എഫ്.എ കപ്പ് കലാശപ്പോരിൽ മാഞ്ചസ്റ്റർ ഡെർബി
text_fieldsഇത്തവണ കിരീട ട്രിപ്പിളെന്ന വലിയ മോഹത്തിനരികെ നിൽക്കുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് എഫ്.എ കപ്പ് ഫൈനലിൽ നാട്ടുകാരായ യുനൈറ്റഡ് എതിരാളികൾ. അധിക സമയമെടുത്തിട്ടും ഒരു ഗോൾ പോലും പിറക്കാതെ പോയ യുനൈറ്റഡ്- ബ്രൈറ്റൺ രണ്ടാം സെമി പെനാൽറ്റി ഷൂട്ടൗട്ടിൽ തീരുമാനമാക്കിയാണ് മാഞ്ചസ്റ്ററുകാർ സീസണിലെ രണ്ടാം കിരീടത്തിനരികെ നിൽക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ യുനൈറ്റഡ് കരബാവോ കപ്പ് ചാമ്പ്യന്മാരായിരുന്നു.
മനോഹര നീക്കങ്ങൾ പിറക്കാതെ പോയ കളിയിൽ ആദ്യാവസാനം ഇരു ടീമും പ്രതിരോധം കനപ്പിച്ചുനിന്നപ്പോൾ ഇതിനിടയിലും തുറന്നുകിട്ടിയ അർധാവസരങ്ങൾക്ക് മുന്നിൽ ഇരു ഗോൾകീപർമാരും മിന്നും സേവുകളുടെ രാജകുമാരന്മാരായി.
ദിവസങ്ങൾക്ക് മുമ്പ് യൂറോപ ലീഗിൽ സെവിയ്യക്കു മുന്നിൽ നാണംകെട്ട ക്ഷീണവുമായാണ് യുനൈറ്റഡ് ഇറങ്ങിയിരുന്നത്. എന്നാൽ, തുല്യ ഊർജവുമായി കളി നയിച്ച എതിരാളികൾക്ക് മുന്നിൽ റാഷ്ഫോഡിനും സംഘത്തിനും തിളങ്ങാനായില്ല. ഒടുവിൽ, പെനാൽറ്റി ഷൂട്ടൗട്ടിലാണ് കളി തീരുമാനമായത്.
കഴിഞ്ഞ ദിവസം, റിയാദ് മെഹ്റസിന്റെ ഹാട്രിക് കരുത്തിൽ മാഞ്ചസ്റ്റർ സിറ്റി എഫ്.എ കപ്പ് ഫൈനൽ ഉറപ്പാക്കിയിരുന്നു. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ആദ്യ സെമിയിൽ ഷെഫീൽഡ് യുനൈറ്റഡിനെതിരെ 3-0ത്തിനായിരുന്നു ജയം. 2019ന് ശേഷം ഇതാദ്യമായാണ് സിറ്റി എഫ്.എ കപ്പ് ഫൈനലിലെത്തുന്നത്. കഴിഞ്ഞ മൂന്ന് എഡിഷനുകളിലും ടൂർണമെന്റിന്റെ സെമി കളിച്ച ടീം കലാശക്കളിക്കരികെ പുറത്തായതായിരുന്നു ചരിത്രം.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ഷെഫീൽഡ് യുനൈറ്റഡ് മേധാവിത്വം കാട്ടിയെങ്കിലും ആദ്യ ഗോൾ പിറന്നതോടെ കഥ മാറി. 43ാം മിനിറ്റിൽ പെനാൽറ്റി വലയിലെത്തിച്ചാണ് മെഹ്റസ് അക്കൗണ്ട് തുറന്നത്. 61, 66 മിനിറ്റുകളിൽ രണ്ടു ഗോൾ കൂടി നേടി താരം ഹാട്രിക് തികച്ചു. 1958ൽ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ അലക്സ് ഡേവ്സണിനുശേഷം ഇതാദ്യമായാണ് ഒരു താരം എഫ്.എ കപ്പ് സെമി ഫൈനലിൽ ഹാട്രിക് നേടുന്നത്. ജൂൺ മൂന്നിനാണ് ഫൈനൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.