രക്ഷകൻ ഡിയാലോ! പത്ത് മിനിറ്റിൽ ഹാട്രിക്; ത്രില്ലർ പോരിൽ സതാംപ്ടണെ വീഴ്ത്തി യുനൈറ്റഡ്
text_fieldsലണ്ടന്‍: പ്രീമിയർ ലീഗിൽ തുടർച്ചയായ നാലാം തോൽവി തുറിച്ചുനോക്കിയ മാഞ്ചസ്റ്റർ യുനൈറ്റഡിനെ അവസാനമിനിറ്റുകളിലെ ഹാട്രിക് ഗോളിൽ രക്ഷിച്ച് യുവതാരം അമദ് ഡിയാലോ. സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോർഡിൽ നടന്ന ത്രില്ലർ പോരിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് യുനൈറ്റഡിന്‍റെ ജയം. അവസാന സ്ഥാനക്കാരായ സതാംപ്ടണോടും തോറ്റ്, 1930നുശേഷം ആദ്യമായി യുനൈറ്റഡ് പ്രീമിയർ ലീഗിൽ തുടർച്ചയായ നാലാം തോൽവി വഴങ്ങി നാണംകെടുമെന്ന് ഏവരും പ്രതീക്ഷിച്ചിരിക്കെയാണ് രക്ഷകനായി ഐവറി കോസ്റ്റുകാരന്‍ അവതരിക്കുന്നത്.
ലീഗിലെ കഴിഞ്ഞ മൂന്നു മത്സരങ്ങളിലും റൂബൻ അമോറിമും സംഘവും പരാജയപ്പെട്ടിരുന്നു. 82, 90, 90+4 മിനിറ്റുകളിലായിരുന്നു ഡിയാലോയുടെ ഗോളുകൾ. ഒരാഴ്ച മുമ്പാണ് താരം ക്ലബിലെ കരാർ പുതുക്കിയത്. സീസണിൽ 21 മത്സരങ്ങളിൽ ഒരു ജയം മാത്രമുള്ള സതാംപ്ടൺ ആറു പോയന്‍റുമായി ലീഗിൽ അവസനാ സ്ഥാനത്താണ്. 42ാം മിനിറ്റില്‍ യുനൈറ്റഡ് മിഡ്ഫീല്‍ഡര്‍ മാന്വല്‍ ഉഗാര്‍ത്തെയുടെ സെല്‍ഫ് ഗോളില്‍ സതാംപ്ടൺ ലീഡെടുത്തു. ടൈലര്‍ ഡിബ്‌ളിങ്ങിന്റെ ഒരു ഫ്രീകിക്കാണ് സെല്‍ഫ് ഗോളിന് വഴിവെച്ചത്. അവസാന പത്ത് മിനിറ്റിലാണ് അവിസ്മരണീയ പ്രകടനത്തിലൂടെ അമദ് യുനൈറ്റഡിനെ രക്ഷപ്പെടുത്തിയത്. 82-ാം മിനിറ്റില്‍ സമനില ഗോള്‍ നേടിയ താരം, 90ാം മിനിറ്റില്‍ ലീഡ് നേടുകയും ഇൻജുറി ടൈമിന്റെ നാലാം മിനിറ്റില്‍ ഹാട്രിക് പൂർത്തിയാക്കി ടീമിന് തകർപ്പൻ ജയം സമ്മാനിക്കുകയും ചെയ്തു.
ജയത്തോടെ 21 കളികളില്‍നിന്ന് 26 പോയന്റുള്ള യുനൈറ്റഡ് പന്ത്രണ്ടാം സ്ഥാനത്തേയ്ക്ക് കയറി. മറ്റൊരു മത്സരത്തിൽ ബ്രൈറ്റണ്‍ ഇപ്‌സ്‌വിച്ചിനെ തോൽപിച്ചു. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ജയം. 20 മത്സരങ്ങളിൽനിന്ന് 47 പോയന്‍റുമായി ലിവർപൂളാണ് ലീഗിൽ ഒന്നാമത്. ഒരു മത്സരം അധികം കളിച്ച ആഴ്സണൽ 43 പോയന്‍റുമായി രണ്ടാമതും. 41 പോയന്‍റുള്ള നോട്ടിങ്ഹാം ഫോറസ്റ്റും 38 പോയന്‍റുള്ള ന്യൂകാസിലുമാണ് മൂന്നും നാലും സ്ഥാനങ്ങളിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.