ആറാം ഹാട്രിക്കുമായി ഹാലൻഡ്; ബേൺലിക്കെതിരെ ആറാടി മാഞ്ചസ്റ്റർ സിറ്റി; എഫ്.എ കപ്പ് സെമിയിൽ
text_fieldsഗോൾ മെഷീൻ എർലിങ് ഹാലൻഡ് സീസണിലെ ആറാം ഹാട്രിക് കുറിച്ച മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. എഫ്.എ കപ്പ് ക്വാർട്ടർ ഫൈനലിൽ സ്വന്തം കാണികൾക്കു മുന്നിൽ ഏകപക്ഷീയമായ ആറു ഗോളിനാണ് ബേൺലിയെ സിറ്റി തരിപ്പണമാക്കിയത്.
തുടർച്ചയായ അഞ്ചാം തവണയാണ് സിറ്റി എഫ്.എ കപ്പ് സെമിയിലെത്തുന്നത്. മത്സരത്തിന്‍റെ 32, 35, 59 മിനിറ്റുകളിലായിരുന്നു ഹാലൻഡിന്‍റെ ഗോളുകൾ. അർജന്‍റൈൻ താരം ജൂലിയൻ അൽവാരസ് ഇരട്ട ഗോളുകൾ (62, 73 മിനിറ്റുകളിൽ) നേടി. കോൾ പാമറിന്‍റെ വകയായിരുന്നു മറ്റൊരു ഗോൾ.
ഒരാഴ്ചക്കിടെ നോർവീജിയൻ താരത്തിന്‍റെ രണ്ടാം ഹാട്രിക്കാണിത്. കഴിഞ്ഞദിവസം ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ രണ്ടാംപാദത്തിൽ ആർ.ബി ലൈപ്സീഗിനെതിരെ താരം അഞ്ചു ഗോളുകൾ നേടിയിരുന്നു. എതിരില്ലാതെ എഴു ഗോളിനാണ് (ഇരുപാദങ്ങളിലായി 8-1) മത്സരം ജയിച്ച് സിറ്റി ക്വാർട്ടറിലെത്തിയത്. സീസണിൽ സിറ്റിക്കായി ഹാലൻഡിന്‍റെ ഗോൾ നേട്ടം ഇതോടെ 42 ആയി. ഒരു സീസണിൽ സിറ്റിക്കായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന നേട്ടം നേരത്തെ തന്നെ ഹാലൻഡ് സ്വന്തമാക്കിയിരുന്നു.
1928-29 സീസണിൽ ടോമി ജോൺസൺ നേടിയ 38 ഗോളുകളാണ് താരം മറികടന്നത്. മത്സരത്തിൽ പന്തടക്കത്തിലും ആക്രമണത്തിലുമെല്ലാം സിറ്റിക്കു തന്നെയായിരുന്നു മുൻതൂക്കം. ഒരു സീസണിൽ എല്ലാ ചാമ്പ്യൻഷിപ്പുകളിലുമായി 40 ഗോൾ നേടുന്ന ആറാമത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് താരവുമായി 22കാരനായ ഹാലൻഡ്. 44 ഗോളുകളുമായി റൂഡ് വാൻ നിസ്റ്റൽറൂയിയും മുഹമ്മദ് സാലയുമാണ് പട്ടികയിൽ ഒന്നാമതുള്ളത്.
മികച്ച ഫോമിൽ തുടരുന്ന ഹാലൻഡിനു ഈ റെക്കോഡ് മറികടക്കാൻ വലിയ കാത്തിരിപ്പൊന്നും വേണ്ടിവരില്ല. മാഞ്ചസ്റ്റർ യുനൈറ്റഡ്, ഫുൾഹാം, ബ്രെറ്റൺ, ഗ്രിംസ്ബി, ബ്ലാക്ക്ബേൺ, ഷെഫീൽഡ് യുനൈറ്റഡ് എന്നിവരിൽ ആരെങ്കിലുമാകും സെമിയിൽ സിറ്റിയുടെ എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.