ഇരച്ചെത്തി -`മലപ്രം': ഫൈനൽ റൗണ്ട് മത്സരങ്ങൾ കാണാനായി ഇതുവരെ ഗാലറിയിലെത്തിയത് 80,719 പേർ
text_fieldsമഞ്ചേരി: "സായിപ്പിന് കാൽപന്തുകളി നേരമ്പോക്കായിരുന്നു, മലപ്പുറത്തുകാർക്ക് അത് പോരാട്ടമായിരുന്നു"-സന്തോഷ് ട്രോഫി ചരിത്രത്തിലെ കേരളത്തിന്‍റെ മികച്ച ക്യാപ്റ്റനായിരുന്ന വി.പി. സത്യന്‍റെ ജീവചരിത്രം പറഞ്ഞ 'ക്യാപ്റ്റൻ' സിനിമയിലെ ഡയലോഗാണിത്. കാൽപന്തുകളിയിലെ ആ പോരാട്ടങ്ങൾ കാണാൻ മലപ്പുറത്തുകാർ ഏത് ഗാലറിയിലുമെത്തും. ഈ സിനിമയിൽ തന്നെ പറയുന്ന പോലെ പന്തിനു പിന്നാലെയുള്ള ഈ ഓട്ടപ്പാച്ചിൽ കഴിഞ്ഞിട്ടേ മലപ്പുറത്തുകാർക്ക് മറ്റെന്തുമുള്ളൂ. അതിനുദാഹരമാണ് 75ാമത് സന്തോഷ് ട്രോഫി ചരിത്രത്തിലെ ഗാലറിയുടെ ചിത്രങ്ങൾ. ഫൈനൽ റൗണ്ട് മത്സരങ്ങൾ പാതി പിന്നിട്ടപ്പോഴേക്കും കോട്ടപ്പടിയിലെയും പയ്യനാട്ടെയും ഗാലറിയിലെത്തി കളി കണ്ടത് 80,719 പേരാണ്. സന്തോഷ് ട്രോഫി ചരിത്രത്തിലിതുവരെ കണ്ടിട്ടില്ലാത്ത ജനക്കൂട്ടമാണ് സ്റ്റേഡിയങ്ങളിലേക്ക് ഒഴുകി എത്തുന്നത്. ജില്ല ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യൻഷിപ് കൂടിയാണിത്. ആതിഥേയരുടെ മത്സരത്തിനാണ് പതിവുപോലെ കാണികൾ ഇരച്ചുകയറുന്നത്. രാജസ്ഥാനെതിരായ ആദ്യമത്സരത്തിൽ 28,319 പേർ പയ്യനാട്ടെ ഗാലറിയിലെത്തി. ബംഗാളുമായുള്ള രണ്ടാം മത്സരത്തിൽ 23,300 പേരും മേഘാലയക്കെതിരെയുള്ള മൂന്നാം മത്സരത്തിൽ 17,523 പേരും എത്തി. കേരളത്തിന്‍റെ മൂന്ന് മത്സരങ്ങൾ മാത്രം 69,142 പേരാണ് കണ്ടത്.
നോമ്പ് കാലമായിട്ടും കാണികളുടെ ആരവത്തിന് കുറവില്ല. കേരളത്തിന്‍റെ മത്സരങ്ങൾക്ക് നോമ്പ് തുറക്കാനുള്ള വെള്ളവും ഈത്തപ്പഴവും അടക്കം വിഭവങ്ങളുമായാണ് കാണികൾ സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നത്. ഗാലറിയുടെ പടവുകളിൽ ആരാധകർ നമസ്കരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു. പയ്യനാട് നടന്ന മണിപ്പൂർ-സർവിസസ് മത്സരത്തിൽ 4500, മണിപ്പൂർ-ഒഡിഷ മത്സരത്തിൽ 1216 പേരും കളികാണാനെത്തി. അഞ്ച് കളികളിൽനിന്നായി 74,858 പേരാണ് ഗാലറിയിലെത്തി പന്തിനൊപ്പം ആർപ്പുവിളിച്ചത്. കോട്ടപ്പടിയിൽ നടന്ന വെസ്റ്റ് ബംഗാൾ-പഞ്ചാബ് ആദ്യ പോരാട്ടത്തിൽ 1500, ഒഡിഷ-കർണാടക -1400, രാജസ്ഥാൻ-മേഘാലയ -1500, സർവിസസ്-ഗുജറാത്ത് -1136, പഞ്ചാബ്-രാജസ്ഥാൻ -325 എന്നിങ്ങനെയാണ് കോട്ടപ്പടിയിലെ അഞ്ച് മത്സരങ്ങളിലെ കണക്ക്. മൊത്തം 5861 പേർ കോട്ടപ്പടിയിലെത്തി കളി കണ്ടു. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ ഒരുക്കിയ ഫേസ്ബുക്ക് ലൈവിലൂടെയും ആയിരത്തിലധികം പേർ ഓരോ മത്സരവും വീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.