മാഞ്ചസ്റ്റർ യുനൈറ്റഡ്, ആഴ്സണൽ യൂറോപ ലീഗ് ക്വാർട്ടറിൽ; ഡൈനാമോ സഗ്രെബിനോട് തോറ്റ് ടോട്ടൻഹാം പുറത്ത്
text_fieldsപാരിസ്: യൂറോപ ലീഗ് ക്വാർട്ടർ ഫൈനലിൽ ടിക്കറ്റുറപ്പിച്ച് പ്രിമിയർ ലീഗ് കരുത്തരായ മാഞ്ചസ്റ്റർ യുനൈറ്റഡും ഗണ്ണേഴ്സും. പ്രതീക്ഷയേറെ വെച്ച് രണ്ടാം പാദത്തിന് സഗ്രെബിലെത്തിയ ടോട്ടൻഹാം ഹോട്സ്പർ ക്രൊയേഷ്യൻ ക്ലബായ ഡൈനാമോ സഗ്രെബിനോട് അവരുടെ തട്ടകത്തിൽ തോറ്റ് പുറത്ത്.
പരിക്കുമാറി വീണ്ടും ടീമിലെത്തിയ പോൾ പോഗ്ബയുടെ ഗോളാണ് മാഞ്ചസ്റ്റർ യുനൈറ്റഡിന് നിർണായക വിജയം സമ്മാനിച്ചത്. ആദ്യ പാദം സമനിലയിൽ പിരിഞ്ഞതിനാൽ ജയിക്കുന്ന ടീം അവസാന എട്ടിലെത്തുമെന്നതിനാൽ എതിരാളികളായ എ.സി മിലാൻ മികച്ച പ്രകടനവുമായി ഒപ്പം നിന്നെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തിൽ പോഗ്ബ വെടിപൊട്ടിക്കുകയായിരുന്നു. ഇരു ടീമുകളും ഉടനീളം കരുതിക്കളിച്ച മത്സരത്തിൽ അവസരം തുറന്ന് മിലാനുമുണ്ടായിരുന്നുവെങ്കിലും എതിരാളികളുടെ ഒറ്റ ഗോളിൽ എല്ലാം തീർന്നു. ആദ്യ ഇലവനിൽ പുറത്തിരുന്ന സ്ലാറ്റൻ പിന്നീട് ഇറങ്ങിയിട്ടും ഗുണം ചെയ്തില്ല.
ആദ്യ പാദം ഏകപക്ഷീയമായ രണ്ടു ഗോളിന് ജയിച്ച ആത്മവിശ്വാസത്തിൽ എതിരാളികളുടെ തട്ടകത്തിൽ രണ്ടാം പാദത്തിനിറങ്ങിയ േഹാട്സ്പറിനു പക്ഷേ, ഹാട്രികുമായി കളംനിറഞ്ഞ മിസ്ലാവ് ഓർസിച്ചിനു മുന്നിൽ എല്ലാം പിഴക്കുകയായിരുന്നു. രണ്ടാം പകുതിവരെ പിടിച്ചുനിന്ന ടോട്ടൻഹാമിനെ തളർത്തി അടുത്ത പാതിയിൽ രണ്ടുവട്ടം വല കുലുക്കി ഓർസിച്ച് മത്സരം ടൈ ആക്കിയതോടെ വിധി നിർണയം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. 106ാം മിനിറ്റിൽ ഓർസിച് തന്നെ വീണ്ടും അന്തകനായപ്പോൾ യൂറോപ ലീഗ് അവസാന എട്ടിൽ മൂന്നാം ഇംഗ്ലീഷ് ടീമെന്ന സ്വപ്നം അസ്തമിച്ചു.
മറ്റൊരു മത്സരത്തിൽ, രണ്ടാം പാദം ഒരു ഗോളിന് തോറ്റിട്ടും ആഴ്സണൽ ക്വാർട്ടറിൽ. ഒളിമ്പിക്കോസിനെ ഇരു പാദങ്ങളിലായി 3-2ന് മറികടന്നാണ് ഗണ്ണേഴ്സ് പ്രതീക്ഷ സഫലമാക്കി ക്വാർട്ടിലെത്തിയത്. ഒളിമ്പിക്കോസിന്റെ ഏക ഗോൾ യൂസുഫ് അൽ അറബി നേടി.
ഷാക്തറിനെ 5-1ന് കടന്ന് റോമയും ഡൈനാമോ കീവിനെ ഏകപക്ഷീയമായ നാലു ഗോളിന് നിശ്ശൂന്യമാക്കി വിയ്യാറയലും യങ് ബോയ്സിനെ അഞ്ചു ഗോളിന് മുക്കി അയാക്സും ക്വാർട്ടറിലെത്തിയിട്ടുണ്ട്. ഗ്രനഡ, സ്ലാവിയ പ്രാഗ് എന്നിവയാണ് മറ്റു ടീമുകൾ. പ്രാഗ് റേഞ്ചേഴ്സിനെയും ഗ്രനഡ മോൾഡെയെയും തോൽപിച്ചു.
ഏപ്രിൽ എട്ടിനാണ് ക്വാർട്ടർ ആദ്യ പാദ മത്സരങ്ങൾ നടക്കുക. ഒരാഴ്ച കഴിഞ്ഞ് രണ്ടാം പാദവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.