മെസിക്ക് മുന്നിലുള്ളത് പി.എസ്.ജിയും മാഞ്ചസ്റ്റർ സിറ്റിയും; കൂടുമാറ്റത്തിൽ പ്രവചനങ്ങളുമായി ഫുട്ബാൾ ലോകം
text_fieldsബാഴ്സലോണ: സൂപ്പർ താരം ലയണൽ മെസി ഇനി ബാഴ്സയിലുണ്ടാവില്ലെന്ന് എതാണ്ട് ഉറപ്പായിരിക്കുകയാണ്. ഫ്രീ ട്രാൻസ്ഫറിന്റെ ആനുകൂല്യമുള്ള മെസിക്ക് തന്‍റെ അടുത്ത ക്ലബ് തെരഞ്ഞെടുക്കാനുള്ള പൂർണ സ്വാതന്ത്ര്യമുണ്ട്. അർജന്‍റീനയുടെ സൂപ്പർ സ്ട്രൈക്കർ ഏത് ക്ലബിലേക്കാവും ചേക്കേറുകയെന്നാണ് ഫുട്ബാൾ ലോകം ഉറ്റുനോക്കുന്നത്.
ഏത് ക്ലബിലേക്ക് പോകാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും മെസിക്ക് മുന്നിൽ ഓപ്ഷനുകൾ കുറവാണ്. മെസിയുടെ ശമ്പളം ഉൾപ്പടെയുള്ള ഡിമാൻഡുകൾ അംഗീകരിക്കാൻ എല്ലാ ക്ലബുകൾക്കും സാധിച്ചെന്ന് വരില്ല. ഇൗയൊരു സാഹചര്യത്തിൽ മെസിയുടെ മുന്നിലുള്ളത് പ്രധാനമായും രണ്ട് സാധ്യതകളാണ്. മാഞ്ചസ്റ്റർ സിറ്റിയും പി.എസ്.ജിയുമാണ് അവ.
പി.എസ്.ജിയിലേക്ക് കൂടുമാറുമോ മെസി
പി.എസ്.ജിയാണ് മെസിക്ക് താൽപര്യമുള്ള പ്രധാന ക്ലബെന്ന സൂചനകൾ നേരത്തെ പുറത്ത് വന്നിരുന്നു. മുമ്പ് ബാഴ്സയുമായി അഭിപ്രായ ഭിന്നതകൾ ഉണ്ടായപ്പോൾ പി.എസ്.ജിയുമായി മെസി അടുത്തിരുന്നുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, നിലവിൽ ഫ്രഞ്ച് താരം എംബാപ്പയുടെ കരാർ പുതുക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ് പി.എസ്.ജി. ഈയൊരു സാഹചര്യത്തിൽ മറ്റൊരു സൂപ്പർ താരത്തെ അവർ പാളയത്തിലെത്തിക്കുമോയെന്നത് കണ്ടറിയേണ്ട കാര്യമാണ്.
നിലവിൽ ക്ലബിന് 200 മില്യൺ യുറോയുടെ ധനകമ്മിയുണ്ട്. കഴിഞ്ഞ സീസണിൽ മാത്രം ക്ലബിന്‍റെ ബജറ്റിൽ 120 മില്യൺ യുറോയുടെ കുറവാണ് ഉണ്ടായത്. മെസിയെ ടീമിലെത്തിക്കണമെങ്കിൽ സാമ്പത്തികമായി വലിയ അച്ചടക്കം ക്ലബിന് പാലിക്കേണ്ടി വരും. പല താരങ്ങളേയും വിൽക്കേണ്ട സാഹചര്യവും ഉണ്ടാവും. ഇതിന് പുറമേ ഫ്രാൻസിലെ ഉയർന്ന നികുതിയും മെസിയെ ടീമിലെത്തിക്കുന്നതിന് തടസമാണ്.
സാധ്യതകൾ വിരൽ ചൂണ്ടുന്നത് സിറ്റിയിലേക്കോ ?
മെസി ബാഴ്സ വിടുമെന്ന് ഉറപ്പായതോടെ ഇതുവരെയുള്ള പദ്ധതികളിൽ മാഞ്ചസ്റ്റർ സിറ്റി മാറ്റത്തിനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. മുന്നേറ്റനിര ശക്തിപ്പെടുത്താനുളള നീക്കങ്ങൾക്ക് സിറ്റി തുടക്കമിട്ടിരുന്നു. ഇതിനായി ഇംഗ്ലീഷ് സ്ട്രൈക്കർ ജാക്ക് ഗ്രില്ലിഷിനെ ടീമിലെത്തിക്കുകയും ചെയ്തു. ഇംഗ്ലീഷ് ക്യാപ്റ്റനും യുറോ കപ്പിൽ മിന്നും പ്രകടനം നടത്തുകയും ചെയ്ത താരമായ ഹാരി കെയ്നിനെ ടീമിലെത്തിക്കാനും സിറ്റിക്ക് പദ്ധതിയുണ്ടായിരുന്നു.
എന്നാൽ, മെസി ബാഴ്സ വിടുമെന്ന് ഉറപ്പായതോടെ ഹാരി കെയ്നിന് പകരം അർജന്‍റീനയുടെ സൂപ്പർ താരത്തെ ടീമിലെത്തിക്കാനാണ് സിറ്റിയുടെ ശ്രമം. പെപ് ഗ്വാർഡിയോളയുടെ കീഴിൽ ഒരിക്കൽ കൂടി മെസി കളിക്കാനെത്താനുള്ള സാധ്യതകളാണ് ഫുട്ബാൾ വിദഗ്ധർ ഇപ്പോൾ പ്രവചിക്കുന്നത്. മൂന്ന് വർഷത്തേക്ക് മെസി യുറോപ്പിൽ തന്നെ തുടരുമെന്നും വിദഗ്ധർ പ്രവചിച്ച് കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.