പ്രീമിയര്‍ ലീഗ്: യുനൈറ്റഡും ആഴ്‌സണലും രക്ഷപ്പെടില്ല, ചാമ്പ്യന്മാരാവുക ഈ ടീം! സൂപ്പര്‍ കമ്പ്യൂട്ടര്‍ പ്രവചനം ഇങ്ങനെ
text_fieldsഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2022-23 സീസണില്‍ ആര് ചാമ്പ്യന്മാരാകും? ഫൈവ്‌തേര്‍ട്ടിഎയ്റ്റ് സൂപ്പര്‍ കമ്പ്യൂട്ടറിന്റെ പ്രവചനം അറിഞ്ഞാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടാനുള്ള ശ്രമങ്ങള്‍ വീണ്ടും ആരംഭിക്കും! മാഞ്ചസ്റ്റര്‍ സിറ്റി കിരീടം നിലനിര്‍ത്തുമെന്നും ലിവര്‍പൂള്‍ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്യുമെന്നും പ്രവചിച്ച സൂപ്പര്‍ കമ്പ്യൂട്ടര്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ആറാം സ്ഥാനമാണ് നല്‍കിയത്.
പുതിയ പരിശീലകന്‍ എറിക് ടെന്‍ ഹാഗിന് കീഴിലും മാഞ്ചസ്റ്റര്‍ രക്ഷപ്പെടില്ലെന്ന അവസ്ഥ. ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, ടിറെല്‍ മലാസിയ, ക്രിസ്റ്റ്യന്‍ എറിക്‌സന്‍ എന്നിവരെ ടീമിലെത്തിച്ച മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഒപ്പം നിലനിര്‍ത്തിയിട്ടുണ്ട്. എന്നിട്ടും, ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാനുള്ള സാധ്യത 18 ശതമാനം മാത്രം. പ്രീമിയര്‍ ലീഗ് കിരീട സാധ്യത ഒരു ശതമാനവും.
പുതിയ കളിക്കാരെ ടീമിലെത്തിക്കാന്‍ നൂറ് ദശലക്ഷം പൗണ്ട് നിക്ഷേപിച്ച ആഴ്‌സണൽ 61 പോയന്റുമായി അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. 28 ശതമാനം മാത്രമാണ് ചാമ്പ്യന്‍സ് ലീഗ് യോഗ്യതാ സാധ്യത. പ്രീമിയര്‍ ലീഗ് വിജയ സാധ്യത ഒരു ശതമാനം. ഗബ്രിയേല്‍ ജീസസ്, അലക്‌സാണ്ടര്‍ സിന്‍ചെന്‍കോ, ഫാബിയോ വിയേര, മാറ്റ് ടര്‍ണര്‍, മാര്‍ക്വിഞ്ഞോസ് എന്നിവരെ ടീമിലെത്തിച്ച ആഴ്‌സണല്‍ കരുത്ത് വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഇതൊന്നും സൂപ്പർ കമ്പ്യൂട്ടര്‍ പരിഗണിക്കുന്നില്ല.
ഇറ്റാലിയന്‍ പരിശീലകന്‍ അന്റോണിയോ കോന്റെക്ക് കീഴില്‍ ഒരുങ്ങുന്ന ടോട്ടനം ഹോസ്പര്‍ നാലാം സ്ഥാനത്ത്. ചാമ്പ്യന്‍സ് ലീഗ് യോഗ്യതാ സാധ്യത 42 ശതമാനം. 72 പോയന്റോടെ ചെല്‍സി മൂന്നാം സ്ഥാനത്തുണ്ടാകും. തോമസ് ടുചേലിന്റെ ടീമിന് പ്രീമിയര്‍ ലീഗ് കിരീട സാധ്യത 11 ശതമാനമാണ്.
ആഗസ്റ്റ് അഞ്ചിന് പ്രീമിയര്‍ ലീഗ് സീസണിന് തുടക്കമാകും. ആദ്യ മത്സരം ആഴ്‌സണലും ക്രിസ്റ്റല്‍ പാലസും തമ്മിലാണ്. ആഴ്‌സണലിന്റെ മുന്‍ നായകനും ഇതിഹാസവുമായ പാട്രിക് വിയേരയാണ് ക്രിസ്റ്റല്‍ പാലസിന്റെ പരിശീലകന്‍.
ചെല്‍സി ആദ്യ മത്സരത്തില്‍ ഫ്രാങ്ക് ലംപാര്‍ഡിന്റെ എവര്‍ട്ടനെതിരെയാണ്. തന്റെ മുന്‍ ക്ലബിനെ വീഴ്ത്താന്‍ ലംപാര്‍ഡ് തന്ത്രം മെനയുകയാണ്. ലിവര്‍പൂള്‍ ഫുള്‍ഹാമിനെയും ടോട്ടനം ഹോസ്പര്‍ സതാംപ്ടണിനെയും നേരിടും. ആഗസ്റ്റ് ഏഴിന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇറങ്ങും. ബ്രൈറ്റന്‍ ആന്‍ഡ് ഹോവ് ആല്‍ബിയനാണ് എതിരാളി. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഞായറാഴ്ച രാത്രി വെസ്റ്റ്ഹാമിനെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.