ചാമ്പ്യൻസ് ലീഗിൽ യുവൻറസ് പുറത്ത്; റയലിനെ തകർത്ത് സിറ്റി ക്വാർട്ടറിൽ
text_fieldsലണ്ടൻ: യൂറോപ്യൻ പോരാട്ടത്തിൽനിന്ന് സ്പാനിഷ്, ഇറ്റാലിയൻ ചാമ്പ്യന്മാർ പുറത്ത്. കോവിഡിനുശേഷം കിക്കോഫ് കുറിച്ച യുവേഫ ചാമ്പ്യൻസ് ലീഗിൽ റയൽ മഡ്രിഡും യുവൻറസുമാണ് ക്വാർട്ടർ ഫൈനൽ കാണാതെ പുറത്തായത്. ഇത്തിഹാദ് സ്റ്റേഡിയത്തിൽ റയൽ മഡ്രിഡിനെ മാഞ്ചസ്റ്റർ സിറ്റി 2-1ന് തോൽപിച്ചപ്പോൾ, സ്വന്തം ഗ്രൗണ്ടായ ടൂറിനിൽ ഒളിമ്പിക് ല്യോണിനെതിരെ ക്രിസ്റ്റ്യാനോയുടെ ഇരട്ട ഗോളിൽ ജയിച്ചെങ്കിലും (2-1) യുവൻറസ് പുറത്തായി. ആദ്യ പാദത്തിൽ 1-0ത്തിന് ജയിച്ച ലിേയാണിന് എവേ ഗോളാണ് രക്ഷയായത്. 2010ന് ശേഷം ആദ്യമായാണ് ക്രിസ്റ്റ്യാനോ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ കളിക്കാതെ മടങ്ങുന്നത്.
വറാനെയുടെ വലിയ പിഴ
ഇത് വറാനെയുടെ ദിനമല്ലായിരുന്നു. ഒരു തെറ്റാണെങ്കിൽ അബദ്ധമെന്ന് പറയാം. എന്നാൽ, ഒരേപോലെ രണ്ട് അബദ്ധങ്ങളായാലോ. റയൽ മഡ്രിഡിെൻറ തോൽവിക്കും പുറത്താകലിനും ആരാധകരെല്ലാം പ്രതിരോധ നിരക്കാരൻ റാഫേൽ വറാനെയാണ് കുറ്റപ്പെടുത്തുന്നത്. കളിയുടെ ഒമ്പതാം മിനിറ്റിൽ സ്റ്റർലിങ്ങും 68ാം മിനിറ്റിൽ ഗബ്രിയേൽ ജീസസും നേടിയ ഗോളുകൾക്ക് വഴിവെച്ചത് പ്രതിരോധമതിലായ വറാനെയുടെ അബദ്ധങ്ങളിലായിരുന്നു. നായകനും പ്രതിരോധനിരയുടെ അമരക്കാരനുമായ സെർജിയോ റാമോസിെൻറ സസ്പെൻഷൻ റയലിന് വലിയ തിരിച്ചടിയായി.
ഒമ്പതാം മിനിറ്റിൽ സ്റ്റർലിങ്ങും ജീസസും ബോക്സിനുള്ളിൽ നിൽക്കെ ഗോളി തിബോ കർടുവയും വറാനേയിലേക്ക് ബാക് പാസ് നൽകിയതാണ് ആദ്യഗോളിന് കാരണമായത്. അരികിലുണ്ടായിരുന്നു ജീസസ് വെറുതെ നിന്നില്ല. പന്തു തട്ടിയെടുത്ത് സ്റ്റർലിങ്ങിന് നൽകിയത് ഫലം കണ്ടു. ഇംഗ്ലീഷ് താരം അനായാസം വലകുലുക്കി.
28ാം മിനിറ്റിൽ വലതു കോർണറിൽനിന്നും റോഡ്രിഗോ നൽകിയ ഹൈബാൾ ക്രോസ് ഹെഡറിലൂടെ വലയിലാക്കി ബെൻസേമ ഒപ്പമെത്തിച്ചു. രണ്ടാംപകുതിയിൽ ആത്മവിശ്വാസത്തോടെ ആക്രമണം കനപ്പിച്ച സിറ്റിക്ക് 68ാം മിനിറ്റിൽ അടുത്ത ഗോളെത്തി. മിന്നും ഫോമിലായിരുന്നു ജീസസിെൻറ രണ്ട്
ഷോട്ടുകൾ വഴിതിരിഞ്ഞതിനു പിന്നാലെ, സ്വന്തം ഹാഫിൽനിന്നും സ്റ്റർലിങ് നൽകിയ ക്രോസിലായിരുന്നു തുടക്കം. ഉയർന്നെത്തിയ ബാൾ ഹെഡറിലൂടെ ഗോളിയിലേക്ക് മൈനസ് പാസ് നൽകിയ വറാനെയുടെ കണക്കുകൾ പിഴച്ചു. പന്തിനെക്കാൾ വേഗത്തിൽ ഒാടിയെത്തിയ ജീസസ് ബാൾ മെരുക്കി പോസ്റ്റിലേക്ക് തൊടുക്കുേമ്പാൾ ഗോളി കർടുവക്ക് അടിതെറ്റി പന്ത് വലതൊട്ടു.
ബൈ ബൈ യുവൻറസ്
സ്വന്തം നാട്ടിൽ ചാമ്പ്യൻസ് ലീഗ് കളിക്കാമെന്ന ക്രിസ്റ്റ്യാനോയുടെ മോഹങ്ങളാണ് ഒളിമ്പിക് ല്യോണിസ് തച്ചുടച്ചത്. ലോങ്റേഞ്ചിലൂടെ ഒരു ഉശിരൻ ഗോളും മറ്റൊരു പെനാൽറ്റി ഗോളും നേടി ക്രിഫസ്റ്റ്യാനോ ടീമിനെ മുന്നിൽനിന്ന് നയിച്ചിട്ടും യുവൻറസിന് ശരിയായില്ല. 12ാം മിനിറ്റിൽ മെംഫിസ് ഡിപേ നേടിയ പനേങ്ക സ്റ്റൈൽ പെനാൽറ്റി ഗോളിലൂടെ ല്യോൺ മുന്നിലെത്തി. പിന്നീട് ക്രിസ്റ്റ്യാനോയിലൂടെ ഉയിർത്തെഴുന്നേറ്റ യുവൻറസ് 43, 60 മിനിറ്റിലെ ഇരട്ട ഗോളിലൂടെ ലീഡ് പിടിച്ചു. ഡിബാലയെ ബെഞ്ചിലിരുത്തി ക്രിസ്റ്റ്യനോക്ക് കൂട്ടായി നൽകിയ ഹിഗ്വെയ്ൻ നിരാശപ്പെടുത്തി. മാത്രമല്ല, ഒളിമ്പിക് ഗോളി തകർപ്പൻ സേവുകൾ കൂടിയായതോടെ അഗ്രിേഗറ്റ് മാർജിൻ ഉയർത്തി ജയം നേടാൻ യുവൻറസിന് കഴിഞ്ഞുമില്ല. തുടർച്ചയായി ഒമ്പത് സീരി 'എ' കിരീടമണിഞ്ഞിട്ടും ചാമ്പ്യൻസ് ലീഗ് വഴങ്ങുന്നില്ലെന്ന യുവൻറസിെൻറ തീരാവേദന വിെട്ടാഴിയുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.