ഇന്നും സന്തോഷം 'നിറയും': ആതിഥേയരുടെ രണ്ടാം മത്സരം കരുത്തരായ ബംഗാളിനെതിരെ
text_fieldsമഞ്ചേരി: തിരൂർ പുതിയങ്ങാടി നേർച്ചക്ക് എത്തുന്നതിനേക്കാൾ ആളുകളാണ് മഞ്ചേരിയിൽ 'പന്തുകൊണ്ട് നടത്തിയ നേർച്ച'ക്ക് ശനിയാഴ്ച എത്തിയത്. സന്തോഷപ്പൂരത്തിെൻറ ആദ്യദിനം തന്നെ സന്തോഷ് ട്രോഫിയുടെ ചരിത്രത്തിലിതുവരെ ഇല്ലാത്ത കാണികൾ എത്തിയതോടെ ഗാലറി ജനനിബിഡമായി. ആതിഥേയരായ കേരളത്തിെൻറ ആദ്യമത്സരം നിറഞ്ഞ ഗാലറിക്ക് മുന്നിലായിരുന്നു. ആ ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്താൻ കേരളത്തിനായി കളത്തിലിറങ്ങിയ 11 പേർക്കും സാധിച്ചതോടെ എ ഗ്രൂപ്പിലെ ശക്തരായ എതിരാളികളെന്ന് വിലയിരുത്തപ്പെടുന്ന ബംഗാളിനെതിരെ നടക്കുന്ന മത്സരത്തിെൻറ വിധി എന്തായാലും പയ്യനാട്ടെ കളിയുടെ പൂരപ്പറമ്പ് നിറയുമെന്നുറപ്പ്. ടിക്കറ്റ് ഉണ്ടായിട്ട് പോലും കളികാണാനാകാതെ ശനിയാഴ്ച പലർക്കും മടങ്ങേണ്ടിവന്നു. ആ നിരാശ തീർക്കാൻ തിങ്കളാഴ്ച വൈകീട്ടുതന്നെ എത്തി ഗാലറിയിൽ ഇടംപിടിക്കാനാണ് കളിപ്രേമികളുടെ തീരുമാനം. ആദ്യമത്സരത്തിൽ രാജസ്ഥാനെ അഞ്ച് ഗോളുകൾക്ക് കൂടി പരാജയപ്പെടുത്തിയതോടെ രണ്ടാം മത്സരത്തിനും ടിക്കറ്റിനായുള്ള നെട്ടോട്ടമാണ് ആരാധകർ. ഫുട്ബാളിെൻറ ഹൃദയഭൂമിയിലേക്ക് എത്തിയ ചാമ്പ്യൻഷിപ്പിനെ ഹൃദയത്തിലേറ്റിയ കാഴ്ചയാണ് എങ്ങും. സമൂഹമാധ്യമങ്ങളിലാകട്ടെ പയ്യനാട്ടെ നിറഞ്ഞ ഗാലറിയുടെ ചിത്രങ്ങൾ നിറഞ്ഞോടുന്നു. റീൽസുകളിലും സ്റ്റാറ്റസുകളിൽ പോലും പയ്യനാട് തരംഗമാണ്. നേരത്തേ ഫെഡറേഷൻ കപ്പിെൻറ നിറഞ്ഞ ഗാലറിയാണ് ചരിത്രത്തിൽ ഇടംനേടിയതെങ്കിൽ അതിനോടൊപ്പം ചേർത്തുവെക്കാൻ സന്തോഷ് ട്രോഫിയുടെ ഈ ഗാലറി കൂടി ഇനിയുണ്ടാകും.
കാണികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്ലാമർ പോരാട്ടം നടക്കുന്ന തിങ്കളാഴ്ച കാണികൾക്കായി പയ്യനാട് സ്റ്റേഡിയത്തിൽ ക്രമീകരണം. ആദ്യ കളിക്കിടെ നടന്ന അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണിത്. കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാനെതിരെയുള്ള മത്സരത്തില്‍ റെക്കോഡ് ആരാധകരാണ് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ എത്തിയത്. തിങ്കളാഴ്ച വെസ്റ്റ് ബംഗാളിനെ നേരിടുമ്പോള്‍ ഇരട്ടി ആരാധകരെയാണ് പ്രതീക്ഷിക്കുന്നത്. കേരളം -വെസ്റ്റ് ബംഗാള്‍ മത്സരം കാണാനെത്തുന്നവര്‍ക്കായി സ്റ്റേഡിയത്തിന് അകത്ത് പ്രത്യേകം പാര്‍ക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിലേക്കുള്ള റോഡുകളുടെ ഇരുവശങ്ങളിലുമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. ഇത്തരം പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കും. ഓൺലൈൻ, സീസൺ ടിക്കറ്റെടുത്തവർ ഏഴരക്ക് മുമ്പ് ഗാലറിയിലെത്തണം ഓണ്‍ലൈനില്‍ ടിക്കറ്റെടുത്ത് മത്സരം കാണാനെത്തുന്നവര്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാന്‍ പ്രത്യേകം ഗേറ്റ് തയാറാക്കിട്ടുണ്ട്. ഗേറ്റ് നമ്പര്‍ നാലിലൂടെ മാത്രമാണ് ഓണ്‍ലൈന്‍ ടിക്കറ്റുകാര്‍ക്ക് സ്റ്റേഡിയത്തിന് അകത്തേക്കുള്ള പ്രവേശനം. ഓഫ്ലൈന്, സീസണ് ടിക്കറ്റുകാര്‍ക്ക് അഞ്ച്, ആറ്, ഏഴ് ഗേറ്റുകള്‍ വഴി സ്റ്റേഡിയത്തിന് അകത്തേക്ക് പ്രവേശിക്കാം. സീസണ് ടിക്കറ്റ്, ഓണ്‍ലൈന്‍ ടിക്കറ്റ് എന്നിവ ലഭിക്കാത്തവര്‍ക്ക് സ്റ്റേഡിയത്തില്‍ പ്രത്യേക ടിക്കറ്റ് കൗണ്ടറുകളും തയാറാക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിന് അകത്തുള്ള പാര്‍ക്കിങ്ങിന്റെ ഇരുവശത്തിലായാണ് ഒരുക്കിയിട്ടുള്ളത്. സീസണ് ടിക്കറ്റ്, ഓണ്‍ലൈന്‍ ടിക്കറ്റ് എന്നിവയെടുത്തവര്‍ നേരത്തേ സ്റ്റേഡിയത്തിലെത്തിയാല്‍ തിരക്ക് ക്രമീകരിക്കാനാകും.
മണിപ്പൂരുമായുള്ള മത്സരം ആദ്യം ആക്രമിച്ചത് സർവിസസ്
മഞ്ചേരി: സർവിസസും മണിപ്പൂരുമായുള്ള മത്സരത്തിൽ സൈന്യത്തിന്റെ കരുത്തുമായി ഇറങ്ങിയ സർവിസസ് ആദ്യ മിനിറ്റുകളിൽ തന്നെ ആക്രമിച്ച് കളിച്ചു. രണ്ടാം മിനിറ്റിൽ ബോക്സിന് തൊട്ടടുത്തുനിന്ന് ലഭിച്ച ഫ്രീകിക്ക് ക്രിസ്റ്റഫർ കാമെ പുറത്തേക്കടിച്ചു. അഞ്ചാം മിനിറ്റിൽ ലഭിച്ച ആദ്യ അവസരം തന്നെ മണിപ്പൂർ ഗോളാക്കി മാറ്റി. ഇടത് വിങ്ങിൽനിന്ന് പന്തുമായി കുതിച്ച ഗുൽ ഗൗലാൽ സിങ് സിത് തൊട്ടുപിന്നാലെയെത്തിയ ലുൻമിൻലെൻ ഹോക്കിപിന് നൽകി. ഹോക്കിപ് നൽകിയ മൈനസ് പാസ് സ്വീകരിച്ച ജനീഷ് സിങ്ങിന്റെ വലങ്കാൽ ഷോട്ട് ഗോൾ പോസ്റ്റിന്റെ വലതു മൂലയിലേക്ക് ചാഞ്ഞിറങ്ങി. സർവിസസ് ഗോൾകീപ്പർ ബബീന്ദ്ര മല്ല താകുരിക്ക് നോക്കിനിൽക്കാനേ സാധിച്ചുള്ളൂ. ഗോൾ വഴങ്ങിയെങ്കിലും തൊട്ടടുത്ത മിനിറ്റിൽ സർവിസസിന് ലഭിച്ച അവസരം റൊണാൾഡോ സിങ് പുറത്തേക്ക് ഹെഡ് ചെയ്തു. എട്ടാം മിനിറ്റിൽ ലഭിച്ച ആദ്യം സെറ്റ് പീസും ലക്ഷ്യം കാണാതെ പുറത്ത് പോയി. 12ാം മിനിറ്റിൽ റൊണാൾഡോ സിങ്ങിനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് കൃഷ്ണ കാന്തസിങ് പോസ്റ്റിലേക്ക് തൊടുത്തെങ്കിലും മണിപ്പൂർ ഗോൾകീപ്പർ എം.ഡി. അബൂജാർ തട്ടിയകറ്റി.സർവിസസിന്റെ പ്രതിരോധത്തിൽ വിള്ളൽ വീഴ്ത്തി ത്രൂ പാസുകളിലൂടെയായിരുന്നു മണിപ്പൂർ കളംപിടിച്ചത്. 34ാം മിനിറ്റിൽ ലിറ്റൺ സിങ് സർവിസസിനായി വല കുലുക്കിയെങ്കിലും ഓഫ് സൈഡ് കെണിയിൽ വീണു. ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഒട്ടേറെ അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.
മണിപ്പൂർ ഗ്രൂപ്പിൽ ഒന്നാമത്
രണ്ടാം പകുതിയുടെ തുടക്കത്തിൽ മണിപ്പൂരിന്റെ മുന്നേറ്റമാണ് ആദ്യം കണ്ടത്. 48ാം മിനിറ്റിൽ ഹോക്കിപിന്റെ ഷോട്ട് ഗോൾകീപ്പർ തട്ടിയകറ്റി. തൊട്ടുപിന്നാലെ 50ാം മിനിറ്റിൽ ലഭിച്ച കോർണറിലൂടെ മണിപ്പൂർ രണ്ടാം ഗോളും നേടി കളിയിൽ ആധിപത്യം ഉറപ്പിച്ചു. സിങ് സിത് എടുത്ത കോർണർ ഹോക്കിപ് ഹെഡറിലൂടെ വലയിലേക്ക് ചെത്തിവിടുകയായിരുന്നു. 74ാം മിനിറ്റിൽ മണിപ്പൂരിന്റെ മുന്നേറ്റത്തിനിടെ മലയാളി താരം ബി. സുനിലിന്റെ കാലിൽ തട്ടി പന്ത് സ്വന്തം പോസ്റ്റിലേക്ക് കയറിയതോടെ ചാമ്പ്യൻമാരുടെ പതനം പൂർത്തിയായി. രണ്ടാം പകുതിയുടെ ആദ്യം തന്നെ സർവിസസ് രണ്ട് മാറ്റം വരുത്തി കളിയിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ആറ് മിനിറ്റു നീണ്ട അധിക സമയത്തും സർവിസസ് ഗോൾ മടക്കാൻ കിണഞ്ഞു ശ്രമിച്ചെങ്കിലും പരാജയത്തിന്റെ ഭാരം കുറക്കാനായില്ല. ആദ്യ കളിയിൽ തന്നെ ചാമ്പ്യൻമാരെ അട്ടിമറിച്ച മണിപ്പൂർ ഗ്രൂപ്പിൽ ഒന്നാമതെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.