പേർ. വലതു വിങ്ങിൽനിന്ന് സോൾട്ടാൻ സിബോറിന്റെ താഴ്ന്നുപറന്നിറങ്ങിയ ക്രോസ് സ്വീകരിക്കുന്നു, ഫെറങ്ക് പുഷ്കാസ്. മുടി പറ്റെ പിന്നിലേക്ക് ചീകി, ഓക്കുമരത്തടി പോലെ ദൃഢമായ കാൽവണ്ണകളുമായി ഒരു ഇറ്റാലിയൻ മാഫിയ തലവനേപ്പോലെ തോന്നിക്കുന്നു മൈതാനത്ത് അയാൾ.

പന്ത് പുഷ്കാസിലേക്കെത്തേണ്ട താമസം ഇംഗ്ലണ്ടിന്റെ മാത്രമല്ല, അക്കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും കേമനായ പ്രതിരോധ നിരക്കാരൻ ബില്ലി റൈറ്റിന് അപകടം മണക്കുന്നു. ഇംഗ്ലണ്ട് നായകൻ കൂടിയായ ബില്ലി മുന്നോട്ടാഞ്ഞ് അയാളെ തടയാനെത്തുന്നു. ആദ്യം കൺപാർക്കുന്ന മാത്രയിൽ ഒരു ഫുട്ബാളർക്കുള്ളതിനേക്കാൾ അമിതഭാരം തോന്നിക്കുന്ന പുഷ്കാസിന്റെ കഴിവുകൾ പന്ത് അയാളിലേക്കുന്ന മാത്രയിൽ മാത്രമേ വെളിപ്പെട്ടിരുന്നുള്ളൂ. പട്ടുപോലെ മൃദുലമായി അയാളുടെ ഇടങ്കാൽ പന്തിനെ കൈകാര്യം ചെയ്യുന്നത് മൈതാനത്തെ മാന്ത്രികതയായിരുന്നു.


ബില്ലി തടയാനെത്തിയ നേരത്ത്, ആ മാജിക് അതിന്റെ പാരമ്യത്തിൽ പുഷ്കാസ് വെംബ്ലിയിൽ പുറത്തെടുത്തു.ഇടങ്കാലുകൊണ്ട് പന്തിനെയൊന്ന് അമ്മാനമാടിയപ്പോൾ തടയാനെത്തിയ ബില്ലിയുടെ പ്രതിരോധനീക്കം പരിഹാസ്യവും വിഫലവുമായി എതിർ ദിശയിലേക്ക്. ഗാലറിയും ഇംഗ്ലണ്ട് നായകനും അന്തിച്ചുനിൽക്കെ, ഒരു ബാലെ നർത്തകന്റെ മെയ്വഴക്കം കടമെടുത്ത് അയാൾ ഒറ്റക്കാലിലൊന്ന് തിരിഞ്ഞു. ഇടിമുഴക്കം കണക്കെയൊരു ഷോട്ട്. പന്ത് വലയുടെ മോന്തായത്തിലേക്ക് പാഞ്ഞുകയറുമ്പോൾ വെംബ്ലി അന്തം വിട്ടുപോയി. കളി കണ്ടുപിടിച്ചവരെന്ന ഖ്യാതിയുമായി സ്വന്തം മണ്ണിൽ കളിക്കാനിറങ്ങിയ ഇംഗ്ലണ്ട് നിലംപരിശായത് 6-3ന്.

മാജിക്കൽ മഗ്യാറുകളെക്കുറിച്ചുതന്നെയാണ് പറഞ്ഞുവരുന്നത്. 1950കളിൽ ഹംഗറിയിൽനിന്ന് പൊട്ടിപ്പുറപ്പെട്ട് ലോകഫുട്ബാളിനെയാകെ വരിഞ്ഞുമുറുക്കിയ ചുഴലിക്കാറ്റിനെക്കുറിച്ച്. ആഗ്നേയാസ്ത്രങ്ങൾ നിറഞ്ഞ ആ ആവനാഴിയിൽനിന്നുള്ള ശരങ്ങളേറ്റ് മുറിവുപറ്റാത്തവരുണ്ടായിരുന്നില്ല അക്കാലത്തെ കളിയരങ്ങിൽ. പക്ഷേ, 'ബേണിലെ മഹാദ്ഭുത'ത്തിൽ അവരുടെ എല്ലാ ആയുധങ്ങളും നിർവീര്യമായിപ്പോയ കഥ മാത്രം ചരിത്രത്താളുകളുടെ തലക്കെട്ടിൽ നിറഞ്ഞു.

ഫൈനലിൽ ഇരട്ട ഗോൾ നേടിയ ഹെൽമട്ട്​ റാൻ

മഗ്യാറുകളുടെ വീരേതിഹാസങ്ങൾ പാടുമ്പോഴും കൈയെത്തുംദൂരെ കൈവിട്ടുപോയ ആ കിരീടം അന്നുമുതലിന്നുവരെ നൈരാശ്യത്തിന്റെ പെനാൽറ്റി ബോക്സിൽ അവരെ തളച്ചിട്ടുകളഞ്ഞു. ഒരൊറ്റ തോൽവി-ഒരു ജനതക്ക് തലമുറകളോളം ഉയിർത്തെഴുന്നേൽക്കാനാവാതെ പോയ കഥയുടെ ഒറ്റവരിയായിരുന്നു അത്.

അവർ ഒരേപോലെ ചാട്ടുളിയെറിയാൻ കഴിയുന്ന അതിമിടുക്കന്മാരുടെ സംഘമായിരുന്നു. ഫെറങ്ക് പുഷ്കാസിന് ഇടംവലം നിൽക്കാൻ സാൻഡോർ കോക്സിസ്, നാൻഡോർ ഹിദേകുതി, സിബോർ, ജോസഫ് ബോസിക്, ഗ്യൂല ഗ്രോസിക്സ് തുടങ്ങി ഒന്നിനൊന്നു മികച്ച വമ്പൻമാരുടെ ആറാട്ടുപട. 'നൂറ്റാണ്ടിന്റെ കളി'യിൽ ഇംഗ്ലണ്ടിന്റെ വലയിൽ അരഡസൻ ഗോളുകൾ അടിച്ചുകയറ്റിയപ്പോൾ അതിൽ പകുതിയും ഹിദേകുതിയുടെ വകയായിരുന്നു.

1954ലെ സ്വിറ്റ്സർലൻഡ് ലോകകപ്പിൽ ഹംഗറിയുടെ സൂപ്പർ മഗ്യാറുകൾ മാത്രമായിരുന്നു ചിത്രത്തിൽ. നാലു വർഷത്തിനിടെ ഒരു മത്സരം പോലും തോൽക്കാത്ത ടീമിനെ സാധ്യതകളുടെ അമരത്തല്ലാതെ എവിടെ പ്രതിഷ്ഠിക്കാൻ!. ടൂർണമെന്റിന്റെ തുടക്കത്തിൽ ദക്ഷിണ കൊറിയക്കും പശ്ചിമ ജർമനിക്കുമെതിരെ അവർ അടിച്ചുകൂട്ടിയ ഗോളുകളുടെ വമ്പ് കണ്ട് ലോകം മറ്റൊരു വിധിയും പ്രതീക്ഷിച്ചിരുന്നില്ല- ഫൈനലിന്റെ അവസാന നാഴിക വരെയും. അവരുടെ പുതിയ കേളീശൈലി ഭൂമിയിലെ മുഴുവൻ കളിക്കമ്പക്കാരെയും അത്രമേൽ അതിശയ മുനമ്പിൽ നിർത്തിയിരുന്നു.

കളിയുടെ ഫോക്ലോറിനുമപ്പറുത്ത് അവർ എതിരാളികളെ വട്ടംകറക്കുന്ന പുതിയ കേളീശൈലിയുമായാണ് മൈതാനങ്ങളെ അടക്കിഭരിച്ചത്. യോഹാൻ ക്രൈഫിന്റെ 'ടോട്ടൽ ഫുട്ബാളും' ബാഴ്സലോണയുടെ 'ടികി ടാകയും' അനുഭവവേദ്യമാകുംമുമ്പ് അക്ഷരാർഥത്തിൽ മൈതാനങ്ങളെ തീപിടിപ്പിച്ച വിസ്മയശൈലി. അന്യഗ്രഹ ജീവികളെപ്പോലെ അവർ ഇഴനെയ്തു കയറിയപ്പോൾ തടുക്കാൻ ആർക്കുമായില്ല. 'മാച്ച് ഓഫ് ദ സെഞ്ച്വറി'യിൽ അവർ ഫുട്ബാളിന്റെ പ്രയോക്താക്കളെ തകർത്തുവിട്ട രീതികൾ കണ്ട് ലോകം മൂക്കത്തുവിരൽവെച്ചു. 1952ലെ ഹെൽസിങ്കി ഒളിമ്പിക്സിൽ യുഗോസ്ലാവിയയെ തകർത്ത് സ്വർണം നേടിയതോടെ മറ്റെല്ലാ ടീമുകളും അവരുടെ സ്കില്ലിനുമുമ്പിൽ വിസ്മയം കൂറി.

ലോകകപ്പിൽ പശ്ചിമ ജർമനിക്കെതിരെ ലീഗ് റൗണ്ടിൽ പരിക്കേറ്റ പുഷ്കാസിന് അടുത്ത രണ്ടു കളികളിൽ കളിക്കാനായില്ല. പക്ഷേ, പ്രതിഭകളുടെ ധാരാളിത്തമുള്ള ഹംഗറിക്കതൊരു ക്ഷീണമായിരുന്നില്ല. കോക്സിസും കൂട്ടുകാരും കളം നിറഞ്ഞപ്പോൾ ബ്രസീലിനെയും ഉറുഗ്വെയെയും തകർത്ത് അവർ കലാശക്കളിയിലെത്തി. ഫൈനലിൽ നേരത്തേ തങ്ങൾ 8-3ന് തകർത്ത പശ്ചിമ ജർമനി. വീണ്ടും പുഷ്കാസിന്റെ സാന്നിധ്യം. മഗ്യാറുകൾ പ്രവചനങ്ങൾക്കൊത്ത് തുടങ്ങിയപ്പോൾ ഹംഗറി 2-0ത്തിന് മുന്നിൽ. എന്നാൽ, എല്ലാ കണക്കുകൂട്ടലുകളും കാറ്റിൽ പറത്തി അവിശ്വസനീയമായി ജർമൻകാർ തിരിച്ചുവരുന്നതാണ് കണ്ടത്. അന്തിമ വിസിലിന് കേവലം ആറു മിനിറ്റ് ബാക്കിയിരിക്കെ കളിഗതിക്കെതിരെ ജർമനി വിജയഗോളും നേടി.

ഫുട്ബാളിന്റെ സംഭവ ബഹുലമായ ചരിത്രത്തിൽ ഒരു ടൂർണമെന്റിൽ ഒട്ടും കാവ്യനീതിയില്ലാതെ പോയ മത്സരഫലമായിരുന്നു അത്. 1950നും 1956നുമിടക്ക് ഹംഗറി തോറ്റ ഏക മത്സരം. 90 മിനിറ്റിന്റെ ആവേശക്കഥകളിൽ ലോകഫുട്ബാൾ ഇക്കാലത്തിനിടയിൽ കണ്ട ഏറ്റവും വലിയ മഹാദ്ഭുതം. മഗ്യാറുകളുടെ അസ്തമയത്തോടെ ഹംഗറിയും ഫുട്ബാളിന്റെ ഭൂപടങ്ങളിൽനിന്ന് മാഞ്ഞുപോകുന്ന സങ്കടക്കാഴ്ചകളായിരുന്നു പിന്നെ. ലോകകപ്പുകളിൽ യോഗ്യത നേടാൻ പോലും കഴിയാത്തവരായി മാറുന്ന പതിവു കഥകളിൽ വിങ്ങിനിൽക്കുമ്പോഴും അവർ അൽപമെങ്കിലും അഭിരമിക്കുന്നത് മഗ്യാറുകളുടെ വീരകഥകളിൽ മാത്രമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballengland
News Summary - Magical Magyars with illusions
Next Story