Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസന്തോഷ് ട്രോഫി:...

സന്തോഷ് ട്രോഫി: ഹൃദയത്തിൽ പതിഞ്ഞ സെൽഫി ഗോളുകൾ

text_fields
bookmark_border
Santosh Trophy
cancel

മലപ്പുറം: സന്തോഷ് ട്രോഫിയിൽ കേരളത്തിനെതിരെ കളിച്ചവർ ഒരേ സ്വരത്തിൽ പറ‍യുന്നൊരു കാര്യമുണ്ട്. ഇത്രയധികം കാണികൾക്ക് മുന്നിൽ പന്ത് തട്ടുന്നത് ജീവിതത്തിലാദ്യം. കേരളത്തിന്‍റെ ഗ്രൂപ്പിൽ വരാത്തവർക്ക് അതിന് കഴിയാതെ പോയതിന്‍റെ നിരാശയും. വ്യാഴാഴ്ച സെമി ഫൈനൽ മത്സരങ്ങൾ ആരംഭിക്കുമ്പോൾ പുറത്തായ ആറ് ടീമുകളിലെ താരങ്ങൾ ഏറെക്കുറെ നാടണഞ്ഞ് കഴിഞ്ഞു. കിരീടവുമായി മടങ്ങാമെന്ന പ്രതീക്ഷയിൽ ബാക്കി നാല് കൂട്ടർ. ഗ്രൂപ്പ് റൗണ്ട് മത്സരങ്ങളിൽ ഗോൾ സ്കോർ ചെയ്ത് ഹീറോകളായവർ ടീമിന്‍റെ ചുമതലയുള്ള ലെയ്സൻ ഓഫിസർമാരോട് മനസ്സുതുറക്കുന്നു.

സ്വപ്നമൊരു പന്ത്; തലയിലേറ്റി മടക്കം

രാജസ്ഥാനും മേഘാലയക്കുമെതിരെ എണ്ണം പറഞ്ഞ ഓരോ ഗോളുകൾ. പഞ്ചാബ് സെമിഫൈനൽ കാണാതെ പുറത്തായെങ്കിലും കളി കണ്ടവരുടെ മനസ്സിൽ ഈ കാഴ്ചകൾ തങ്ങി നിൽക്കും. പഞ്ചാബിലെ മഹിൽപ്പൂർ യങ് എഫ്.സി താരമായ അമർജിത് സിങ് നാട്ടിലേക്ക് മടങ്ങിയത് മലയാളികളുടെ ഹൃദയത്തിലിടം പിടിച്ചാണ്.

അ​മ​ർ​ജി​ത് സി​ങ്ങും സ​മീ​ർ ഖാ​നും

കേരളീയരുടെ ബിരിയാണിയോളം രുചിയൂറുന്ന വേറൊന്നുമില്ലെന്ന് അമർജിത്. കേരളത്തിനെതിരായ കളി മറക്കാൻ കഴിയില്ല. അന്താരാഷ്ട്ര മത്സരത്തിന്‍റെ പ്രതീതിയായിരുന്നു ഗാലറിക്ക്. സ്വപ്നത്തിലെന്ന പോലെ ഒഴുകി നടക്കുകയായിരുന്നു താനെന്ന് ടീമിന്‍റെ ലെയ്സൻ ഓഫിസറായ മമ്പാട് എം.ഇ.എസ് കോളജ് ചരിത്രാധ്യാപകൻ കെ. സമീർ ഖാനോട് അമർജിത് തുറന്നുപറഞ്ഞു.

കാണികൾക്ക് ജയ് വിളിച്ച് കനാനി

നാലിൽ നാല് മത്സരങ്ങളും തോറ്റെങ്കിലും നിരാശയില്ലാതെയാണ് ഗുജറാത്ത് ടീമിന്‍റെ മടക്കം. 37 കൊല്ലത്തിന് ശേഷമാണ് സന്തോഷ് ട്രോഫി യോഗ്യത നേടുന്നത് തന്നെ. സർവിസസിനും ഒഡിഷക്കുമെതിരെ മാത്രമാണ് ടീമിന് ഗോളും നേടാനായത്. ആകെ അടിച്ച മൂന്നിൽ രണ്ട് ഗോളും പിറന്നത് ഒമ്പതാം നമ്പറുകാരനായ അണ്ടർ 21 സ്ട്രൈക്കർ ജയ് കനാനിയുടെ ബൂട്ടിൽ നിന്ന്. കേരളത്തിന്‍റെ കളി കാണാൻ ഗാലറിയിലിരുന്നപ്പോഴാണ് താൻ ശരിക്കും ഞെട്ടിയതെന്ന് കനാനി.

ജ​യ് ക​നാ​നി​ക്കൊ​പ്പം ഇ. ​റ​ഫീ​ഖ്

അമ്മാതിരി ജനക്കൂട്ടവും പിന്തുണയും. ഇറങ്ങിക്കളിച്ചാലോ എന്ന് വരെ ആഗ്രഹിച്ചെന്ന് ഒന്നാം വർഷ ബിരുദ വിദ്യാർഥിയായ കനാനി, മമ്പാട് എം.ഇ.എസ് കോളജ് കായികാധ്യാപകനായ ലെയ്സൻ ഓഫിസർ ഇ. റഫീഖിനോട് പറഞ്ഞു.

തെങ്ങിൻതോപ്പുകൾ പോലും മൈതാനങ്ങൾ

'ഞങ്ങളുടെ സംസ്ഥാനം മൊത്തം എടുത്താൽ പത്തിൽപ്പരം പുൽമൈതാനങ്ങളേ ഉണ്ടാവൂ. ഇവിടെ സ്കൂളുകളുകളിൽപ്പോലും സ്റ്റേഡിയങ്ങൾ. എത്ര ആധുനികവും മനോഹരവുമായാണ് ഓരോന്നും സംവിധാനിച്ചിരിക്കുന്നത്'-പരിശീലനത്തിന് പോയപ്പോൾ കണ്ട ഗ്രൗണ്ട് നിലമ്പൂർ മാനവേദൻ സ്കൂളിന്‍റേതാണെന്ന് പറഞ്ഞ ലെയ്സൻ ഓഫിസറും വേങ്ങര മലബാർ കോളജ് കായികാധ്യാപകനുമായ ടി. മുഹമ്മദ് അലിയോട് രാജസ്ഥാൻ താരം യുവരാജ് സിങ് അദ്ഭുതം കൂറി.

മു​ഹ​മ്മ​ദ​ലി​യും യു​വ​രാ​ജ് സി​ങ്ങും

ഏറ്റവും അവസാന സ്ഥാനക്കാരായി മടങ്ങിയ രാജസ്ഥാൻ മേഘാലയക്കെതിരെ മാത്രമാണ് ഗോളടിച്ചത്. അതിലൊന്ന് യുവരാജിന്‍റെ വകയായിരുന്നു.

മേഘാലയയുടെ സ്വന്തം ഫിഗോ

നിർഭാഗ്യത്തിന്‍റെ അകമ്പടിയിൽ തോറ്റ് പുറത്തായ ടീമാണ് മേഘാലയ. ആദ്യ കളിയിൽ രാജസ്ഥാനെതിരെ ഇരട്ട ഗോൾ നേടിയ ഫിഗോ സിൻഡായി കേരളത്തിനെതിരെയും സ്കോർ ചെയ്തു. അപരാജിതരായി മുന്നേറിയ ആതിഥേയരെ സമനിലയിൽ പൂട്ടിയതിന് പിന്നിൽ ഫിഗോയുടെ കാലുകൾക്ക് വലിയ പങ്കുണ്ട്. ബംഗാളിനെതിരായ നിർണായക മത്സരത്തിന് മുമ്പ് വേണ്ടത്ര വിശ്രമം കിട്ടാത്തതാണ് തിരിച്ചടിയായതെന്ന് താരം.


എങ്കിലും കേരളത്തിന്‍റെ ആതിഥേയത്വത്തിൽ വയറും മനസ്സും നിറഞ്ഞാണ് മടങ്ങുന്നത്. മേഘാലയയിൽ ഇപ്പോൾ ടർഫുകൾക്കാണ് എല്ലാവരും പ്രാധാന്യം നൽകുന്നതെന്നും കേരളത്തിലെ പോലെ ധാരാളം പുൽമൈതാനങ്ങൾ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നതായും ഫിഗോ വ്യക്തമാക്കിയതായി ലെയ്സൻ ഓഫിസറും വണ്ടൂർ അംബേദ്കർ കോളജ് കായികാധ്യാപകനുമായ പി.പി. സനിൽ.

ചൂട് മാത്രം വില്ലനായി

ഇതുപോലൊരു സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ് ജീവിതത്തിൽ കണ്ടിട്ടില്ലെന്ന് പറയുന്നത് മണിപ്പൂരിന് വേണ്ടി ഗോളുകൾ നേടിയ സൂപ്പർ താരം ലുൻമിൻലൻ ഹോകിപ്. സ്വന്തം ടീമിനെ മാത്രം പിന്തുണക്കുന്ന കാണികളെയാണ് മറ്റ് സ്ഥലങ്ങളിൽ കാണാറ്. ഇവിടെ പക്ഷേ അങ്ങനെയല്ല. നന്നായി കളിക്കുന്നവർക്ക് കൈയടി കിട്ടും. കേരളത്തിലെ ഫുട്ബാൾ പ്രേമികളെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോൾ, 'അവർ ഫുട്ബാൾ കാണുന്നു, ഫുട്ബാളിനെ ഇഷ്ടപ്പെടുന്നു' എന്നായിരുന്നു മറുപടിയെന്ന് മണിപ്പൂർ ടീമിന്‍റെ ലെയ്സൻ ഓഫിസറായ ജൂനിയർ കോ ഓപറേറ്റിവ് ഇൻസ്പെക്ടർ കെ.ടി. വിനോദ്.


ഇന്ത്യൻ ടീമിൽ ഇത്രയധികം മലയാളികൾ എത്തിയതിന്‍റെ കാരണവും മനസ്സിലായെന്ന് ഹോകിപ് പറഞ്ഞു. ചൂട് മാത്രമായിരുന്നു വില്ലൻ.

ഫുട്ബാളറായത് കൊണ്ട് കിട്ടുന്ന സൗഭാഗ്യം

'ഉൾപ്രദേശത്തുകാരനാണ് ഞാൻ. ദരിദ്രസാഹചര്യങ്ങളിൽ ജീവിക്കുന്നവൻ. മികച്ച താമസവും ഭക്ഷണവുമൊക്കെ കണ്ട് അദ്ഭുതം തോന്നി. ഫുട്ബാളറായത് കൊണ്ട് കിട്ടുന്ന സൗഭാഗ്യമാണിതൊക്കെ'-രണ്ട് മത്സരങ്ങളിൽ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട കർണാടകയുടെ സുധീർ കൊട്ടികല ടീമിന്‍റെ ലെയ്സൻ ഓഫിസറും കരുവാരകുണ്ട് നജാത്ത് കോളജ് കായികാധ്യാപകനുമായ ഇർഷാദ് അജ്മലിനോട് വെളിപ്പെടുത്തുന്നു.

സു​ധീ​ർ കൊ​ട്ടി​ക​ല​യും ഇ​ർ​ഷാ​ദ് അ​ജ്മ​ലും

കൊട്ടികലയുടെ ബൂട്ടുകളാണ് കർണാടകയെ സെമി ഫൈനലിലെത്തിച്ചതെന്ന് നിസ്സംശയം പറയാം. ഒഡിഷക്കെതിരെ രണ്ട് ഗോൾ. കഴിഞ്ഞ രാത്രി ഗുജറാത്തിനെ തോൽപ്പിച്ച് കർണാടകക്ക് അദ്ഭുതകരമായ സെമി പ്രവേശനം ഉറപ്പാക്കുമ്പോഴും താരം ഇരട്ടഗോൾ നേടിയിരുന്നു.

തിരികെ വരാൻ ആഗ്രഹിക്കുന്നു

ചാമ്പ്യന്മാരെന്ന തലയെടുപ്പോടെയാണ് സർവിസസ് ടീം കേരളത്തിലേക്ക് വന്നത്. മടങ്ങുന്നത് പക്ഷേ ഗ്രൂപ്പ് റൗണ്ടിൽത്തന്നെ പുറത്തായിട്ട്. കഴിഞ്ഞ മത്സരത്തിൽ ഒഡിഷയെ മികച്ച പ്രകടനത്തിലൂടെ പരാജയപ്പെടുത്തുന്നതിൽ ഗോളോടെ നിർണായക പങ്ക് വഹിച്ചു, സ്ട്രൈക്കറും നായകനുമായ വിവേക് കുമാർ.ബാക്കി വിവേക് പറയും: 'രണ്ടാം തവണയാണ് കേരളത്തിൽ കളിക്കാൻ അവസരം കിട്ടുന്നത്. വണ്ടർ ഫുൾ കാണികളാണ്. സൗകര്യങ്ങളൊരുക്കുന്നതും മുൻപന്തിയിൽ. വെജിറ്റേറിയനായ ഞാൻ ഊത്തപ്പവും ദോശയും ഇഡലിയും ആസ്വദിച്ച് കഴിച്ചാണ് മടങ്ങുന്നത്. ഇനിയും കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നു'- ലെയ്സൻ ഓഫിസറും തിരൂർ ടി.എം.ജി കോളജിലെ എൻ.സി.സി ഓഫിസറുമായ ക്യാപ്റ്റൻ ഷുക്കൂർ ഇല്ലത്തിനോടായിരുന്നു വിവേകിന്‍റെ പ്രതികരണം.

ഷു​ക്കൂ​ർ ഇ​ല്ല​ത്തും വി​വേ​ക് കു​മാ​റും

ആചന്ദ്രതാരം ഓർമയിലുണ്ടാവും

ഇതിഹാസ താരങ്ങൾ വരെ സന്തോഷ് ട്രോഫി മത്സരങ്ങൾ കാണാൻ പയ്യനാട്ടെയും കോട്ടപ്പടിയിലെയും ഗാലറിയിൽ ഇരിക്കുന്നത് കണ്ടിട്ടുണ്ട്, ഒഡിഷയുടെ ചന്ദ്രമുദുലി. മലപ്പുറം മേൽമുറി ആലത്തൂർപ്പടിയിൽ ടീം താമസിച്ചിരുന്ന ഹോട്ടലിന് പുറത്തെത്തി പ്രദേശത്തെ കുട്ടികൾ തങ്ങളെ കാണാനും പരിചയപ്പെടാനും സെൽഫിയെടുക്കാനും തിരക്ക് കൂട്ടുന്നത് കണ്ട് അദ്ഭുതമായി. ഫുട്ബാളിനോട് ഒരു ജനത കാണിക്കുന്ന അടുപ്പം തന്നെയാണ് ഇതിന് കാരണമെന്ന് ഉറച്ച് വിശ്വസിക്കുകയാണ് ഗുജറാത്തിനെതിരെ ഇരട്ടഗോൾ നേടി താരമായ ചന്ദ്രമുദുലി.


ച​ന്ദ്ര​മു​ദു​ലി​യും ടി.​എം. ന​ജീ​ബും

കുട്ടികൾക്ക് സ്നേഹസമ്മാനമായി പന്തും നൽകിയാണ് ടീം മടങ്ങിയത്. അവസരം കിട്ടിയാൽ ഇനിയും കേരളത്തിലേക്ക് വരുമെന്ന് ചന്ദ്രമുദുലിയും സഹതാരങ്ങളും പറഞ്ഞതായി ലെയ്സൻ ഓഫിസറും പെരിന്തൽമണ്ണ സിൽവർ മൗണ്ട് ഇന്‍റർനാഷനൽ സ്കൂൾ കായികാധ്യാപകനുമായ ടി.എം. നജീബ്.

ഫൈനലിൽ കേരളത്തോട് മുട്ടണം

കൊൽക്കത്തയിൽ കളിക്കുന്ന അതേ ഫീലായിരുന്നു ഫർദീൻ അലി മൊല്ലക്ക്. ഫുട്ബാളിനെ ഇത്രയേറെ സ്നേഹിക്കുന്ന രണ്ട് ജനത. സന്തോഷ് ട്രോഫിക്ക് ശേഷം ഐ.എസ്.എൽ ക്ലബായ എ.ടി.കെ മോഹൻ ബഗാനിൽ ചേരാൻ പോവുകയാണ് ഫർദീൻ. ഗ്രൂപ്പ് മത്സരങ്ങളിൽ അടിച്ചുകൂട്ടിയ ഗോളുകൾ മതി താരത്തിന്‍റെ മികവിന് അടിവരയിടാൻ. മേഘാലയക്കും രാജസ്ഥാനുമെതിരെ ഇരട്ട ഗോളുമായി നാല് തവണ എതിരാളികളുടെ വലകുലുക്കി.

ഫ​ർ​ദീ​ൻ അ​ലി​യും സു​ൽ​ഫി​ക്ക​ർ അ​ലി​യും

സെമി ഫൈനലിൽ മണിപ്പൂരിനെ തോൽപ്പിച്ച് ഫൈനലിൽ ആതിഥേയരായ കേരളവുമായി ഏറ്റുമുട്ടണമെന്നും പതിനായിരങ്ങൾക്ക് മുന്നിൽ വെച്ച് 2018ലെ തോൽവിക്ക് പകരം വീട്ടണമെന്നുമാണ് ഓരോ ബംഗാൾ താരത്തിന്‍റെയും ആഗ്രഹമെന്ന് ലെയ്സൻ ഓഫിസറും കാവനൂർ എളയൂർ എം.എ.ഒ കോളജ് കായികാധ്യാപകനുമായ കെ. സുൽഫിക്കർ അലി പറയുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:santosh trophy 2022
News Summary - Malappuram in Santosh Trophy excitement
Next Story