ലോകകപ്പ് ആവേശം നയിച്ച് മലയാളി ആരാധകർ
text_fieldsദോഹ: ലോകകപ്പിന് വിസിൽ മുഴങ്ങാനായാൽ നൈനാംവളപ്പിലും തെരട്ടമ്മലും മുതൽ കൊച്ചിയിലും തിരുവനന്തപുരത്തും വരെ ബ്രസീലിന്‍റെയും അർജന്‍റീനയുടെയും സ്പെയിനിന്‍റെയും കൊടികളുയർത്തി ആവേശത്തിന് തീപിടിപ്പിക്കുന്നവരാണ് മലയാളി ഫുട്ബാൾ പ്രേമികൾ. എന്നാൽ, ലോകകപ്പ് ആവേശം, മലയാളികർ ഏറെയുള്ളൊരു നാട്ടിലാണെങ്കിലോ... സംശയമൊന്നുമില്ല ഗാലറിയിലും പുറത്തും ആരവങ്ങൾ നയിക്കാൻ മലയാളി മുന്നിൽ തന്നെയുണ്ടാവും.
കാൽപന്തുകളിയുടെ വിശ്വപോരാട്ടത്തിന് ഖത്തർ ഒരുങ്ങുമ്പോഴും അക്കാര്യത്തിൽ മാറ്റമൊന്നുമില്ല. ലോകകപ്പിന് വിസിൽ മുഴങ്ങാൻ നാലു മാസത്തിലേറെ കാത്തിരിപ്പുണ്ടെങ്കിലും ആതിഥേയ മണ്ണിൽ ആരാധക ആവേശത്തിന് കിക്കോഫ് കുറിച്ചു കഴിഞ്ഞു. ലോകകപ്പിന് യോഗ്യത നേടിയ വിവിധ ടീമുകളുടെ ഫാൻ ഗ്രൂപ്പുകൾ സ്ഥാപിക്കാൻ നേതൃത്വം നൽകിയും, നാടെങ്ങും കളിയാവേശം പടർത്തിയുമാണ് ഖത്തറിലെ മലയാളി ആരാധക കൂട്ടങ്ങളുടെ നേതൃത്വത്തിൽ ഫാൻ ഗ്രൂപ്പുകൾ തുടങ്ങുന്നത്.
അവരിൽ മുന്നിലുള്ള ഫുട്ബാൾ ആരാധകരുടെ പ്രിയപ്പെട്ട ബ്രസീലും അർജന്‍റീനയും തന്നെ. ലയണൽ മെസ്സിയുടെ പിറന്നാൾ ദിനത്തിൽ ലോകകപ്പ് കൗണ്ട് ഡൗൺ ക്ലോക്ക് സ്ഥിതി ചെയ്യുന്ന ദോഹ കോർണിഷിൽ ഒത്തു ചേർന്നാണ് അർജന്‍റീന ഫാൻസ് കൂട്ടായ്മക്ക് തുടക്കം കുറിച്ചത്. ഖത്തറിൽ പ്രവാസികളായ അർജന്‍റീനക്കാരും ഖത്തരി ആരാധകരും വിദേശികളുമെല്ലാം ചേർന്നുള്ള വാട്സ്ആപ് ഗ്രൂപ്പുമായി വൈവിധ്യമാർന്ന പ്രവർത്തനങ്ങളുമായി സജീവമായ ഫാൻ ഗ്രൂപ് അങ്ങ് അർജന്‍റീനൻ മാധ്യമങ്ങളിലും വാർത്തയായി.
ലോകകപ്പിന്‍റെ മണ്ണിൽ അർജന്‍റീന ആരാധകപ്പട നേരത്തെ സജീവമെന്ന നിലയിലായിരുന്നു പ്രശസ്ത സ്പോർട്സ് പത്രമായ 'ഒലെ' റിപ്പോർട്ട് ചെയ്തത്. അർജന്‍റീനക്കാർ സജീവമായതിനു പിറകെ, നെയ്മറിനെയും വിനീഷ്യസിനെയും വരവേറ്റുകൊണ്ട് ബ്രസീൽ ആരാധകരും ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കഴിഞ്ഞ ദിവസം ഖത്തർ സന്ദർശനത്തിനെത്തിയ ബ്രസീൽ സൂപ്പർ താരം മാഴ്സലോ ലോഗോ പ്രകാശനം ചെയ്തുകൊണ്ടു തന്നെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
വെള്ളിയാഴ്ച നിരവധി ആരാധകരുടെ സംഗമവും സംഘടിപ്പിച്ചിരുന്നു. ഇതിനു പുറമെ, പോർചുഗൽ, സ്പെയിൻ, ഇംഗ്ലണ്ട് ഉൾപ്പെടെ വിവിധ ടീമുകൾക്കും ഫാൻ ഗ്രൂപ്പുകൾ പിറക്കുമ്പോൾ അവർക്ക് നേതൃത്വവുമായി മലയാളി ആരാധകർ തന്നെ മുന്നിൽ. എന്തായാലും, ലോകകപ്പിന്‍റെ കളത്തിൽ ഇന്ത്യയുടെ സാന്നിധ്യം വിദൂര സ്വപ്നമാണെങ്കിലും, കളത്തിന് പുറത്ത് ആരവങ്ങളെ നയിക്കാൻ ഇന്ത്യ ഏറെ മുന്നിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.