ലീഗ് കപ്പിൽ സിറ്റിക്ക് മുന്നിൽ സുല്ലിട്ട് ചെൽസി; ഗണ്ണേഴ്സും ഹോട്സ്പറും പുറത്ത്
text_fields
ലണ്ടൻ: ലോകകപ്പ് മുന്നിൽനിൽക്കെ പ്രമുഖരിൽ പലരും പുറത്തിരുന്ന ഇംഗ്ലീഷ് ലീഗ് കപ്പ് മത്സരങ്ങളിൽ കരപിടിക്കാനാകാതെ ചെൽസി, ആഴ്സണൽ, ടോട്ടൻഹാം ഹോട്സ്പർ ടീമുകൾ. ചെൽസി കരുത്തരായ മാഞ്ചസ്റ്റർ സിറ്റിക്കു മുന്നിൽ ഏകപക്ഷീയമായ രണ്ടു ഗോളിന് വീണപ്പോൾ ഗണ്ണേഴ്സ് ബ്രൈറ്റണിനോടും ടോട്ടൻഹാം ഹോട്സ്പർ നോട്ടിങ്ഹാമിനോടുമാണ് തോറ്റത്.
ഹാലൻഡ് ഉൾപ്പെടെ പലരും ഗാലറിയിൽ കാഴ്ചക്കാരായിരുന്ന കളിയിൽ 2-0ന്റെ ആധികാരിക ജയവുമായാണ് സിറ്റി ലീഗ് കപ്പ് പ്രീക്വാർട്ടറിലെത്തിയത്. ഫ്രീകിക്ക് ഗോളിൽ സിറ്റിക്ക് ലീഡ് നൽകിയ റിയാദ് മെഹ്റസ് രണ്ടാം ഗോളിലും നിർണായകമായി. പെനാൽറ്റി ബോക്സിൽ മെഹ്റസ് പോസ്റ്റിലേക്ക് അടിച്ച പന്ത് ചെൽസി ഗോളി തടുത്തിട്ടത് നേരെ കാലിൽ ലഭിച്ച അൽവാരസ് വലയിലെത്തിക്കുകയായിരുന്നു.
രണ്ടാമത്തെ കളിയിൽ ഹാരി കെയ്ൻ ആദ്യ ഇലവനിൽ ഇറങ്ങിയിട്ടും വൻതോൽവി ചോദിച്ചുവാങ്ങാനായിരുന്നു ഹോട്സ്പർ വിധി. അതേ സമയം, സ്വന്തം കളിമുറ്റത്ത് 3-1നാണ് ആഴ്സണൽ ബ്രൈറ്റണു മുന്നിൽ കീഴടങ്ങിയത്. പ്രിമിയർ ലീഗിൽ സിറ്റിയുൾപ്പെടെ കരുത്തരെ പിറകിലാക്കി ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടരുന്നതിനിടെയായിരുന്നു ഗണ്ണേഴ്സ് വീഴ്ച.
കെല്ലർ ലിവർപൂൾ ഹീറോ
പുതുമുഖ നിര മൈതാനത്തെത്തിയ ലിവർപൂൾ ഗോളടിക്കാൻ മറന്ന കളിയിൽ രക്ഷകനായി ഗോളി കയോമിൻ കെല്ലർ. റോബർട്ടോ ഫിർമിനോ, ഡാർവിൻ നൂനസ് എന്നിവരെ ആക്രമണത്തിന്റെ ചുക്കാൻ ഏൽപിച്ച ക്ലോപിന്റെ കുട്ടികൾ മുഴുസമയത്ത് ഗോൾ കണ്ടെത്താനാകാതെ വന്നതോടെ ഷൂട്ടൗട്ട് വിധി നിർണയിക്കുകയായിരുന്നു. മൂന്നു പെനാൽറ്റികൾ തടുത്തിട്ട് കെല്ലർ ഹീറോ ആയപ്പോൾ ലിവർപൂൾ അവസാന 16ൽ ഇടംകണ്ടെത്തി. ജെയിംസ് പാർക്കിൽ ന്യൂകാസിലും പെനാൽറ്റി ഷൂട്ടൗട്ടിൽ കടന്നാണ് അവസാന 16ലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.