ചാമ്പ്യൻസ് ലീഗ് ഫൈനൽ പോരാട്ടത്തിനൊരുങ്ങി മാഞ്ചസ്റ്റർ സിറ്റിയും ഇന്റർ മിലാനും
text_fieldsഇസ്തംബൂൾ: ആയിരം കനവുകളുമായി കാൽപന്തുലോകം കാതോർത്തുനിൽക്കുന്ന ആവേശപ്പോര് ഇന്ന് രാത്രി ഇസ്തംബൂൾ അത്താതുർക് മൈതാനത്ത്. യൂറോപ്പിലെ ഏറ്റവും മികച്ച ഇലവനെന്ന് എതിരാളികൾപോലും സമ്മതിക്കുമ്പോഴും മാറോടുചേർക്കാനാകാതെ അകന്നുനിന്ന കിരീടം പിടിക്കാൻ മാഞ്ചസ്റ്റർ സിറ്റിയും സീരി എയിൽ മൂന്നാമന്മാരായ ഇന്റർ മിലാനുമാണ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മുഖാമുഖം. ജയിച്ച് സീസണിൽ മൂന്നു കിരീടങ്ങളെന്ന സ്വപ്നനേട്ടത്തിലേക്കുകൂടി പന്തടിച്ചുകയറുകയെന്ന അത്യപൂർവ ചരിത്രത്തിനരികെയാണ് പെപ് ഗ്വാർഡിയോളയെന്ന മാന്ത്രികനും കുട്ടികളും.
2008ൽ അബൂദബി യുനൈറ്റഡ് ഗ്രൂപ് ഏറ്റെടുത്തതു മുതൽ കാത്തിരിപ്പിലാണ് ഇത്തിഹാദ് മൈതാനം. ഇംഗ്ലീഷ് ഫുട്ബാളിൽ ഏറെയായി എതിരാളികളില്ലാതെയാണ് ടീമിന്റെ കുതിപ്പ്. പ്രീമിയർ ലീഗിൽ അവസാന 12 സീസണിൽ ഏഴുവട്ടം കിരീടം ചൂടിയവർ. ഇത്തവണയും കളി തീരുംമുമ്പ് കപ്പുയർത്തി എതിരാളികളെ വിറപ്പിച്ചവർ. കഴിഞ്ഞയാഴ്ച എഫ്.എ കപ്പ് കിരീടവും ഇത്തിഹാദിലെത്തിയതോടെ ഇനി യൂറോപ്പിന്റെ ചാമ്പ്യൻപട്ടംകൂടിയെന്ന കാവ്യനീതിയാണ് ടീം കാത്തിരിക്കുന്നത്. സിറ്റിക്ക് എല്ലാം ശുഭമായിരുന്നു ഇത്തവണ. ഫുട്ബാൾ ചരിത്രത്തിൽ ഒരു സീസണിലെ ഏറ്റവും ഉയർന്ന വരുമാനമാണ് (6497 കോടി രൂപ) ടീം നേടിയത്. മുമ്പ് രണ്ടു വർഷ വിലക്ക് വീണ് എല്ലാം കൈവിട്ടെന്നിടത്തുനിന്ന് പെപ്പിന്റെ കുട്ടികൾ നടത്തിയത് മൈതാനത്തും പുറത്തും അത്ഭുതകരമായ കുതിപ്പ്. ഇന്ന് ചാമ്പ്യൻസ് ലീഗിൽ കപ്പുയർത്താനായാൽ 1999ൽ മാഞ്ചസ്റ്റർ യുനൈറ്റഡ് ഒപ്പം കൂട്ടിയ മൂന്നു കിരീടങ്ങളെന്ന നേട്ടമാകും സിറ്റിയെ കാത്തിരിക്കുക.
2021ൽ ഫൈനലിലും കഴിഞ്ഞ വർഷം സെമിയിലും മടങ്ങിയവർക്ക് ഇനിയും തോൽവി താങ്ങാനാകില്ല. എർലിങ് ഹാലൻഡ് എന്ന സ്കോറിങ് മെഷീൻ തന്നെ ടീമിന്റെ തുറുപ്പുശീട്ട്. ബൊറൂസിയ ഡോർട്മുണ്ടിൽനിന്ന് സിറ്റിയിലെത്തി ആദ്യ സീസണിൽ 52 ഗോളുകൾ കുറിച്ച നോർവേ താരം ഇംഗ്ലണ്ടിൽ മറികടക്കാത്ത റെക്കോഡുകൾ അപൂർവം. അടിച്ച ഗോളിന്റെ രണ്ടിരട്ടി അസിസ്റ്റ് നൽകി വീരനായകനായ കെവിൻ ഡി ബ്രൂയിനെന്ന ഹീറോയാണ് ടീമിലെ ശരിക്കും ഒന്നാമൻ. ഇരുവർക്കുമൊപ്പം കളം നിറയുന്ന ഓരോ പൊസിഷനിലെയും ഏറ്റവും മികച്ച നിര കൂടിയാകുമ്പോൾ ടീം എങ്ങനെ കപ്പുയർത്താതിരിക്കും? ഗോളടിക്കാൻ മാത്രമല്ല, എതിരാളികളെ നിസ്തന്ത്രരാക്കുന്ന ടീം ഗെയിമിലും സമാനതകളില്ലാത്തവരാണവർ. സീസണിൽ യൂറോപ്യൻ എതിരാളികളോട് ഒരു കളിപോലും തോറ്റില്ലെന്നത് ടീമിന്റെ മറ്റൊരു നേട്ടം. തോൽപിച്ചതാകട്ടെ, എല്ലാം ഹെവിവെയ്റ്റുകൾ. എന്നാൽ, ഇതുകൊണ്ടൊന്നും കപ്പ് സ്വന്തമായെന്ന് പറയാനാകില്ലെന്ന് ടീമിനും കോച്ചിനും ഉറപ്പുണ്ട്. ഒരു കിരീടംപോലും എടുത്തുകാണിക്കാനില്ലാത്ത ചരിത്രമാണ് ടീമിന്റെ മുന്നിലെ വലിയ വെല്ലുവിളി.
എന്നാൽ, പേരുകേട്ട സ്കോറിങ് എൻജിനുകൾ മുന്നിലില്ലെങ്കിലും കളിച്ചുജയിച്ചാണ് ഇന്റർ മിലാനും ഇതുവരെ എത്തിയത്. അത്രക്കു വമ്പന്മാരല്ലാത്ത പോർട്ടോ, ബെൻഫിക്ക, നാട്ടുകാരായ എ.സി മിലാൻ എന്നിവരെ നോക്കൗട്ടിൽ കിട്ടിയത് ഭാഗ്യമായി. ലോട്ടറോ മാർട്ടിനെസ്, എഡിൻ സെക്കോ തുടങ്ങിയവർ ടീമിന്റെ മുൻനിര ഭരിക്കുന്നു. ഏറ്റവും ശക്തമായ പിൻനിരയും മധ്യവും ഒപ്പം വിങ്ങുകളുമാണ് ടീമിന്റെ കരുത്ത്. ഒപ്പം മൂന്നുവട്ടം ചാമ്പ്യൻസ് ലീഗിൽ കിരീടമുയർത്തിയവരെന്ന റെക്കോഡും. 2010ൽ ഏറ്റവുമൊടുവിൽ കിരീടം ചൂടിയ ടീം പിന്നീട് അതിന്റെ അടുത്തെങ്ങുമെത്തിയിട്ടില്ല. അതിന്റെ കടം തീർത്താണ് ഇത്തവണ കലാശപ്പോരിനെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.