അവധിക്കാലമൊഴിഞ്ഞ് ഗോളോടെ വരവറിയിച്ച് സലാഹും ഹാലൻഡും; സിറ്റിയിൽ മുങ്ങി ലിവർപൂൾ
text_fieldsഒന്നര മാസത്തെ ഇടവേളയൊഴിഞ്ഞ് ഇംഗ്ലീഷ് ലീഗുകൾ വീണ്ടും സജീവമായപ്പോൾ ലോകകപ്പിന്റെ ക്ഷീണം തീർത്ത് എർലിങ് ഹാലൻഡും മുഹമ്മദ് സലാഹും. സ്വന്തം രാജ്യങ്ങൾ കളിക്കാനില്ലാത്തതിനാൽ ലോകകപ്പ് കാലത്ത് പൂർണ വിശ്രമത്തിലായിരുന്ന രണ്ട് മുൻനിര താരങ്ങളും ഇംഗ്ലീഷ് ലീഗിൽ ഇ.എഫ്.എൽ കപ്പ് പ്രീക്വാർട്ടറിലാണ് വീണ്ടും മൈതാനത്തെത്തിയത്. ഇത്തിഹാദ് മൈതാനത്തെ ആവേശത്തേരിലാക്കിയ കളിയിൽ സന്ദർശകരെ 3-2ന് സിറ്റി വീഴ്ത്തി.
മൂന്നുവട്ടം സിറ്റി മുന്നിലെത്തിയ മത്സരത്തിൽ രണ്ടുവട്ടം തിരിച്ചടിച്ച് ലിവർപൂൾ പിടിച്ചുനിന്നെങ്കിലും അവസാനം സ്വന്തം കളിമുറ്റത്ത് ആതിഥേയർ തന്നെ ജയവുമായി മടങ്ങി.
10ാംമിനിറ്റിൽ വല കുലുക്കി ഹാലൻഡാണ് സ്കോറിങ് തുടങ്ങിയത്. 10 മിനിറ്റിനിടെ തിരിച്ചടിച്ച് കർവാലോ ലിവർപൂളിനെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ റിയാദ് മെഹ്റസിലൂടെ വീണ്ടും ലീഡ് പിടിച്ച് സിറ്റി ആധിപത്യം കാട്ടിയപ്പോൾ തൊട്ടടുത്ത മിനിറ്റിൽ സലാഹ് ഒപ്പം പിടിച്ചു. പുതുമുഖ താരം അകെയാണ് 58ാം മിനിറ്റിൽ വിജയ ഗോൾ നേടിയത്.
ആദ്യാവസാനം അവസരങ്ങൾ തുറന്ന് ഇരു ടീമുകളും കരുത്തുകാട്ടിയ മത്സരത്തിൽ തുല്യശക്തികളുടെ പോരാട്ടമാണ് കണ്ടത്. എന്നാലും, സ്വന്തം മൈതാനത്തിന്റെ ആനുകൂല്യം കളിയിൽ കാട്ടിയ ടീം മനോഹര ഫുട്ബാളുമായി ജയിച്ചുമടങ്ങുകയായിരുന്നു.
നോർവേ ലോകകപ്പിനില്ലാത്തതാണ് സ്കോറിങ് മെഷീനായ ഹാലൻഡിന് ലോകകപ്പ് നിഷേധിച്ചത്. നീണ്ട അവധിക്കാലം താരത്തിന്റെ കാലുകളെ തളർത്തുമെന്ന ശങ്കകൾ അസ്ഥാനത്താക്കിയായിരുന്നു സുവർണാവസരം മുതലാക്കി ഗോൾ നേടിയത്. കളി തുടങ്ങി 20 സെക്കൻഡിൽ തന്നെ താരം ഗോളിനരികെയെത്തിയിരുന്നെങ്കിലും നിർഭാഗ്യത്തിന് അവസരം നഷ്ടമാകുകയായിരുന്നു. കളിയവസാനിക്കാൻ 17 മിനിറ്റ് ശേഷിക്കേ താരത്തെയും ഫിൽ ഫോഡനെയും കോച്ച് പിൻവലിച്ചതും ശ്രദ്ധേയമായി.
വരുംദിവസം പ്രിമിയർ ലീഗിൽ കളി സജീവമാകാനിരിക്കെ ഇരുടീമുകൾക്കും പ്രാക്ടീസ് മത്സരം കൂടിയായി ഇത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.