യുനൈറ്റഡ് എന്നെ വഞ്ചിച്ചു -റൊണാൾഡോ
text_fieldsലണ്ടൻ: മാഞ്ചസ്റ്റർ യുനൈറ്റഡിനും കോച്ച് എറിക് ടെൻ ഹാഗിനുമെതിരെ കടുത്ത വിമർശനവുമായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. യുനൈറ്റഡ് വഞ്ചിച്ചുവെന്നും തന്നെ ബഹുമാനിക്കാത്ത ടെൻ ഹാഗിനോട് തരിമ്പും ബഹുമാനമില്ലെന്നും 'പിയേഴ്സ് മോർഗൻ അൺസെൻസേഡ്' ടി.വി പരിപാടിയിൽ റൊണാൾഡോ പറഞ്ഞു.
കോച്ച് അടക്കം ക്ലബിലെ ചിലർ തന്നെ യുനൈറ്റഡിൽനിന്ന് പുകച്ചു പുറത്തുചാടിക്കാൻ ശ്രമിക്കുകയാണെന്ന് പോർചുഗീസ് താരം ആരോപിച്ചു. 'കോച്ച് മാത്രമല്ല, വേറെ രണ്ടു മൂന്നു പേരും അതിന് ശ്രമിച്ചു. ഈ വർഷം മാത്രമല്ല, കഴിഞ്ഞ വർഷവും ചിലരതിന് ശ്രമിച്ചു. വഞ്ചിക്കപ്പെട്ടതായാണ് എനിക്ക് തോന്നുന്നത്' -37കാരൻ പറഞ്ഞു. ''എനിക്ക് അയാളോട് ബഹുമാനമില്ല. കാരണം അയാൾ എന്നെ ബഹുമാനിക്കുന്നേയില്ല. എന്നെ ബഹുമാനിക്കാത്തയാളെ ഞാൻ ജീവിതത്തിലൊരിക്കലും ബഹുമാനിക്കാൻ പോകുന്നില്ല'' -ടെൻ ഹാഗിനെ കുറിച്ച് റൊണാൾഡോ പറഞ്ഞു.
കഴിഞ്ഞ സീസണിൽ റാൽഫ് റാഗ്നിയാക്കിനെ താൽക്കാലിക പരിശീലകനാക്കിയതിനെയും റൊണാൾഡോ വിമർശിച്ചു. ''അയാൾ ഒരു കോച്ച് പോലുമല്ല'' -റൊണാൾഡോ പറഞ്ഞു. ഒലെ ഗുണ്ണാർ സോൾഷ്യറെ പുറത്താക്കിയപ്പോൾ സ്പോർട്ടിങ് ഡയറക്ടറായി കൊണ്ടുവന്ന റാഗ്നിയാക്കിന് താൽക്കാലിക കോച്ചിന്റെ ചുമതല നൽകുകയായിരുന്നു. പിന്നീട് റാഗ്നിയാക്കിനെ പുറത്താക്കിയാണ് ടെൻ ഹാഗിനെ കൊണ്ടുവന്നത്.
ലോകകപ്പിനു മുന്നോടിയായി ക്ലബിന്റെ മത്സരങ്ങൾ അവസാനിച്ചതിനു പിന്നാലെയാണ് റൊണാൾഡോയുടെ വെളിപ്പെടുത്തൽ. അവസാന രണ്ടു കളികളിലും റൊണാൾഡോ ടീമിലുണ്ടായിരുന്നില്ല. സീസണിൽ പല കളികളിലും പുറത്തിരുന്ന റൊണാൾഡോക്ക് അവസരം കിട്ടിയപ്പോൾ തിളങ്ങാനുമായിരുന്നില്ല. സീസണിനു മുന്നോടിയായി ക്ലബ് വിടാനുള്ള റൊണാൾഡോയുടെ ശ്രമം ഫലം കണ്ടിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.