മാഞ്ചസ്റ്റർ സിറ്റി സൂപ്പർതാരവും സൗദി ക്ലബിൽ; മൂന്നു കോടി പൗണ്ടിന്‍റെ കരാർ
text_fieldsയൂറോപ്യൻ ഫുട്ബാളിലെ ഒരു വമ്പൻ താരത്തെ കൂടി സ്വന്തമാക്കി സൗദി ക്ലബ്. മാഞ്ചസ്റ്റർ സിറ്റിയുടെ അൾജീരിയൻ മുന്നേറ്റതാരം റിയാദ് മെഹ്റസാണ് അൽ-അഹ്ലി ക്ലബുമായി കരാറിലെത്തിയത്.
സിറ്റിയിൽ രണ്ടു വർഷത്തെ കരാർ കാലാവധി ബാക്കി നിൽക്കെയാണ് 32കാരൻ സൗദി പ്രോ ലീഗിലേക്ക് ചേക്കേറുന്നത്. 2018ൽ ആറു കോടി പൗണ്ടിനാണ് ലെസ്റ്റർ സിറ്റിയിൽനിന്ന് മെഹ്റസ് മാഞ്ചസ്റ്റർ സിറ്റിയിലെത്തുന്നത്. അന്നുമുതൽ ടീമിലെ പ്രധാന കളിക്കാരനാണ്.
ട്രബ്ൾ കിരീട നേട്ടം കൈവരിച്ച സീസണിൽ സിറ്റിക്കായി വിവിധ ചാമ്പ്യൻഷിപ്പുകളിലായി 47 മത്സരങ്ങളാണ് താരം കളിച്ചത്. 15 ഗോളുകൾ നേടുകയും 13 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. എന്നാൽ, മെഹ്റസിന് പ്ലെയിങ് ഇലവനിൽ സ്ഥിരമായി ഇടംകിട്ടിയിരുന്നില്ല. ഇത് താരത്തെ അലോസരപ്പെടുത്തുന്നതായി പരിശീലകൻ പെപ് ഗാർഡിയോള തന്നെ വെളിപ്പെടുത്തിയിരുന്നു.
2015 വരെ മെഹ്റസിന് സിറ്റിയുമായി കരാറുണ്ടെങ്കിലും താരം സൗദിയിലേക്ക് ചേക്കേറുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കളിക്കാനായത് വലിയ അംഗീകാരവും ബഹുമതിയുമാണെന്ന് മെഹ്റസ് പ്രതികരിച്ചു.
ട്രോഫികൾ നേടാനും ഫുട്ബാൾ ആസ്വദിക്കാനുമാണ് ഞാൻ സിറ്റിയിൽ വന്നത്. അതിനേക്കാളേറെ ഞാൻ നേടിയെടുത്തു. ഒരു ജീവിതകാലം മുഴുവൻ ഓർക്കാനുള്ള ഓർമകളുമായാണ് മടങ്ങുന്നത്. മാഞ്ചസ്റ്റർ സിറ്റി എന്നും എന്‍റെ ജീവിതത്തിന്‍റെ ഭാഗമായിരിക്കും -മെഹ്റസ് കൂട്ടിച്ചേർത്തു.
സൗദി ലീഗ് ചാമ്പ്യൻമാരായ അൽ ഇത്തിഹാദ് ബാലൺ ഡി ഓർ ജേതാവ് കരിം ബെൻസെമയെയും ഫ്രഞ്ച് താരം എംഗോളോ കാന്‍റയെയും ടീമിലെത്തിച്ചിരുന്നു. സെനഗാലിന്‍റെ കാലിദൊ കൗലിബാലിയെയും വോൾവ്‌സിന്‍റെ പോർചുഗൽ മിഡ്ഫീൽഡർ റൂബൻ നെവെസിനേയും അൽ ഹിലാൽ ക്ലബും സ്വന്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.