സതാംപ്ടനെതിരെ ഗോൾവേട്ട; റെക്കോഡ് തൊട്ട് യുനൈറ്റഡ് വിജയം
text_fields
ലണ്ടൻ: ഒമ്പതാളായി ചുരുങ്ങിയ സതാംപ്ടണിനെതിരെ ഒമ്പതു ഗോൾ ജയവുമായി പ്രിമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന്‍റെ തേരോട്ടം. ഓൾഡ് ട്രാഫോഡിൽ വിരുന്നെത്തിയ സതാംപ്ടൺ നിരയിലെ അലക്സാണ്ടർ ജാൻകെവിറ്റ്സ് രണ്ടാം മിനിറ്റിൽ ചുവപ്പുകാർഡുമായി മടങ്ങിയതാണ് റെക്കോഡിലേക്ക് ഗോളടിച്ചുകയറാൻ യുനൈറ്റഡിന് തുണയായത്.
പ്രിമിയർ ലീഗിൽ മൂന്നാം തവണയാണ് ഒരു ടീം ഒമ്പതു ഗോൾ ജയം നേടുന്നത്. യുനൈറ്റഡിനിത് രണ്ടാം തവണയും. 1995ൽ ഇപ്സിഷിനെയാണ് യുനൈറ്റഡ് വീഴ്ത്തിയിരുന്നത്. 18ാം മിനിറ്റിൽ വാൻ ബിസാക്കയാണ് കളിയിലെയും സ്വന്തം കരിയറിലെയും സ്കോറിങ്ങിന് തുടക്കമിട്ടത്. മാർകസ് റാഷ്ഫോഡ്, എഡിൻസൺ കവാനി എന്നിവരും ഒന്നാം പകുതിയിൽ ലക്ഷ്യം കണ്ടു. സതാംപ്ടൺ താരം ജാൻ ബെഡ്നാരെക് വഴിമറന്ന് സെൽഫ് ഗോളുമായി പാര പണിതപ്പോൾ ആദ്യ 45 മിനിറ്റിൽ തന്നെ സതാംപ്ടൺ വലയിൽ വീണത് നാലു ഗോളുകൾ.
താളം പിന്മടങ്ങിയ രണ്ടാം പകുതിയിൽ ഗോൾ കൂടുതൽ അടിച്ചുകയറ്റാൻ യുനൈറ്റഡ് ആവേശം കാണിക്കാത്തത് തുടക്കത്തിൽ മന്ദത നൽകിയെങ്കിലും അവസാന 21 മിനിറ്റിനിടെ സതാംപ്ടൺ വലയിൽവീണത് അഞ്ചു ഗോളുകൾ. എട്ടു കളികളിൽ ഗോൾ നേടാനാകാതെ വിഷമിച്ച ആന്‍റണി മാർഷ്യലും ഇന്നലെ ഗോൾ നേടി- അതും രണ്ടുവട്ടം. ബ്രൂണോ ഫെർണാണ്ടസ്, മക്ടോമിനെ, ജെയിംസ് എന്നിവരാണ് മറ്റു സ്കോറർമാർ.
മറുവശത്ത്, ആദ്യ പകുതിയിൽ സെൽഫ് ഗോൾ വഴങ്ങി ടീമിന് പണി നൽകിയ ബെഡ്നാരെക് 87ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ട് പുറത്തുപോകുകയും ചെയ്തു. ഇതിനു ശേഷം മാത്രം സതാംപ്ടൺ വലയിൽവീണത് രണ്ടു ഗോളുകൾ.
അവസാന നാലുകളികളിൽ ഒരു ജയം മാത്രം സമ്പാദ്യമെന്ന മോശം റെക്കോഡുമായി ഇന്നലെ മൈതാനത്തിറങ്ങിയ യുനൈറ്റഡ് എല്ലാം മറന്ന പ്രകടനമാണ് പുറത്തെടുത്തത്. ഇതോടെ, പോയിന്‍റ് നിലയിൽ സിറ്റിക്ക് തൊട്ടുപിറകിൽ ടീം രണ്ടാമതെത്തി. ഇരു ടീമുകൾക്കും 44 പോയിന്‍റാണെങ്കിലും ഗോൾ ശരാശരിയിലെ മികവാണ് സിറ്റിക്ക് തുണയാകുന്നത്.
മറ്റൊരു നിർണായക മത്സരത്തിൽ കരുത്തരായ ഗണ്ണേഴ്സ് നീണ്ട ഇടവേളക്കു ശേഷം അനാവശ്യ തോൽവി ഏറ്റുവാങ്ങി. വുൾവ്സിനെതിരെയാണ് ആദ്യം ലീഡ് പിടിച്ചശേഷം രണ്ടു ഗോളും അത്രയും ചുവപ്പുകാർഡുകളും വാങ്ങി തോൽവിയുമായി ആഴ്സണൽ മടങ്ങിയത്. വുൾവ്സിന് ഒമ്പതു കളികൾക്കിടെ ആദ്യ ജയമായിരുന്നു.
രണ്ടു തവണ ക്രോസ്ബാറിൽ തൊട്ടുമടങ്ങുകയും ഒരു ഗോൾ റഫറി നിഷേധിക്കുകയും ചെയ്ത ശേഷം നികൊളാസ് പെപെ ആഴ്സണലിനായി ആദ്യം വല കുലുക്കി. പക്ഷേ, ഡേവിഡ് ലൂയിസ് വീണ്ടും ചുവപ്പുകാർഡ് കണ്ട് മടങ്ങിയതോടെ തളർന്ന ഗണ്ണേഴ്സ് വലയിൽ തുടരെ രണ്ടുവട്ടം വലകുലുക്കി ഗണ്ണേഴ്സ് വിജയംആഘോഷമാക്കി. നെവസ് (45ാംമിനിറ്റ്), മൊട്ടീഞ്ഞോ (49) എന്നിവരാണ് സ്കോറർമാർ. ലൂയിസിനു പുറമെ െലനോയും ഗണ്ണേഴ്സ് നിരയിൽ ചുവപ്പുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.