മലയാളി സ്പർശം; ഗോകുല വിജയം
text_fieldsകോഴിക്കോട്: വീട്ടുമുറ്റം പോലെ സുപരിചിതമായ സ്വന്തം നാട്ടിൽ കളികാണാനെത്തിയ ഉമ്മക്കു മുന്നിൽ കോഴിക്കോട്ടുകാരൻ പി.എൻ. നൗഫൽ താരമായി. ഐസ്വാൾ എഫ്.സിക്കെതിരെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് ഗോകുലം എഫ്.സി ജയം കുറിച്ചപ്പോൾ ഐ ലീഗിൽ ആദ്യമായി കളിയിലെ താരമാകാൻ നൗഫലിന് ഭാഗ്യമുണ്ടായി.
ഐ ലീഗിൽ ഹാട്രിക് കിരീട സ്വപ്നം ഏറക്കുറെ അസാധ്യമായെങ്കിലും ഐസ്വാളിനെ ഹാട്രിക് ഗോളിൽ തകർത്ത് ഗോകുലം എഫ്.സി കേരള കൈവരിച്ചത് മികച്ച ജയം. മലയാളികളായ രാഹുൽ രാജുവും ജിജോ ജോസഫും സ്പാനിഷ് താരം സെർജിയോ മെൻഡിഗുചിയ ഇഗ്നേഷ്യസും ഗോകുലത്തിനായി ഗോളുകൾ കുറിച്ചപ്പോൾ രണ്ടു ഗോളുകൾക്കും പിന്നിലെ ശിൽപിയായത് നൗഫലായിരുന്നു. ആകെ മൂന്നു ഗോളിലും മലയാളി സ്പർശം.
പ്രത്യാക്രമണത്തിനുപോലും ഇടനൽകാതെയായിരുന്നു ഗോകുലത്തിന്റെ മുന്നേറ്റം. 35ാം മിനിറ്റിൽ വലതു വിങ്ങിൽനിന്ന് ഗോൾമുഖം ലക്ഷ്യമാക്കി അളന്നുതൂക്കി നൗഫൽ നൽകിയ ക്രോസ് ഡിഫൻഡർ ക്ലിയർ ചെയ്യാൻ ശ്രമിച്ചെങ്കിലും രാഹുൽ രാജുവിന്റെ മികച്ച ഷോട്ട് ഗോൾവല തുളച്ചു. തുടർന്ന് നൗഫലിനെ കേന്ദ്രീകരിച്ചായി ഗോകുലത്തിന്റെ ആക്രമണങ്ങൾ. തുടരെ തുടരെ നൗഫൽ തുറന്നെടുത്ത അവസരങ്ങൾ ഫിനിഷ് ചെയ്യാൻ മുന്നേറ്റക്കാരൻ സെർജിയോ ഇഗ്നേഷ്യസിന് കഴിയാതെപോയി.
രണ്ടാം പകുതിയിലും ഗോകുലത്തിന്റെ മികച്ച മുന്നേറ്റമായിരുന്നു. 57ാം മിനിറ്റിൽ നൗഫൽ നൽകിയ ക്രോസ് ഇടിവാൾ പോലെ സെർജിയോ ഇഗ്നേഷ്യസ്, ഐസ്വാൾ വലയിലെത്തിച്ചു. സബ്സ്റ്റിറ്റ്യൂട്ടായിറങ്ങിയ മലയാളി താരങ്ങൾ ജോബി ജസ്റ്റിനും ജിജോ ജോസഫും ചേർന്ന കൂട്ടുകെട്ടാണ് 90ാം മിനിറ്റിൽ ഗോകുലത്തിന്റെ പട്ടിക തികച്ചത്.
കളിയിലെ കേമനായി നൗഫലിനെ തെരഞ്ഞെടുത്തു. കളി കാണാനെത്തിയ ഉമ്മക്കാണ് തനിക്ക് കിട്ടിയ മാൻ ഓഫ് ദ ഹീറോ പുരസ്കാരം നൗഫൽ സമർപ്പിച്ചത്. 19 കളികളിൽനിന്ന് 33 പോയന്റുമായി ഗോകുലം മൂന്നാം സ്ഥാനത്താണ്. ഒന്നും രണ്ടും സ്ഥാനത്തുള്ള ശ്രീനിധി ഡെക്കാൻ എഫ്.സിക്കും റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്.സിക്കും 40 പോയന്റുണ്ട്. മാർച്ച് രണ്ടിന് ട്രൗ എഫ്.സിയുമായാണ് ഗോകുലത്തിന്റെ കളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.