പൂരപറമ്പായി പയ്യനാട്: വൈകീട്ട് നാലോടെ തന്നെ ഗാലറി നിറഞ്ഞുകവിഞ്ഞു
text_fieldsമഞ്ചേരി: 'മലപ്പുറത്ത് ഒരുലക്ഷം കപ്പാസിറ്റിയുള്ള സ്റ്റേഡിയം വേണം, 50k മതിയാവില്ല, ഇത് മലപ്പുറമാണ്'- സന്തോഷ് ട്രോഫിയുടെ ഫൈനൽ കാണാനെത്തിയ ചില ആരാധകരുടെ കൈയിലുണ്ടായിരുന്ന പോസ്റ്ററിലെ വാക്കുകളാണിത്. സംഘാടകരെ പോലും ഞെട്ടിച്ച് കേരളത്തിന്‍റെ ഓരോ മത്സരത്തിനും കാൽലക്ഷത്തോളം പേരാണ് ഗാലറിയിലെത്തിയത്. കളി തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഗാലറി തിങ്ങിനിറയുന്ന സ്ഥിതി. ടിക്കറ്റെടുത്തവർ പോലും കളികാണാനാകാതെ നിരാശരായി മടങ്ങേണ്ടി വന്നതും യാഥാർഥ്യം. ആരാധകർ ചൂണ്ടിക്കാണിച്ചത് പോലെ ഒരുലക്ഷമായാലും അത് നിറഞ്ഞൊഴുകും എന്ന് ഉറപ്പിക്കുന്ന തരത്തിലായിരുന്നു ഫൈനൽ കാണാനെത്തിയ ജനക്കൂട്ടം. സംഘാടകരുടെ കണക്ക് പ്രകാരം 26,857 പേരാണ് ഗാലറിയിലെത്തിയത്. ചാമ്പ്യൻഷിപ്പിലെ ഏറ്റവും കൂടുതൽ കാണികൾ എത്തിയതും ഫൈനലിലായിരുന്നു. പയ്യനാട്ടെ കളിത്തട്ടുണരും മുമ്പുതന്നെ ഗാലറിയിലെ ആവേശം അതിന്‍റെ പരകോടിയിലെത്തി. പെരുന്നാൾ തലേന്ന് ആയിട്ടും ക്ലാസിക് ഫൈനൽ കാണാൻ ജനം ഒഴുകി. ഉച്ചക്ക് രണ്ടോടെ തന്നെ ടിക്കറ്റ് കൗണ്ടറിന് മുന്നിൽ കളിപ്രേമികൾ എത്തി. എട്ട് മണിക്കാണ് ഫൈനൽ നിശ്ചയിച്ചിരുന്നതെങ്കിലും വൈകീട്ട് നാലോടെ തന്നെ ഗാലറി നിറഞ്ഞുകവിഞ്ഞു.
സന്തോഷ് ട്രോഫിയുടെ ചരിത്രത്തിലിതുവരെ കണ്ടില്ലാത്ത കാണികൾ സ്റ്റേഡിയത്തിലേക്ക് ഇരച്ചെത്തി. അഞ്ച് മണിയോടെ പ്രധാന കവാടം അടച്ചതോടെ ആയിരക്കണക്കിന് ആളുകളാണ് ടിക്കറ്റ് ഉണ്ടായിട്ടും അകത്ത് കടക്കാനാകാതെ കുടുങ്ങിയത്. കേരള ടീം പരിശീലനത്തിന് ഇറങ്ങിയത് മുതൽ തുടങ്ങിയ ഗാലറിയിലെ ഇരമ്പൽ കപ്പടിച്ച് ടീമംഗങ്ങൾ മുറിയിലേക്ക് മടങ്ങിയതോടെയാണ് അവസാനിച്ചത്. ടീമിന്‍റെ ഓരോ മുന്നേറ്റങ്ങൾക്കും ആർപ്പുവിളിയുടെ അകമ്പടി ഉണ്ടായിരുന്നു. വുവുസേലയുടെ താളമുണ്ടായിരുന്നു. കൈയടിയുടെ പിൻബലമുണ്ടായിരുന്നു. ആ ആരവം താരങ്ങളുടെ ബൂട്ടിലേക്കും എത്തിയതോടെയാണ് പരാജയത്തിന്‍റെ വക്കിൽനിന്ന് അവസാന നിമിഷം ബംഗാൾ വലയിൽ പന്തെത്തിയത്. വിജയത്തിന്‍റെ പാതി ക്രഡിറ്റ് ഗാലറിയിൽ തങ്ങളെ പിന്തുണക്കാനെത്തിയവർക്കാണെന്നാണ് കോച്ചും താരങ്ങളുമെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞത്. 90 മിനിറ്റും പിന്നീട് അരമണിക്കൂറുള്ള അധിക സമയവുമെല്ലാം ഫെൻസിങ്ങിൽ പിടിച്ചാണ് ആരാധകർ ഗ്രൗണ്ടിലേക്ക് കണ്ണും നട്ടിരുന്നത്. ദേശീയ ചാമ്പ്യൻഷിപ്പുകൾക്ക് ഇനിയും കേരളം വേദിയാകുമ്പോൾ അതിൽ ആദ്യം എഴുതിച്ചേർക്കേണ്ട പേര് മലപ്പുറം എന്നായിരിക്കണം എന്ന് വിളിച്ചോതിയാണ് ഓരോരുത്തരും മടങ്ങിയത്. കാൽപന്തിന്‍റെ ഹൃദയഭൂമിയിൽ ഇനിയും മത്സരങ്ങൾ വരട്ടെ. അതിനൊപ്പം അടിസ്ഥാന സൗകര്യങ്ങളും ഒരുക്കട്ടെ.
കാണികളുടെ വക കുപ്പിയേറും
മഞ്ചേരി: കൊണ്ടും കൊടുത്തും വാശിയേറിയ ഫൈനൽ മത്സരം പുരോഗമിക്കുന്നതിനിടെ സംഘാടകർക്ക് തലവേദനയായി കളിക്കാർക്കുനേരെ കാണികൾ കുപ്പിയെറിഞ്ഞു. ഒരു ഗോളിന് മുന്നിട്ട് നിന്ന ബംഗാൾ താരങ്ങൾ ഓരോരുത്തരും സമയം കളയാൻ പരിക്ക് 'അഭിനയിച്ച'തോടെയാണ് കാണികളുടെ നിയന്ത്രണംവിട്ടത്. ഗാലറിയിൽനിന്ന് നീട്ടിയെറിഞ്ഞ കുപ്പികൾ പലതും മൈതാനത്തിൽ തന്നെ വന്ന് പതിച്ചു. ഇതോടെ മാച്ച് കമീഷണർ ഇടപെട്ട് കുപ്പികൾ നീക്കാൻ വളന്‍റിയർമാരെ ഏൽപിച്ചെങ്കിലും സമയം വീണ്ടും നഷ്ടമാകുമെന്ന് കണ്ട് കേരള താരങ്ങളായ പി.എൻ. നൗഫലും ബിബിൻ അജയനും വേഗത്തിൽ കുപ്പികൾ മാറ്റി. ഇതോടെയാണ് മത്സരം പുനരാരംഭിച്ചത്. തൊട്ടുപിന്നാലെ കേരളം സമനില ഗോൾ നേടിയതോടെ ഗാലറി 'പൊട്ടിത്തെറിച്ചു'. നേരത്തേ പഞ്ചാബിനെതിരെ നടന്ന മത്സരത്തിലും കുപ്പിയേറ് നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.