ആൻഫീൽഡിൽ ലിവർപൂളിനെ സമനിലയിൽ തളച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്
text_fieldsലണ്ടൻ: ലിവർപൂളിനെ സ്വന്തം കാണികൾക്ക് മുൻപിൽ ഗോളടിക്കാതെ പിടിച്ചുകെട്ടിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയതുല്യമായ സമനില തന്നെയായിരുന്നു ആൻഫീൽഡിൽ കണ്ടത് (0-0). കളിയുടെ സമസ്ത മേഖലകളിലും മേധാവിത്തം ലിവർപൂളിനായിരുന്നെങ്കിലും ഗോളാക്കാനായില്ല.
ഗോളെന്നുറച്ച നിരവധി ഷോട്ടുകൾ യുണൈറ്റഡിന്റെ വലയിലേക്ക് ഒന്നിന് പിറകെ ഒരോന്നായി പാഞ്ഞെങ്കിലും യുണൈറ്റഡിന്റെ കാമറൂണിയൻ ഗോൾ കീപ്പർ അൻഡ്രെ ഒനാനയെ മറികടന്ന് പോകാനായില്ല. ഡാർവിൻ ന്യൂനസ്, മുഹമ്മദ് സലാഹ്, ലൂയിസ് ഡയസ് എന്നിവരാണ് ലിവർപൂളിന്റെ മുന്നേറ്റം നയിച്ചത്.
റാസ്മസ് ഹോജ്‌ലൻഡിനൊപ്പം അലെജാന്‍ഡ്രോ ഗാര്‍നാച്ചോ, സ്കോട്ട് മക്ടോമിനയ്, ആന്റണി എന്നിവരാണ് യുണൈറ്റഡിനായി മുന്നേറ്റ നിരയെ നയിച്ചത്.
34 ഷോട്ടുകളാണ് ലിവർപൂൾ യുണൈറ്റഡിന്റെ ഗോൾ മുഖത്തേക്ക് പായിച്ചത്. മറുവശത്ത് പ്രതിരോധത്തിലൂന്നിയ യുണൈറ്റഡ് രണ്ടാം പകുതിയിൽ ഗോളിലേക്കെന്ന് തോന്നിച്ച കൗണ്ടർ അറ്റാക്കുകൾ നടത്തിയെങ്കിലും വിഫലമായി. കളി തീരാൻ ഒരു മിനിറ്റ് ബാക്കിയുള്ളപ്പോൾ ഫൗളിന് വേണ്ടി വാദിച്ച യുണൈറ്റഡ് പ്രതിരോധ താരം ഡീഗോ ഡലോട്ടിന് റഫറി സെക്കൻഡുകൾക്ക് ഇടയിൽ രണ്ട് മഞ്ഞ കാർഡ് കൊടുത്ത് റെഡ് നൽകി പുറത്താക്കി.
അവസാനമായി ഇരുടീമും ആൻഫീൽഡിൽ കണ്ടുമുട്ടിയപ്പോൾ ഏകപക്ഷീയമായ ഏഴു ഗോളിന് യുണൈറ്റഡിനെ തകർത്തിന്റെ ആവേശം ലിവർപൂളിനുണ്ടായിരുന്നെങ്കിലും സ്കോർ ബോർഡ് ചലിപ്പിക്കാനാവാതെ കളി അവാസാനിപ്പിക്കേണ്ടി വന്നു. ഇതോടെ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തായി. 39 പോയിന്റുള്ള ആഴ്സണലിന് പിന്നിൽ 38 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ലിവർപൂൾ. അതേ സമയം, ചാമ്പ്യൻസ് ലീഗിൽ ദയനീയ പ്രകടനത്തെ തുടർന്ന് പുറത്തായ യുണൈറ്റഡിന് കൂട്ടത്തോൽവികൾക്കിടയിലെ ആശ്വാസ സമനിലയാണ്. പ്രീമിയർ ലീഗിൽ 28 പോയിന്റുമായി ഏഴാം സ്ഥാനത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.