സൂപ്പർ ലീഗ് കേരളയിലേക്ക് മലപ്പുറം ഫുട്ബാൾ ക്ലബും
text_fieldsമലപ്പുറം: കേരള ഫുട്ബാൾ അസോസിയേഷൻ നടത്തുന്ന സൂപ്പർ ലീഗ് കേരളയിലേക്ക് വരാൻ ഒരുങ്ങി മലപ്പുറം ഫുട്ബാൾ ക്ലബ്. ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനം ജൂലൈ 26ന് മലപ്പുറത്ത് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
എം.എസ്.പി എൽ.പി സ്കൂളിൽ വൈകീട്ട് 3.30ന് നടക്കുന്ന പരിപാടി പ്രമുഖ വ്യവസായി എം.എ. യൂസുഫലി ഉദ്ഘാടനം ചെയ്യും. ഇംഗ്ലണ്ടിലെ ജോൺ ചാൾസ് ഗ്രിഗറിയാണ് ടീമിന്റെ മുഖ്യ പരിശീലകൻ. 2017ൽ ഇന്ത്യൻ സൂപ്പർ ലീഗിലെ ചെന്നൈയിൻ എഫ്.സി പരിശീലകനായിരുന്നു. ആഗസ്റ്റ് ആദ്യത്തോടെ ടീമിനെ പ്രഖ്യാപിക്കും. ആറ് വിദേശ താരങ്ങളടക്കം 20 ദേശീയ താരങ്ങളും അണിനിരക്കും. മഞ്ചേരി പയ്യനാട് സ്റ്റേഡിയമാകും ഹോം ഗ്രൗണ്ട്. പരിശീലനത്തിന് കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയം പ്രയോജനപ്പെടുത്തും. യൂനിവേഴ്സിറ്റി പരിസരത്ത് താമസസൗകര്യമൊരുക്കും.
ആദ്യഘട്ടത്തിൽ യൂനിവേഴ്സിറ്റി, മഞ്ചേരി പയ്യനാട് ഗ്രൗണ്ടുകൾ പ്രയോജനപ്പെടുത്തുമെങ്കിലും തുടർന്ന് മലപ്പുറം-കോഴിക്കോട് അതിർത്തിയിലെ വാഴക്കാട്ടേക്ക് മാറ്റിയേക്കും. ഇതിനായി 15 ഏക്കർ സ്ഥലം ക്ലബ് മൈതാനമൊരുക്കാൻ കണ്ടെത്തിയിട്ടുണ്ട്. ആഗസ്റ്റ് 31 മുതൽ നവംബർ രണ്ടുവരെയാണ് മത്സരം. മലപ്പുറം കൂടാതെ തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ടീമുകളാണ് മാറ്റുരക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.