ലെൻസിന്‍റെ യുവ പ്രതിരോധ ഭടൻ സിറ്റിയിലേക്ക്; പ്രീമിയർ ലീഗ് ക്ലബിലെത്തുന്ന ആദ്യ ഉസ്ബെക്ക് താരം
text_fieldsലണ്ടൻ: സീസണിൽ ഒന്നും ശരിയാകാത്ത മാഞ്ചസ്റ്റർ സിറ്റി, ഫ്രഞ്ച് ക്ലബ് ലെൻസിൽനിന്ന് യുവപ്രതിരോധ താരത്തെ ടീമിലെത്തിക്കുന്നു.
ജനുവരി ട്രാൻസ്ഫർ വിപണി ഉപയോഗപ്പെടുത്തി ഉസ്ബെക്കിസ്ഥാൻ താരം അബ്ദുകോദിർ ഖുസനോവിനെ ടീമിലെത്തിക്കാൻ ലെൻസുമായി സിറ്റി കരാറിലെത്തി. 20കാരനായി 40 മില്യൺ യൂറോക്കാണ് ഇരുക്ലബുകളും കരാറിലെത്തിയത്. അഡീഷനൽ ബോണസുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. കരാർ ഔദ്യോഗികമായി ഒപ്പിടുന്നതിനു മുന്നോടിയായി താരം വൈദ്യ പരിശോധനക്ക് വിധേയനാകും. 2029 ജൂൺ വരെയാണ് കരാർ. കൂടാതെ, ഒരു വർഷം കൂടി ക്ലബിനൊപ്പം തുടരാനുള്ള ഓപ്ഷനുമുണ്ടാകും.
സീസണിൽ അപ്രതീക്ഷിത തിരിച്ചടി നേരിടുന്ന സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള ടീമിനെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളിലാണ്. നിലവിൽ പ്രീമിയർ ലീഗിൽ ആറാമതുള്ള ക്ലബ്, ഒന്നാമതുള്ള ലിവർപൂളിനേക്കാൾ 12 പോയന്‍റ് പിന്നിലാണ്. കരാർ യഥാർഥ്യമായാൽ പ്രീമിയർ ലീഗ് ക്ലബിന്‍റെ ഭാഗമാകുന്ന ആദ്യ ഉസ്ബെക്ക് താരമാകും ഖുസനോവ്. പരിക്കേറ്റ സ്പാനിഷ് മധ്യനിര താരം റോഡ്രി ഏറെ നാളായി കളത്തിനു പുറത്താണ്. കഴിഞ്ഞ സിസംബർ 15ന് നടന്ന മാഞ്ചസ്റ്റർ ഡെർബിയിൽ തോറ്റതിനു പിന്നാലെ പരിക്കേറ്റ റൂബൻ ഡയസും ടീമിന് പുറത്താണ്.
ജോൺ സ്റ്റോൺസ്, നഥാൻ അകെ ഉൾപ്പെടെയുള്ള പ്രധാന താരങ്ങളെയും പരിക്ക് വലക്കുന്നുണ്ട്. 18 മാസം മുമ്പ് ബലറൂസിയൻ ക്ലബ് എനർജെറ്റിക് -ബി.ജി.യുവിൽനിന്നാണ് ഖുസനോവ് ഒരു ലക്ഷം യൂറോക്ക് ലെൻസിലെത്തുന്നത്. അധികം വൈകാതെ തന്നെ ക്ലബിന്‍റെ പ്രധാന പ്രതിരോധ താരങ്ങളിലൊരാളായി പേരെടുത്തു. ലീഗ് വണ്ണിൽ 13 മത്സരങ്ങൾ കളിച്ചു.
ഉസ്ബെക്കിസ്ഥാനായി 18 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഡിസംബർ 22ന് ഫ്രഞ്ച് കപ്പിൽ പി.എസ്.ജിയുമായുള്ള മത്സരത്തിലാണ് ഖുസനോവ് ലീഗിലെ ആദ്യ ഗോൾ നേടിയത്. കൂടാതെ, ബ്രസീൽ ക്ലബ് പാൽമിറാസിൽനിന്ന് കൗമാര പ്രതിരോധ താരം വിറ്റോർ റീസിനെയും ഈജിപ്ത് മുന്നേറ്റതാരം ഉമർ മാർമൂഷിനെയും ക്ലബിലെത്തിക്കാൻ സീറ്റി ചരടുവലിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.