ജയിച്ച് സിറ്റിയും ലിവർപൂളും; യുനൈറ്റഡിനെ തോൽപിച്ച് ബ്രൈറ്റൺ മൂന്നാമത്
text_fieldsലണ്ടൻ: ഒരു ഗോളിന് പിറകിലായ ശേഷം മൂന്നുവട്ടം വലകുലുക്കി പ്രീമിയർ ലീഗിൽ ചെറിയ ഇടവേളയിലെങ്കിലും ഒന്നാം സ്ഥാനത്തേക്ക് കയറിനിന്ന് ലിവർപൂൾ. തൊട്ടുപിറകെ അനായാസ ജയം പിടിച്ച് അഞ്ചു കളികളിൽ മുഴുവൻ പോയന്റും തങ്ങൾക്കു മാത്രമാക്കി ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി.
പുതിയ അവതാരമായി ബ്രൈറ്റൺ കൂടി ജയിച്ച ദിനത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് സാക്ഷ്യം വഹിച്ചത് തീപാറും പോരാട്ടങ്ങൾക്ക്. ആൻഡി റോബർട്സൺ പ്രീമിയർ ലീഗിൽ 200ാം മത്സരത്തിനിറങ്ങിയ ലിവർപൂൾ-വോൾവ്സ് കളിയിൽ താരവും ഒപ്പം ഗാക്പോയുമാണ് ചെമ്പടക്കായി ഗോൾ കുറിച്ചത്. വോൾവ്സ് നിരയിൽ ഹ്വങ് ഹീ ചാൻ എതിർവലയിലും ബുവേനോ സ്വന്തം വലയിലും പന്തെത്തിച്ചു. സ്കോർ 3-1.
സൗദി പ്രോ ലീഗിലേക്ക് പോകുന്നുവെന്ന അഭ്യൂഹം അവസാനം വരെയും വിടാതെ പിന്തുടർന്നിട്ടും ചെമ്പടക്കൊപ്പം തുടർന്ന മുഹമ്മദ് സലാഹ് രണ്ടുവട്ടം അസിസ്റ്റുമായി ടീമിന്റെ വിജയത്തിൽ നിർണായകമായി. വോൾവ്സ് മൈതാനത്തെ കളിയുടെ ആദ്യ പകുതിയിൽ നിയന്ത്രണവുമായി മുന്നിൽനിന്നത് ആതിഥേയർ തന്നെ. ഏഴാം മിനിറ്റിൽ നെറ്റോയുടെ അസിസ്റ്റിൽ കൊറിയൻ താരം വല കുലുക്കി ടീമിനെ മുന്നിലെത്തിക്കുകയും ചെയ്തു. അതോടെ ഉണർന്ന ലിവർപൂൾ തിരിച്ചടിക്കാൻ ആവത് ശ്രമിച്ചെങ്കിലും ഒന്നാം പകുതിയിൽ ഒന്നും വിജയിച്ചില്ല.
ഇടവേള കഴിഞ്ഞിറങ്ങിയ ടീം പക്ഷേ, എല്ലാം തീരുമാനിച്ചുറച്ചായിരുന്നു. സലാഹ് നൽകിയ പന്ത് വലയിലെത്തിച്ച് 55ാം മിനിറ്റിൽ ഗാക്പോയാണ് തുടങ്ങിയത്. സമനിലയുമായി കളി അവസാനിക്കുമെന്ന് തോന്നിച്ചിടത്ത് 85ാം മിനിറ്റിൽ റോബർട്സൺ ഗോളടിച്ച് ടീമിനെ മുന്നിലെത്തിച്ചു. സലാഹായിരുന്നു അസിസ്റ്റ്. ക്ലോപിന്റെ കുട്ടികൾ ജയിച്ചുമടങ്ങുമെന്നുറപ്പിച്ചിടത്ത് ബുവേന സ്വന്തം വലയിൽ ഗോളടിച്ചതോടെ ലിവർപൂൾ സ്കോർ കാൽ ഡസനിലെത്തി. മുൻനിരയെ പുറത്തിരുത്തി തുടക്കമിട്ട ലിവർപൂൾ ഇടവേളയിൽ ലൂയിസ് ഡയസിനെയും പിന്നെയും 11 മിനിറ്റ് കഴിഞ്ഞ് എലിയട്ട്, ഡാർവിൻ നൂനസ് എന്നിവരെയും ഇറക്കിയത് ടീമിന് കരുത്തായി.
നിർണായകമായ രണ്ടാം മത്സരത്തിൽ വെസ്റ്റ്ഹാമിനെ വീഴ്ത്തിയ മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനം നിലനിർത്തി. ആദ്യം നടന്ന കളിയിൽ ജയിച്ച് ലിവർപൂൾ സ്വന്തമാക്കിയ പദവിയാണ് മണിക്കൂറുകൾ മാത്രം കഴിഞ്ഞ് ടീം തിരിച്ചുപിടിച്ചത്. വാർഡ് പ്രോസ് 36ാം മിനിറ്റിൽ നേടിയ ഗോളിന് വെസ്റ്റ് ഹാം മുന്നിൽ നിന്ന ശേഷം മൂന്നുവട്ടം തിരിച്ചടിച്ച സിറ്റിക്ക് ഇതോടെ അഞ്ചു കളികളിൽ മുഴുവൻ പോയന്റും സ്വന്തം. ഇടവേളക്കു ശേഷമായിരുന്നു സിറ്റിയുടെ മൂന്നു ഗോളുകളും. അൽവാരസ് അസിസ്റ്റിൽ ഡോകു തുടക്കമിട്ടത് ബെർണാഡോ സിൽവയും അവസാന മിനിറ്റുകളിൽ എർലിങ് ഹാലൻഡും പൂർത്തിയാക്കി.
മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് കോട്ട തകർത്ത് മൂന്നാം സ്ഥാനത്ത് കരുത്തരായി ബ്രൈറ്റൺ. ഒന്നിനെതിരെ മൂന്നു ഗോളുമായി ആധികാരിക ജയം പിടിച്ചാണ് പുതിയ സീസണിൽ ടീം നയം വ്യക്തമാക്കിയത്. ഒരു ഘട്ടത്തിലും യുനൈറ്റഡിനെ വാഴാൻ വിടാതെ മൈതാനം ഭരിച്ച ബ്രൈറ്റണിനുവേണ്ടി വെൽബെക്, ഗ്രോബ്, യൊആവോ പെഡ്രോ എന്നിവർ വലകുലുക്കിയപ്പോൾ മെജ്ബ്രിയുടെ വകയായിരുന്നു മാഞ്ചസ്റ്ററുകാരുടെ ആശ്വാസ ഗോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.