ഇത്തിഹാദിലെ ആവേശപ്പോരിൽ വീണ് ഗണ്ണേഴ്സ്; എഫ്.എ കപ്പിൽ ഒരു ഗോൾ ജയവുമായി സിറ്റി കുതിപ്പ്
text_fieldsമനോഹര മുഹൂർത്തങ്ങളും ഗോളെന്നുറച്ച നീക്കങ്ങളുമായി ഇരുടീമും നിറഞ്ഞോടിയ ഇത്തിഹാദ് മൈതാനത്ത് ജയംപിടിച്ച് മാഞ്ചസ്റ്റർ സിറ്റി. എഡേഴ്സണെ പുറത്തിരുത്തി സ്റ്റീഫൻ ഒർട്ടേഗയെയും ഐമറിക് ലപോർട്ടക്കു പകരം നഥാൻ അകെയെയും അവതരിപ്പിച്ച് ഗാർഡിയോള നടത്തിയ പരീക്ഷണത്തിൽ ജാക് ഗ്രീലിഷ് കൂടി കൂട്ടുനൽകിയായിരുന്നു മാഞ്ചസ്റ്റർ സിറ്റി വിജയം. ജയത്തോടെ എഫ്.എ കപ്പിൽ മാഞ്ചസ്റ്റർ സിറ്റി അഞ്ചാം റൗണ്ടിലേക്ക് കടന്നു. ഒന്നും രണ്ടും സ്ഥാനത്തുള്ള ഇരു ടീമുകളും രണ്ടാഴ്ച കഴിഞ്ഞ് ആഴ്സണൽ മൈതാനത്ത് വീണ്ടും മുഖാമുഖം നിൽക്കാനിരിക്കെ സിറ്റിക്ക് വിജയം കരുത്തുപകരും.
ആദ്യ പകുതിയിൽ ഗണ്ണേഴ്സ് ആയിരുന്നു ഒരു പടി മുന്നിൽ. തകെഹിറോ ടോമിയാസുവും ട്രൊസാർഡും ഗോളിനരികെ എത്തുകയും ചെയ്തു. എന്നാൽ, നീട്ടിപ്പിടിച്ച കൈകളുമായി സിറ്റി വലക്കുമുന്നിൽ ഒർട്ടേഗ നെഞ്ചുവിരിച്ച് നിന്നപ്പോൾ പന്ത് വഴിമാറി നടന്നു. രണ്ടാം പകുതിയിൽ പക്ഷേ, മുന്നിൽനിന്നത് ആതിഥേയർ. ഒട്ടും പ്രതീക്ഷിക്കാത്ത ആംഗിളിൽ ഗ്രീലിഷ് നൽകിയ പന്ത് ഗണ്ണേഴ്സ് പ്രതിരോധമതിലിൽ വിള്ളൽ വീഴ്ത്തി അകെ ഗോളാക്കി മാറ്റുകയും ചെയ്തു. പുറത്തേക്കെന്നു തോന്നിച്ചാണ് മൂലയിലൂടെ പന്ത് അകത്തേക്ക് ഉരുണ്ടുകയറിയത്.
കിരീടത്തുടർച്ചയെന്ന വലിയ സ്വപ്നത്തിനു മുന്നിൽ ഏറ്റവും കടുത്ത വെല്ലുവിളി ഉയർത്തി മുന്നിലുള്ള ഗണ്ണേഴ്സിനെതിരെ ജയിക്കാനായത് ആവേശം നൽകുമെങ്കിലും എൻകെറ്റിയ ഉൾപ്പെടെ മുൻനിരയിൽ ഗണ്ണേഴ്സിന് നിർഭാഗ്യം വഴിമുടക്കിയ എണ്ണമറ്റ അവസരങ്ങൾ സിറ്റിക്ക് ആധി ഇരട്ടിയാക്കും. പ്രതിരോധം പൊട്ടിച്ച് കടന്നുകയറി ആഴ്സണൽ നടത്തിയ ചടുല നീക്കങ്ങൾ പലതും മാരകപ്രഹരശേഷിയുള്ളതായിരുന്നു. സീസണിൽ ഒരു കളി മാത്രം തോറ്റ ആഴ്സണൽ ഇത്തവണ കിരീടത്തിലേക്ക് കൂടുതൽ അടുത്തെത്തിനിൽക്കുകയാണ്. എന്നാൽ, മുൻനിരയിൽ ഹാലൻഡിനൊപ്പം അർജന്റീന താരം ജൂലിയൻ അൽവാരസ് നന്നായി ചേർന്നുനിന്നത് ഗാർഡിയോളക്ക് ആശ്വാസമാകും. ഹാലൻഡിന് പൂട്ടുവീണ ദിനത്തിൽ മാർടിൻ ഒഡീഗാർഡ്, സിൻചെങ്കോ, വില്യം സാലിബ, മാർടിനെല്ലി എന്നിവരടങ്ങിയ പിൻനിരയിൽ കരുത്തുകാട്ടി. ഗോളി ആരോൺ രാംസ്ഡെയിലും മികച്ചുനിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.