യുനൈറ്റഡിനെ കളി പഠിപ്പിക്കാൻ അമോറിം വരുന്നു...മുൻ പോർചുഗീസ് താരത്തെ പരിശീലകനായി നിയമിച്ചു
text_fieldsലണ്ടൻ: തോൽവിത്തുടർച്ചകൾക്കൊടുവിൽ ടെൻ ഹാഗിനെ പറഞ്ഞുവിട്ട മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ പരിശീലകവേഷത്തിൽ ഇനി മുൻ പോർചുഗീസ് താരവും സ്പോർടിങ് പരിശീലകനുമായിരുന്ന റൂബൻ അമോറിം. നവംബർ 11ന് ചുമതലയേൽക്കുന്ന അമോറിമിന് കീഴിൽ ടീമിന്റെ ആദ്യമത്സരം നവംബർ 24ന് ഇപ്സ്‍വിച്ചിലാകും. അതുവരെയും താൽക്കാലിക പരിശീലകനായ റൂഡ് വാൻ നിസ്റ്റൽ റുയി തുടരും. തുടർന്നും പരിശീലക സംഘത്തിൽ നിസ്റ്റൽ റുയി തുടരുമോയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. 2027 ജൂൺ വരെയാണ് അമോറിമുമായി കരാർ കാലാവധി. ഒരു വർഷംകൂടി നീട്ടാനും വ്യവസ്ഥയുണ്ട്.
പോർചുഗൽ ദേശീയ ടീമിന്റെയും ബെൻഫിക്കയുടെയും മിഡ്ഫീൽഡറായിരുന്ന അമോറിം 2017ലാണ് കളി നിർത്തിയത്. രണ്ടുവർഷം കഴിഞ്ഞ് പോർചുഗീസ് ടീമായ ബ്രാഗയുടെ പരിശീലകനായി പുതിയ റോളിൽ അരങ്ങേറിയ അദ്ദേഹം 2020ൽ സ്പോർട്ടിങ്ങിലേക്ക് മാറി. അതിവേഗം ടീമിനെ പ്രിമിയേറ ലിഗയിൽ മുൻനിരയിലെത്തിച്ച അമോറിമിനു കീഴിൽ സ്പോർട്ടിങ് രണ്ടുതവണ ചാമ്പ്യന്മാരുമായി. മൂന്നുതവണ പോർചുഗീസ് ലീഗ് കപ്പും അമോറിം പരിശീലിപ്പിച്ച ടീമുകൾ നേടി.
പോർചുഗൽ ടീമുകളിൽ കറങ്ങിത്തിരിഞ്ഞ കരിയർ മാറ്റിപ്പിടിച്ചാണ് അമോറിം ലോകത്തെ ഏറ്റവും ആരാധകരുള്ള ടീമുകളിലൊന്നിന്റെ പരിശീലനത്തിനെത്തുന്നത്. 2021ൽ 36ാം വയസ്സിൽ സ്പോർട്ടിങ്ങിനെ ലീഗ് ചാമ്പ്യന്മാരാക്കി യൂറോപ്പിൽ സ്വന്തം മുദ്ര പതിപ്പിച്ച അമോറിമിന് പക്ഷേ, പ്രീമിയർ ലീഗിൽ വെല്ലുവിളികളേറെ. മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ആഴ്സനൽ തുടങ്ങിയ വമ്പൻമാർ വാഴുന്ന ലീഗിൽ യുനൈറ്റഡിന് സ്ഥാനം ഏറെ പിറകിലാണ്.
ചെൽസി ഇത്തവണ തിരിച്ചുവരവിന്റെ വഴിയിലാണെങ്കിൽ ആസ്റ്റൺ വില്ല, ബ്രൈറ്റൺ, നോട്ടിങ്ഹാം ഫോറസ്റ്റ് തുടങ്ങിയവരും വലിയ ഇടങ്ങൾ തേടുന്നവരാണ്. 14ാം സ്ഥാനത്തുനിൽക്കുന്ന മാഞ്ചസ്റ്റർ യുനൈറ്റഡിനെ വിജയവഴിയിൽ തിരിച്ചെത്തിച്ച് ആദ്യ നാലിലേക്ക് കൈപിടിക്കൽ തീർച്ചയായും സാഹസമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.