പ്രീമിയർ ലീഗ് ചട്ടലംഘനം: വിധി ഒരു മാസത്തിനകമെന്ന് പെപ്; സിറ്റി കുരുങ്ങുമോ?
text_fieldsലണ്ടൻ: പ്രീമിയർ ലീഗ് സാമ്പത്തിക അച്ചടക്ക നിയമത്തിലെ 115 ലംഘനങ്ങളിൽ വിധി ഒരു മാസത്തിനകം ഉണ്ടാകുമെന്ന് മാഞ്ചസ്റ്റർ സിറ്റി കോച്ച് പെപ് ഗ്വാർഡിയോള. സെപ്റ്റംബർ മുതൽ 12 ആഴ്ചകളെടുത്ത് വാദം കേൾക്കൽ പൂർത്തിയായിട്ടുണ്ട്. വൻതോതിൽ പോയന്റ് വെട്ടിക്കുറക്കലോ തരംതാഴ്ത്തലോ അടക്കം നടപടികൾ ഉണ്ടാകുമെന്നാണ് സൂചന. 2009നും 2018നുമിടയിലെ കാലയളവിൽ കൃത്യമായ സാമ്പത്തിക ഇടപാടുകളുടെ വിവരം നൽകുന്നതിൽ സിറ്റി പരാജയപ്പെട്ടെന്നാണ് പ്രധാന ആരോപണം. 2018ൽ പ്രിമിയർ ലീഗ് ആരംഭിച്ച അന്വേഷണങ്ങളോട് സിറ്റി സഹകരിച്ചില്ലെന്നും പരാതിയുണ്ട്.
യുവേഫ, പ്രിമിയർ ലീഗ് സാമ്പത്തിക അച്ചടക്കം ലംഘിച്ചെന്നാണ് മറ്റൊന്ന്. 2008ൽ അബൂദബി യുനൈറ്റഡ് ഗ്രൂപിനു കീഴിലായ സിറ്റി പിന്നീട് എട്ട് പ്രിമിയർ ലീഗ് കിരീടങ്ങൾ, ഒരു ചാമ്പ്യൻസ് ലീഗ്, മൂന്ന് എഫ്.എ കപ്പുകൾ, ആറ് ലീഗ് കപ്പുകൾ എന്നിവ നേടിയിരുന്നു. 2006ൽ സീരി എയിൽ യുവന്റസാണ് സമാനമായി ശിക്ഷിക്കപ്പെട്ടിരുന്നത്. രണ്ട് ലീഗ് കിരീടങ്ങൾ നഷ്ടമായ ടീം രണ്ടാം തട്ടിലേക്ക് തരംതാഴ്ത്തപ്പെടുകയും ചെയ്തു.
നിലവിൽ പോയന്റ് നിലയിൽ അഞ്ചാമതുള്ള സിറ്റി പ്രാഥമിക നടപടികൾക്ക് തുടക്കമായ ശേഷം വൻതോൽവികളുമായി പിറകോട്ടു പോയിരുന്നു. ഒന്നാം സ്ഥാനക്കാരായ ലിവർപൂളുമായി ടീമിന് 15 പോയിന്റ് വ്യത്യാസമുണ്ട്. എന്നാൽ, കോച്ച് പെപ്പിന്റെ കാലാവധി രണ്ടു വർഷംകൂടി നീട്ടിയ ടീം സമീപ നാളുകളിൽ വൻതുക ചെലവിട്ട് നിരവധി താരങ്ങളെ ടീമിലെത്തിച്ചത് സമീപഭാവിയിൽ പുതിയ താരങ്ങളെ എത്തിക്കുന്നതിൽ നേരിടാവുന്ന വിലക്ക് മറികടക്കാനാണെന്നും പറയുന്നു. 18 കോടി പൗണ്ട് (1960 കോടി രൂപ) നൽകി നാല് താരങ്ങളെയാണ് കഴിഞ്ഞ മാസം ടീമിലെടുത്തത്. ഉസ്ബെക് താരം അബ്ദുകോദിർ ഖുസാനോവ്, ബ്രസീലിന്റെ കൗമാരതാരം വിറ്റോർ റീസ്, ഈജിപ്ത് സ്ട്രൈക്കർ ഉമർ മർമൂശ്, സ്പാനിഷ് മിഡ്ഫീൽഡർ നികൊ ഗൊൺസാലസ് എന്നിവരാണ് പുതുതായി സിറ്റി ജഴ്സിയിലെത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.