സിഫ് ഈസ്ടീ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ; മഹ്ജർ എഫ്.സിക്ക് മിന്നും വിജയം
text_fieldsജിദ്ദ: 20മത് സിഫ് ഈസ്ടീ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ടൂർണമെന്റിൽ കഴിഞ്ഞ തവണത്തെ എ ഡിവിഷൻ ജേതാക്കളായ ചാംസ് സബീൻ എഫ്.സിയെ മൂന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ച് പവർ ഹൗസ് മഹ്ജർ എഫ്.സി മിന്നും വിജയം നേടി. സന്തോഷ് ട്രോഫി, ഐ.എസ്.എൽ, ഐ ലീഗ് യൂനിവേഴ്സിറ്റി കളിക്കാരുടെ നീണ്ട നിര തന്നെ ഇരു ടീമുകളിലും അണിനിരന്നിരുന്നു. തുല്യ ശക്തികൾ തമ്മിലുള്ള ഇഞ്ചോടിഞ്ചു പോരാട്ടത്തിന് ജിദ്ദ വസീരിയ അൽ തആവുൻ സ്റ്റേഡിയത്തിൽ റെക്കോർഡ് ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു.
ആദ്യ പകുതിയുടെ ആദ്യ മിനിറ്റുകളിൽ രണ്ടു തവണ മഹ്ജർ എഫ്.സി ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി. സബീൻ എഫ്.സി ഗോൾ നേടിയെന്ന് തോന്നിച്ചുവെങ്കിലും ഒരു തവണ ഹൈ ബൈസിക്കിൾ കിക്കിലൂടെ മുഹമ്മദ് ജാസിമും രണ്ടാം തവണ ഗോൾ കീപ്പർ ശരത്തും അപകടമൊഴിവാക്കി. കളിയുടെ 17 ആം മിനുട്ടിൽ മഹ്ജർ എഫ്.സിക്ക് വേണ്ടി അഹമ്മദ് ഫൈസൽ ആദ്യ ഗോൾ നേടി. ഗോൾ വഴങ്ങിയതോടെ ഉണർന്നു കളിച്ച സബീൻ എഫ്.സിക്ക് ഏതാനും മിനിറ്റുകൾക്കുള്ളിൽ ലഭിച്ച തുറന്ന അവസരം പരിചയ സമ്പന്നനായ സുധീഷ് പാഴാക്കിയപ്പോൾ ആശ്വസിച്ച മഹ്ജർ എഫ്.സിക്കു പക്ഷെ ആ ആശ്വാസത്തിന് അൽപ്പായുസായിരുന്നു, കളിയുടെ 24 ആം മിനുട്ടിൽ അമീൻ കോട്ടകുത്തിലൂടെ സബീൻ എഫ്.സി സമനില നേടി. ഒന്നാം പകുതിക്ക് പിരിയുന്നതിനു മുമ്പ് സമാനത്തുൽ നസ്രീനിലൂടെ ഒരു ഗോൾ കൂടി നേടിയ സബീൻ 2-1 ലീഡെടുത്താണ് മടങ്ങിയത്.
രണ്ടാം പകുതിയിൽ മഹ്ജർ എഫ്.സിയുടെ ആക്രമണത്തിന് കൂടുതൽ മൂർച്ച കൈവന്നു, മഹ്ജർ ലീഡ് നേടിയേക്കുമെന്നു തോന്നിച്ച സമയത്ത് വിങ് ബാക്ക് ജാസിമിന്റെ തീർത്തും അശ്രദ്ധമായ കളിക്ക് മഹജ്ർ എഫ്.സി കനത്ത വില നൽകേണ്ടി വന്നു. ബോക്സിനു പുറത്തു കിട്ടിയ പന്ത് അനാവശ്യമായി വൈകിപ്പിച്ചും, അപകടരമായി ഡ്രിബിളിംഗിന് ശ്രമിച്ചു കൈവിട്ടതോടെ പന്തുമായി മുന്നേറിയ സബീൻ എഫ്.സിയുടെ ഷിബിലിനെ ബോക്സിൽ ഫൗൾ ചെയ്തതിന് ജാസിമിന് മഞ്ഞ കാർഡും മഹ്ജർ എഫ്.സിക്കെതിരെ പെനാൽറ്റി കിക്കും ലഭിച്ചു. കിക്കെടുത്ത അമീന് ഗോൾ പിഴച്ചില്ല (3-1). കളി കൈവിട്ടുവെന്ന് കരുതിയിടത്തു നിന്നും പിന്നീട് കണ്ടത് മഹജ്ർ എഫ്.സിയുടെ ഗംഭീര തിരിച്ചു വരവായിരുന്നു.
സബീൻ എഫ്.സി ഗോൾമുഖത്ത് നിരന്തരം റൈഡ് ചെയ്ത മഹ്ജർ എഫ്.സി ത്വൽഹത്തിലൂടെ രണ്ടാം ഗോളും, മുഹമ്മദ് അർഷാദിൻറെ ബൂട്ടിൽ നിന്നും മൂന്നാം ഗോളും കണ്ടെത്തി സ്കോർ നില ഉയർത്തി (3-3). കളി സമനിയലിൽ അവസാനിച്ചുവെന്ന് കരുതിയിരുന്നപ്പോഴാണ് ടൂർണമെന്റിലെ തന്നെ മികച്ച ഗോൾ പിറന്നത്. മധ്യ വരയുടെ പത്തു വാര അകലെ നിന്നും സ്റ്റേഡിയത്തിന്റെ വലതു ഭാഗത്തു നിന്നും സക്കീറിൽ നിന്നും ലഭിച്ച പന്ത്, ത്വൽഹത്തിന്റെ ബുള്ളറ്റ് ഷോട്ട്, ഒരു ലോങ്ങ് റേഞ്ചർ ഷോട്ട് പ്രതീക്ഷിക്കാതെ നിന്നിരുന്ന സബീൻ എഫ്.സി ഗോൾ കീപ്പർ പക്ഷെ മുഴുനീളെ ഇടത്തോട്ട് പറന്നുയർന്ന് പന്ത് തട്ടിയകറ്റാൻ ശ്രമിച്ചുവെങ്കിലും പന്ത് കൃത്യം വലയിൽ തന്നെ പതിച്ചു (4-1). മഹ്ജർ പ്രതിരോധത്തിൽ വന്മതിൽ തീർത്ത മുഹമ്മദ് അർഷാദ് ആയിരുന്നു കളിയിലെ കേമൻ. മാധ്യമപ്രവർത്തകൻ പി.എം മായിൻകുട്ടി ട്രോഫി കൈമാറി.
ബി ഡിവിഷൻ ആദ്യ മത്സരത്തിൽ അനലിറ്റിക്‌സ് റെഡ്സീ ബ്ലാസ്റ്റേഴ്‌സ് ഒന്നിതിരെ നാല് ഗോളുകൾക്ക് മക്ക ബി.സി.സിയെ പരാജയപ്പെടുത്തി. റെഡ്സീ ബ്ലാസ്റ്റേഴ്‌സ് ടീം താരം മുഹമ്മദ് ഫാസിലിനെ കളിയിലെ കേമനായി തെരഞ്ഞെടുത്തു. അദ്ദേഹത്തിനുള്ള ട്രോഫി പി.ടി ഷെരീഫ് മാസ്റ്റർ കൈമാറി. ബി ഡിവിഷൻ രണ്ടാം മത്സരത്തിൽ ഐവ ഫുഡ്സ് ആൻഡ് അബീർ ബ്ലൂസ്റ്റാർ ടീം രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് മോഡേൺ ഫുഡ്‌സ് ഫ്രൈഡേ ഫ്രണ്ട്സ് ജിദ്ദ ജൂനിയറിനെ പരാജയപ്പെടുത്തി. മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട ബ്ലൂ സ്റ്റാർ ടീം താരം മുഹമ്മദ് ആഷിക്കിന് സലാഹ് കാരാടൻ ട്രോഫി നൽകി. മൂന്നു മത്സരങ്ങളിലുമായി അഹ്‌മദ് കബീർ, യു.പി ഇസ്‌ഹാഖ്, ജംഷി, ഗഫൂർ കാഞ്ഞിരാല, റഹീം വലിയോറ, മുഹമ്മദ് ആലുങ്ങൽ, യാസർ അറാഫത്ത്, നൗഷാദ് മഞ്ചേരി, ഹാരിസ് കൊന്നോല, ശരീഫ് മാസ്റ്റർ, നളിൻ, അബ്ദുൽ അസീസ് ദർവീസ്, റീഗൽ മുജീബ്, സമീർ ആനപ്പട്ടം, മുസ്തഫ ഷറാബി, ബാബു കപ്പിച്ചാൽ, ജബ്ബാർ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.