പത്തുപേരായി ചുരുങ്ങി; എന്നിട്ടും മാഞ്ചസ്റ്റർ സിറ്റിയെ ഇത്തിഹാദിൽ കയറി ലീഡ്സ് മലർത്തിയടിച്ചു
text_fieldsലണ്ടൻ: തന്ത്രങ്ങളുടെ ആശാൻ പെപ് ഗ്വാർഡിയോള ഈ ദിനം മറക്കാൻ സാധ്യതയില്ല. കാർലോസ് ബിയെൽസയുടെ ചുണക്കുട്ടികൾ മാഞ്ചസ്റ്റർ സിറ്റിയെ ഇത്തിഹാദിൽ വെച്ച് അട്ടിമറിച്ചു. ആദ്യ പകുതിയുടെ അവസാന മിനുറ്റിൽ ലിയാം കൂപ്പർ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്തുപേരായി ചുരുങ്ങിയിട്ടും സിറ്റിക്ക് വിജയത്തിലെത്താനായില്ല. 42ാം മിനുറ്റിലും ഇഞ്ചുറി ടൈമിലും സ്റ്റുവർട്ട് ഡല്ലാസ് തൊടുത്ത ഗോളുകളിലാണ് സിറ്റിയുടെ കൊെമ്പാടിഞ്ഞത്.
ഇരുടീമുകളും ആക്രമിച്ചു കളിച്ച ആദ്യ പകുതി വേഗപ്പോരാട്ടമായിരുന്നു. രണ്ടാം പകുതിയിൽ ലീഡ്സ് പത്ത് പേരായി ചുരുങ്ങിയതിന്‍റെ ആനുകൂല്യം മുതലെടുത്ത സിറ്റി നിരന്തരമായി ആക്രമിച്ചു കയറിയെങ്കിലും ലീഡ്സ് പ്രതിരോധ നിരയിൽ തട്ടിത്തെറിക്കുകയായിരുന്നു. 76ാം മിനുറ്റിൽ വല കുലുക്കി ഫെറൻ ടോറസ് സിറ്റിക്ക് വിജയപ്രതീക്ഷ നൽകിയെങ്കിലും ലീഡ്സ് നിര സിറ്റിയെ വിജയഗോളിനനുവദിക്കാതെ പിടിച്ചുകെട്ടി.
ഒടുവിൽ ഇഞ്ചുറി ടൈമിൽ സിറ്റി ഗോൾ മുഖത്തേക്ക് ഓടിക്കയറിയ സ്റ്റുവർട്ട് ഡല്ലാസ് ഗോൾകീപ്പർ എഡേഴ്സന്റെ കാലുകൾക്കിടയിലൂടെ വിജയഗോൾ നേടുകയായിരുന്നു. അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയെങ്കിലും സിറ്റിയുടെ ഒന്നാംസ്ഥാനത്തിന് ഭീഷണിയില്ല. 32കളികളിൽ നിന്നും സിറ്റിക്ക് 74 പോയന്‍റാണുള്ളത്. രണ്ടാമതുള്ള മാഞ്ചസ്റ്റർ യുനൈറ്റഡിന് 30 കളിൽ നിന്നും 60 പോയന്‍റാണ് സമ്പാദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.