ബ്രൂണോക്ക് ഹാട്രിക്; തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ യുനൈറ്റഡ് യൂറോപ്പ ലീഗ് ക്വാർട്ടറിൽ
text_fieldsലണ്ടൻ: ബ്രൂണോയുടെ ഹാട്രിക് മികവിൽ മാഞ്ചസറ്റർ യുനൈറ്റഡ് യൂറോപ്പ ലീഗ് ക്വാർട്ടറിൽ. ഓൾഡ് ട്രാഫോഡിൽ നടന്ന രണ്ടാം പാദ പ്രീ ക്വാർട്ടറിൽ റയൽ സോസിഡാഡിനെ 4-1നാണ് കീഴടക്കിയത്. ഇരുപാദങ്ങളിലുമായി 5-1 നാണ് യുനൈറ്റഡിന്റെ ജയം.
നായകൻ ബ്രൂണോ ഫെർണാണ്ടസിന്റെ ഹാട്രിക് ഗോളുകളാണ് യുനൈറ്റഡ് ജയം അനായാസമാക്കിയത്. കളി തുടങ്ങി 10ാം മിനിറ്റിൽ മൈക്കൽ ഒയർസാബലിന്റെ പെനാൽറ്റിയിലൂടെ സോസിഡാഡാണ് ആദ്യം ലീഡെടുക്കുന്നത്.
16ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ തന്നെ യുനൈറ്റഡ് മറുപടി നൽകി (1-1). ഹൊയ്ലുണ്ടിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ബ്രൂണോ ഫെർണാണ്ടസ് വലയിലെത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ യുനൈറ്റഡിന് അനുകൂലമായി ലഭിച്ച രണ്ടാം പെനാൽറ്റിയും ഫെർണ്ടാസ് ലക്ഷ്യത്തിലെത്തിച്ചതോടെ യുനൈറ്റഡ് ലീഡെടുത്തു(2-1).
63 ാം മിനിറ്റിൽ ഡോർഗുവിനെ ഫൗൾ ചെയ്തതിന് സോസിഡാഡിന്റെ വെസിസ്വലൻ പ്രതിരോധ താരം ജോൺ അരംബുരു ചുവപ്പ് കാർഡ് കണ്ട് പുറത്തായി. പത്ത് പേരായി ചുരുങ്ങിയ സോസിഡാഡ് അതോടെ കളി കൈവിട്ടു. 87ാം മിനിറ്റിൽ ഗർനാചോയുടെ പാസിൽ ബ്രൂണോ ഫെർണാണ്ടസ് ഹാട്രിക് പൂർത്തിയാക്കി(3-1). ഇഞ്ചുറി ടൈമിൽ ഡിയോഗോ ഡാലോട്ട് ഗോൾ നേടിയതോടെ സോസിഡാഡിന്റെ പതനം പൂർത്തിയായി(4-1).
മറ്റൊരു മത്സരത്തിൽ അൽക്മാറിനെ 3-1 ന് വീഴ്ത്തി ടോട്ടൻഹാമും ക്വാർട്ടറിൽ കടന്നു. ലിയോൺ എതിരില്ലാത്ത നാലു ഗോളിന് എഫ്.സി.എസ്.ബിയെ തോൽപിച്ചു. ക്വാർട്ടറിൽ യുനൈറ്റഡ് ലിയോണിനെയും ടോട്ടൻഹാം ഫ്രാങ്കഫർട്ടിനെയും നേരിടും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.