പെരുന്നാൾ ആഘോഷത്തിലലിഞ്ഞ് താരനിര
text_fieldsമഞ്ചേരി: കാൽലക്ഷത്തോളം കാണികളെ സാക്ഷിയാക്കി സന്തോഷക്കിരീടത്തിൽ മുത്തമിട്ടതിന് പിന്നാലെ ടീമിലെ താരങ്ങൾ പോയത് പെരുന്നാൾ ആഘോഷത്തിലേക്കായിരുന്നു. ഫൈനലിൽ സമനില ഗോൾ സമ്മാനിച്ച മുഹമ്മദ് സഫ്നാദ്, അസിസ്റ്റ് നൽകിയ പി.എൻ. നൗഫൽ, മുഹമ്മദ് സഹീഫ്, സൽമാൻ കള്ളിയത്ത്, ഫസലുറഹ്മാൻ, ടൂർണമെൻറിലെ ടോപ് സ്കോറർ ടി.കെ. ജെസിൻ, ഗോൾകീപ്പർ ഹജ്മൽ സക്കീർ എന്നിവരെല്ലാം വീട്ടിലെത്തി സന്തോഷപ്പെരുന്നാൾ ആഘോഷിച്ചു.
ആ വിശേഷങ്ങളിലൂടെ............
ആഘോഷം ചുരം കയറി
ഫൈനലിൽ ഗോളടിച്ച് താരമായ വയനാട് മേപ്പാടി സ്വദേശി മുഹമ്മദ് സഫ്നാദ് മത്സരം കഴിഞ്ഞയുടനെ തന്നെ കുടുംബത്തോടൊപ്പം ചുരം കയറി. രാവിലെ മേപ്പാടിയിലെ പള്ളിയിലെത്തി പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തു. 11 മണിയോടെ വീട്ടിൽ തിരിച്ചെത്തിയ ശേഷം വീട്ടിൽ ആഹ്ലാദത്തിന്റെ ആരവം ഒഴിഞ്ഞിട്ടില്ല. ബന്ധുക്കളും സുഹൃത്തുക്കളും ജനപ്രതിനിധികളുമെല്ലാം അഭിനന്ദനവുമായി വീട്ടിലേക്കെത്തി. ഇതാണ് യഥാർഥ സന്തോഷപ്പെരുന്നാളെന്ന് സഫ്നാദ് പറഞ്ഞു. കളിച്ച ആദ്യ സന്തോഷ് ട്രോഫിയിൽതന്നെ കപ്പുമായാണ് സഫ്നാദ് ചുരം കയറിയത്. ചെറിയ പരിക്ക് ഉണ്ടായിരുന്നെങ്കിൽ അതൊന്നും വകവെക്കാതെയാണ് ഫൈനലിൽ ബൂട്ട് കെട്ടിയത്.
അസിസ്റ്റിലേറിയ ആഘോഷം
സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ സൂപ്പർ സബ് ആയിരുന്നു തിരുവമ്പാടി സ്വദേശി പി.എൻ. നൗഫൽ. കപ്പടിച്ച ശേഷം വിരുന്നെത്തിയ ചെറിയ പെരുന്നാൾ സൂപ്പർ ആയി തന്നെ ആഘോഷിച്ചു. മാർക്കറ്റ് പള്ളിയിലെ പെരുന്നാൾ നമസ്കാര ശേഷം തിരുവമ്പാടി ചേപ്പിലങ്കോട്ടിലെ തറവാട്ട് വീട്ടിലായിരുന്നു കുടുംബത്തിന്റെ പെരുന്നാൾ. ഉമ്മയുടെ സഹോദരങ്ങളും മറ്റും ബന്ധുക്കളുമടക്കം വീട്ടിൽ ഒത്തുചേർന്നു. നൗഫലിനെ വളർത്തിയ കോസ്മോസ് ക്ലബ് കോച്ച് ഫ്രാൻസിനെ കാണാനും സമയം കണ്ടെത്തി. കപ്പടിച്ചതിലൂടെ ചെറിയ പെരുന്നാൾ വലിയ പെരുന്നാൾ ആയി മാറിയെന്ന് നൗഫൽ പറഞ്ഞു. കളിയുടെ അവസാന മിനിറ്റിൽ നൗഫൽ നൽകിയ മികച്ച ക്രോസിൽ നിന്നാണ് സഫ്നാദ് ഹെഡറിലൂടെ ബംഗാളിന്റെ വലകുലുക്കിയത്. നേരത്തേ ഗ്രൂപ് ഘട്ടത്തിൽ നടന്ന ബംഗാളിനെതിരെയുള്ള മത്സരത്തിൽ സബ് ആയി ഇറങ്ങിയാണ് നൗഫൽ ഗോൾ നേടിയത്. ലിന്റോ ജോസഫ് എം.എൽ.എ വീട്ടിലെത്തി അഭിനന്ദനം അറിയിച്ചു.
വല നിറയെ സന്തോഷം
പാലക്കാട് സ്വദേശിയായ ഹജ്മൽ മഞ്ചേരിയിലെ പെരുന്നാൾ നമസ്കാരം കഴിഞ്ഞ ശേഷമാണ് നാട്ടിലേക്ക് തിരിച്ചത്. വീട്ടിലെത്തി കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷിച്ചു. ഇത്തരത്തിൽ സന്തോഷത്തോടെയുള്ള പെരുന്നാൾ ആദ്യമായാണെന്ന് ഗോൾ കീപ്പർ കൂടിയായ ഹജ്മൽ പറഞ്ഞു. ഫൈനലിൽ ഷൂട്ടൗട്ടിൽ മിഥുന് പരിക്കേറ്റതോടെ ഹജ്മൽ വലക്ക് മുന്നിൽ നിന്നിരുന്നു. ബംഗാൾ താരത്തിന്റെ ഷോട്ട് കൈയിൽ തട്ടിയാണ് വലയിൽ കയറിയത്. ഹജ്മലിന്റെ രണ്ടാം സന്തോഷ് ട്രോഫി കിരീടമാണിത്. 2018ൽ ബംഗാളിനെ തോൽപിച്ച ടീമിലും അംഗമായിരുന്നു.
കൂട്ടായിയിൽ കടലോളം ആവേശം
കൂട്ടായി കടപ്പുറത്ത് മാസപ്പിറവി കണ്ടില്ലെങ്കിലും അവിടെ പെരുന്നാൾ പൊലിമക്ക് കുറവില്ലായിരുന്നു. കാരണം മറ്റൊന്നുമല്ല, കടപ്പുറത്ത് പന്തുതട്ടി തുടങ്ങി സന്തോഷ് ട്രോഫി കിരീടം നേടിയ ടീമിൽ പ്രതിരോധ ഭടനായിരുന്ന മുഹമ്മദ് സഹീഫിന്റെ കൂടെ ആയിരുന്നു കൂട്ടായിക്കാരുടെ പെരുന്നാളാഘോഷം. രാവിലെ അഞ്ചോടെയാണ് സഹീഫ് നാട്ടിലെത്തിയത്. വാടിക്കല്ല് ജുമ മസ്ജിദിലെ പെരുന്നാൾ നമസ്കാര ശേഷം വീട്ടിലെത്തി. ഉപ്പയുടെയും ഉമ്മയുടെയുമെല്ലാം ബന്ധുക്കൾ വിജയതാരത്തെ കാണാൻ വീട്ടിലെത്തിയിരുന്നു. അഭിനന്ദന പ്രവാഹവുമായി നാട്ടുകാരും സുഹൃത്തുക്കളുമെത്തി. അവരോടൊപ്പം ഉമ്മ വിളമ്പിയ നെയ്ച്ചോറും ബീഫും കഴിച്ചു. പെരുന്നാൾ രാവിൽ തന്നെ കപ്പ് നേടാനായതിൽ സന്തോഷമുണ്ടെന്ന് സഹീഫ് പറഞ്ഞു. നാട്ടിലെ മൗലാന ഫുട്ബാൾ അക്കാദമിയുടെ താരമായ സഹീഫിന് വേണ്ടി സീനിയർ താരങ്ങളും ജൂനിയർ താരങ്ങളും തമ്മിലുള്ള സൗഹൃദ മത്സരം നടത്തി. കോച്ച് അമീർ അരീക്കോടിന്റെ നേൃതൃത്വത്തിലായിരുന്നു മത്സരം.
നിലമ്പൂരിൽ 'വലിയ' പെരുന്നാൾ
75ാമത് സന്തോഷ് ട്രോഫിയിലെ ടോപ് സ്കോർ ആയ ടി.കെ. ജെസിന്റെ നിലമ്പൂർ മിനർവ പടിയിലെ വീട്ടിൽ 'വലിയ' പെരുന്നാൾ ആയിരുന്നു. അതിന് കാരണമായിരുന്നു ടോപ് സ്കോറർ പദവിയുടെ ആ ഗോൾഡൻ കപ്പ്. അരങ്ങേറിയ വർഷം തന്നെ ആറ് ഗോളടിച്ച് താരമായി. അതിനൊപ്പം തന്നെ ചെറിയ പെരുന്നാൾ കൂടി എത്തിയതോടെ ആഘോഷത്തിന് കുറവുണ്ടായില്ല. തിങ്കളാഴ്ച രാത്രി തന്നെ വീട്ടിലെത്തി. രാവിലെ വീട്ടുകാരോടൊപ്പം ചിക്കൻ ബിരിയാണി കഴിച്ചു. സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം അഭിനന്ദനവുമായി എത്തി. ഫൈനൽ മത്സരത്തിൽ എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്താനായിലെങ്കിലും വിജയിക്കാനായത് വലിയ സന്തോഷം പകരുന്ന അനുഭവമാണെന്ന് ജെസിൻ പറഞ്ഞു. പിതാവ് നിസാർ, മാതാവ് സുനൈന, സഹോദരങ്ങളായ ജാഷിദ്, ആമിന നൗറിൻ എന്നിവരും ആഘോഷത്തിൽ പങ്കുചേർന്നു.
തിരൂരിൽ വിളമ്പിയത് പെരുന്നാൾ സദ്യ
പുലർച്ച നാലോടെയാണ് ടീമിനൊപ്പമുള്ള ആഘോഷം കഴിഞ്ഞ് കെ. സൽമാൻ വീട്ടിലെത്തിയത്. പിന്നീട് ചെറിയ പെരുന്നാളിന്റെ സന്തോഷത്തിലേക്ക് കടന്നു. തിരൂർ ബി.പി അങ്ങാടിയിലെ പള്ളിയിലെത്തി പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തു. വീട്ടിൽ ബീഫിനൊപ്പം നല്ല നാടൻ ഭക്ഷണമാണ് വീട്ടുകാർ ഒരുക്കിയത്. സാമ്പാറും അവിയലും അടക്കം ഒരു പെരുന്നാൾ സദ്യ. കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചു. ബന്ധുക്കളുടെ വീട്ടിൽ സന്ദർശനം നടത്തി. തലക്കാട് പഞ്ചായത്ത് നേതൃത്വത്തിൽ സ്വീകരണവും നൽകി. ഗോകുലത്തിനൊപ്പം ഐ ലീഗും ഡ്യൂറൻറ് കപ്പും സൽമാൻ നേടിയിരുന്നു. അതിലേക്ക് ചേർത്തുവെക്കാൻ ഇനി സന്തോഷ് ട്രോഫി കിരീടം കൂടി ഉണ്ടാകും.
ആഹ്ലാദത്തേരേറി അട്ടത്തോട്
ഷൂട്ടൗട്ടിൽ കേരളത്തിന്റെ അവസാന കിക്ക് വലയിലെത്തിച്ചതോടെയാണ് താനൂർ സ്വദേശി ഫസലുറഹ്മാന്റെ സന്തോഷപ്പെരുന്നാളിന് തുടക്കം കുറിച്ചത്. പുലർച്ച അഞ്ചരയോടെ അട്ടത്തോടിലുള്ള വീട്ടിലെത്തി. നാട്ടിലെ ജുമാമസ്ജിദിലെത്തി പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തു. ഇങ്ങനെ ഒരു പെരുന്നാൾ തന്റെ ജീവിതത്തിൽ ആദ്യമായാണെന്ന് ഫസലുറഹ്മാൻ പറഞ്ഞു. സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം വീട്ടിലെത്തി സന്തോഷം പങ്കിട്ടു. ഇത്തവണ കേരള പ്രീമിയർ ലീഗിൽ സാറ്റ് തിരൂരിനെ നയിച്ചത് ഫസലുറഹ്മാൻ ആയിരുന്നു. കന്നി സന്തോഷ് ട്രോഫിയിൽ തന്നെ കിരീടം ചൂടാൻ മധ്യനിരക്കാരന് സാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.