പ്രീ സീസൺ സൗഹൃദത്തിൽ സെൽറ്റികിനോട് തോറ്റ് മാഞ്ചസ്റ്റർ സിറ്റി; പരാജയം 3-4 ന്
text_fieldsനോർത്ത് കരോലിന: സ്കോട്ടിഷ് ക്ലബ് സെൽറ്റികുമായി നടന്ന പ്രീ സീസൺ സൗഹൃദ മത്സരത്തിൽ ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് തോൽവി. മൂന്നിനെതിരെ നാലു ഗോളുകൾക്കാണ്(3-4) സിറ്റിയുടെ വീഴ്ച. പ്രധാനതാരങ്ങളുടെ അഭാവത്തിൽ യുവനിരയെയാണ് യു,എസിലെ നോർത്ത് കരോലിനയിൽ പെപ് ഗ്വാർഡിയോള രംഗത്തിറക്കിയത്.
എർലിങ് ഹാലണ്ട്, ഗ്രിലിഷ്, ഒർട്ടേഗ, എഡേഴ്സൺ എന്നിവർ മാത്രമായിരുന്നു ടീമിലെ പരിചയ സമ്പന്നർ. 13ാം മിനിറ്റിൽ സെൽറ്റികിന്റെ ജർമൻ സ്ട്രൈക്കർ നിക്കോളാസ് കുൻ ആണ് ആദ്യ ഗോൾ കണ്ടെത്തുന്നത്. ഓസ്കാർ ബോബിലൂടെ 33ാം മിനിറ്റിൽ സിറ്റി ഗോൾ മടക്കിയെങ്കിലും മൂന്ന് മിനിറ്റിനകം കുൻ അടുത്ത വെടി പൊട്ടിച്ചു. ആദ്യപകുതി അവസാനിക്കും മുൻപ് സിറ്റിയുടെ വലയിൽ മൂന്നാമത്തെ ഗോളും നിറച്ചു സെൽറ്റിക്. 44 ാം മിനിറ്റിൽ സ്ട്രൈക്കർ ക്യോഗോ ഫുറുഹാഷിയാണ് ഗോൾ നേടിയത്.
രണ്ടാം പകുതിയുടെ ആദ്യ മിനിറ്റിൽ തന്നെ ഗോളടിച്ച് സിറ്റി വീഴ്ചയുടെ ആഘാതം കുറിച്ചു (3-2). പകരക്കാരനായി ഇറങ്ങിയ അർജന്റീനൻ യുവതാരം മാക്സിമോ പെറോണെയാണ് ഗോൾ നേടിയത്. 57ാം മിനിറ്റിൽ സ്റ്റാർ സ്ട്രൈക്കർ എർലിങ് ഹാലൻഡിലൂടെ ഗോൾ നില തുല്യമാക്കിയ (3-3) സിറ്റി കളിയിലേക്ക് ശക്തമായി തിരിച്ചുവന്നു. എന്നാൽ, 68ാം മിനിറ്റിൽ ലൂയിസ് പാൽമയിലൂടെ സെൽറ്റിക് വീണ്ടും മുന്നിലെത്തി. സിറ്റിക്ക് തിരിച്ചുവരാനുള്ള സമയവും സാഹചര്യങ്ങളും ഏറെ ഉണ്ടായിരുന്നെങ്കിലും അന്തിമ വിജയം സെൽറ്റിക് സ്വന്തമാക്കുകയായിരുന്നു.
എ.സി മിലാനുമായി വരുന്ന ഞായറാഴ്ചയാണ് സിറ്റിയുടെ അടുത്ത പ്രീ സീസൺ മത്സരം. ആഗസ്റ്റ് 18 നാണ് സിറ്റിയുടെ പ്രീമിയർ ലീഗ് സീസൺ ആരംഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.