'ലെസ്റ്റർ പരീക്ഷ' കഴിഞ്ഞു; സിറ്റിക്ക് നാലു ജയമകലെ കിരീടം
text_fieldsലണ്ടൻ: കരുത്തരായ ലെസ്റ്റർ സിറ്റിക്കെതിരെ തകർപ്പൻ വിജയവുമായി മാഞ്ചസ്റ്റർ സിറ്റി പ്രിമിയർ ലീഗ് കിരീടത്തിന് ഏറെ അരികെ. രണ്ടാം പകുതിയിൽ ബെഞ്ചമിൻ മെൻഡിയും ഗബ്രിയേൽ ജീസസും നേടിയ മനോഹര ഗോളുകളിലാണ് ഒന്നാം സ്ഥാനത്ത് സിറ്റി അജയ്യമായ ലീഡ് 17 പോയിന്‍റാക്കി ഉയർത്തിയത്. ഏഴു കളികൾ ബാക്കിനിൽക്കെ ഗാർഡിയോളയുടെ കുട്ടികൾക്ക് കിരീടമുറപ്പിക്കാൻ ഇനി വേണ്ടത് 11 പോയിന്‍റ് മാത്രം.
സിറ്റിയുടെ റെക്കോഡ് ഗോൾ വേട്ടക്കാരനായ സെർജിയോ അഗ്യൂറോ ക്ലബ് വിടുന്നുവെന്ന വാർത്ത പുറത്തുവന്ന ശേഷം നടക്കുന്ന ആദ്യ മത്സരത്തിൽ ആദ്യ പകുതി ഗോളൊഴിഞ്ഞുനിന്നു. മറുവശത്ത്, ജാമി വാർഡി പന്ത് വലയിലെത്തിച്ച് ആഘോഷവുമായി പറന്നുനടന്നത് പക്ഷേ, ഓഫ്സൈഡ് കെണിയിൽ കുരുങ്ങി.
രണ്ടാം പകുതിയിൽ 10 മിനിറ്റ് പിന്നിടുംമുെമ്പ സിറ്റി കാത്തിരുന്ന ഗോളിലേക്ക് മെൻഡി നിറയൊഴിച്ചതോടെ കളിയിൽ ഇരുവശത്തും മുന്നേറ്റം കനത്തു. ചുറ്റും വട്ടമിട്ടുനിന്ന പ്രതിരോധ നിരെയ കാഴ്ചക്കാരാക്കിയായിരുന്നു മെൻഡി മാജിക്. 74ാം മിനിറ്റിൽ അതിലേറെ മനോഹരമായ േക്ലാസ് റേഞ്ച് ഗോളുമായി ജീസസ് സിറ്റി അപ്രമാദിത്വമുറപ്പിച്ചു. റഹീം സ്റ്റെർലിങ്, ഇൽകെ ഗുണ്ടൊഗൻ, ഫിൽ ഫോഡൻ, ബെർണാഡോ സിൽവ എന്നിവരെ ബെഞ്ചിലിരുത്തിയിട്ടും സിറ്റിക്കൊപ്പം നിൽക്കാൻ ഒരുഘട്ടത്തിലും ലെസ്റ്ററിനായില്ല.
അനായാസ ജയത്തോടെ, ഇനി കിരീടനേട്ടത്തിലേക്ക് കാത്തിരിപ്പ് പിന്നെയും എളുപ്പമായ സന്തോഷത്തിലാണ് ഗാർഡിയോളയും കുട്ടികളും. ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ എതിരാളികളുടെ വലയിൽ അടിച്ചുകയറ്റുകയും സ്വന്തം വലയിൽ കുറച്ചുമാത്രം വഴങ്ങുകയും ചെയ്ത യൂറോപിലെ ഒന്നാം നമ്പർ ടീം എന്ന അപൂർവ റെക്കോഡിനുടമ കൂടിയാണ് സിറ്റി. 47 കളികളിൽ 105 േഗാൾ നേടിയ ടീം ഇതുവരെയും വാങ്ങിയത് 26 ഗോളുകൾ മാത്രം.
പ്രിമിയർ ലീഗിൽ കിരീടം ഏകദേശം ഉറപ്പിച്ചതോടെ സമീപകാലത്തൊന്നും എത്തിപ്പിടിക്കാനാവാതെ പോയ ചാമ്പ്യൻസ് ലീഗ് കിരീടം ഇത്തവണ ഇത്തിഹാദ് മൈതാനത്തെത്തിക്കാനാണ് സിറ്റിയുടെ ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.