മഞ്ഞക്കടലിൽ കണ്ണീർമഴ: കേരള ബ്ലാസ്റ്റേഴ്സിന്‍റെ പരാജയത്തിൽ നിരാശയിലാഴ്ന്ന് മലപ്പുറം
text_fieldsമലപ്പുറം: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാൾ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്.സിയും തമ്മിലുള്ള പോരാട്ടം കാണാൻ മലപ്പുറത്തെ ഫുട്ബാൾ പ്രേമികൾ അത്യാവേശത്തിലായിരുന്നു. കളിക്ക് മുമ്പ് പടക്കം പൊട്ടിച്ചും ബാൻഡ് മുഴക്കിയും നൃത്തം വെച്ചും അവർ ഇഷ്ട ടീമിന് പിന്തുണയർപ്പിച്ചു. മഞ്ഞ ജേഴ്സിയണിഞ്ഞും തലയിൽ റിബൺ കെട്ടിയും പോരാട്ടത്തെ വരവേറ്റു. നിശ്ചിത സമയവും കഴിഞ്ഞ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീണ്ടപ്പോൾ പ്രതീക്ഷയുടെ ആകാശത്തായിരുന്നു ആരാധകർ. മുമ്പ് എ.ടി.കെയുമായുള്ള ഫൈനലിൽ നഷ്ടമായ കപ്പ് ഇന്ത്യൻ ഫുട്ബാളിന്‍റെ പ്രധാന വേദികളിലൊന്നായ ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിൽനിന്ന് ഹൈദരാബാദിനെ മുട്ടുകുത്തിച്ച് കേരളത്തിലേക്ക് എത്തിക്കുമെന്ന ആത്മവിശ്വാസത്തോടെ ബിഗ് സ്ക്രീനുകൾക്ക് മുന്നിൽ ശ്വാസമടക്കി കാത്തിരുന്നവർക്ക് അവസാനം ലഭിച്ചത് നിരാശയായിരുന്നു. ഗോവക്കാരനായ ഹൈദരാബാദിന്‍റെ ഗോൾ കീപ്പർ ലക്ഷമീകാന്ത് കട്ടിമണി വലക്ക് മുന്നിൽ വൻമതിൽ തീർത്തപ്പോൾ അവസാനിച്ചത് മഞ്ഞപ്പടയുടെ സ്വപ്നമായിരുന്നു. ബ്ലാസ്റ്റേഴ്സ് കപ്പ് സ്വന്തമാക്കിയാൽ പൊട്ടിക്കാൻ സൂക്ഷിച്ച പടക്കവും കരിമരുന്നും തെരുവുകളിൽ പൊട്ടിച്ചാണ് ചിലർ 'ആശ്വാസം' കൊണ്ടത്.
ഗോവയിലെ ഫർറ്റാഡോ സ്റ്റേഡിയത്തിൽ 7.30ന് വിസിൽ മുഴക്കിയതോടെ ആകാംക്ഷയുടെയും പ്രതീക്ഷയുടെയും നിമിഷങ്ങൾക്ക് തുടക്കമായി. ബ്ലാസ്റ്റേഴ്സിന്‍റെ ഓരോ മുന്നേറ്റവും കൈയടിച്ച് ആരാധകർ വരവേറ്റു. ആദ്യ പകുതി ഗോൾരഹിതമായതോടെ ആവേശം തെല്ലൊന്ന് കുറഞ്ഞു. 68ാം മിനിറ്റിൽ തൃശൂർ സ്വദേശിയായ 22കാരൻ കെ.പി. രാഹുൽ ഹൈദരാബാദിന്‍റെ വലകുലുക്കിയപ്പോൾ ആവേശം വാനോളമുയർന്നു. കപ്പിനും ചുണ്ടിനുമിടയിൽ രണ്ടുതവണ നഷ്ടമായ കിരീടം സ്വന്തമാക്കാൻ നിമിഷങ്ങൾ മാത്രം മതിയെന്ന പ്രതീക്ഷ. വിണ്ണിൽ വർണങ്ങൾ വിതറി കരിമരുന്ന് പ്രയോഗം നടത്തിയും നൃത്തം ചെയ്തും ആർപ്പുവിളിച്ചും ഹൈദരാബാദിന്‍റെ നെഞ്ച്കുലുക്കിയ രാഹുലിന് ജയ്വിളിച്ചും ആരാധകരുടെ സന്തോഷം പെയ്തിറങ്ങി. എന്നാൽ, പോരാട്ടം അവസാനത്തോടടുക്കവെ 86ാം മിനിറ്റിൽ ഹൈദരാബാദിന്‍റെ ഗോവൻ താരം സഹിൽ ടവോരയുടെ കിക്ക് തുളച്ചുകയറിയത് ബ്ലാസ്റ്റേഴ്സ് വലയിലേക്ക് മാത്രമല്ല, മലയാളി ഫുട്ബാൾ പ്രേമികളുടെ നെഞ്ചകത്തേക്ക് കൂടിയായിരുന്നു. ഷൂട്ടൗട്ടിന്‍റെ രൂപത്തിൽ വീണ്ടും നിർഭാഗ്യം വേട്ടയാടിയതോടെ ആരാധകർക്ക് മറ്റൊരു നിരാശ ഫൈനലായി.
ബിഗ് സ്ക്രീൻ ആവേശം
ഫൈനൽ മത്സരം വീക്ഷിക്കാൻ ജില്ലയുടെ മുക്കിലും മൂലയിലും ക്ലബുകളുടെയും ഫാൻ പാർക്കുകളുടെയും രാഷ്ട്രീയ സംഘടനകളുടെയും സ്വകാര്യ വ്യക്തികളുടെയും നേതൃത്വത്തിൽ നിരവധി ബിഗ് സ്ക്രീനുകൾ ഒരുക്കിയിരുന്നു. വേങ്ങരയിലും അരീക്കോട്ടും സ്റ്റേഡിയങ്ങളിലാണ് ബിഗ് സ്ക്രീൻ സ്ഥാപിച്ചത്. മലപ്പുറം നഗരത്തിൽ കിഴക്കേത്തലയിൽ മലപ്പുറം ലവേഴ്സ് ഫോറം ബിഗ് സ്ക്രീൻ ഒരുക്കി. 500ഓളം പേരാണ് കളി കാണാൻ ഇവിടെയെത്തിയത്. കുന്നുമ്മൽ പെരിന്തൽമണ്ണ റോഡിലും കോട്ടപ്പടിയിലും കണ്ണത്തുപാറയിലും കോഡൂർ വലിയാട്ടും സ്ക്രീനുകൾ സ്ഥാപിച്ചിരുന്നു.
കൊട്ടപ്പുറം ദേശീയ പാതയോരത്തുള്ള ടർഫ് സ്റ്റേഡിയത്തിൽ ഒരുക്കിയ ബിഗ് സ്ക്രീനിൽ കളി കാണാനെത്തിയത് 600ലധികം പേരാണ്. മേൽമുറി, പുളിക്കൽ തുടങ്ങി നിരവധി ഭാഗങ്ങളിലും പ്രദർശനം ഒരുക്കിയിരുന്നു. പലയിടത്തും സാങ്കേതിക കാരണങ്ങളാൽ കളി ലഭിക്കാതിരുന്നത് ആരാധകരെ നിരാശയിലാക്കി. ഈ സമയങ്ങളിൽ മൊബൈലിൽ കളി കണ്ടും ആരാധകർ ആവേശം പിടിച്ചുനിർത്തി. ദേശീയപാതയോരങ്ങളിലെ ഫാൻ പാർക്കുകളിലേക്കെത്തിയ വാഹനത്തിരക്ക് കാരണം രാത്രി ചിലയിടങ്ങളിൽ ഗതാഗത തടസ്സവും നേരിട്ടു. മഞ്ചേരി, തിരൂർ, പൊന്നാനി, കൊണ്ടോട്ടി, പെരിന്തൽമണ്ണ, നിലമ്പൂർ, കാളികാവ്, അഞ്ചച്ചവിടി, മാളിയേക്കൽ, അടക്കാകുണ്ട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ബിഗ് സ്ക്രീൻ ഒരുക്കിയിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് ഓരോയിടത്തും തടിച്ചുകൂടിയത്. വളാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡ് പരിസരത്തെ കമ്യൂണിറ്റി ഹാളിൽ മത്സരം തത്സമയം കാണാൻ സൗകര്യമൊരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.