ബ്രൂണോയെ മാറ്റണം; ലിവർപൂളിനോടേറ്റ തോൽവിക്കു പിന്നാലെ യുനൈറ്റഡിൽ നായകനെതിരെ മുറവിളി
text_fieldsഞായറാഴ്ച വരെയും സമാനതകളില്ലാത്ത തിരിച്ചുവരവിന്റെ വലിയ ആഘോഷമായിരുന്നു ഓൾഡ് ട്രാഫോഡിൽ. ടെൻ ഹാഗിനു കീഴിൽ മാർകസ് റാഷ്ഫോഡും സംഘവും നടത്തിയ വലിയ കുതിപ്പുകൾ ടീമിനെ അതിവേഗം പ്രിമിയർ ലീഗ് റാങ്കിങ്ങിൽ മുന്നിലെത്തിച്ചു. എന്നല്ല, ആഴ്സണലും മാഞ്ചസ്റ്റർ സിറ്റിയും മാത്രമുണ്ടായിരുന്ന പ്രിമിയർ ലീഗ് കിരീടപ്പോരിൽ മൂന്നാമന്മാരായി യുനൈറ്റഡും കയറി അങ്കംതുടങ്ങി. എല്ലാം പതിവിൻപടിയെന്ന് തോന്നിച്ചായിരുന്നു ആൻഫീൽഡ് മൈതാനത്ത് ലിവർപൂളിനെതിരായ കളിയും.
ആദ്യ 43 മിനിറ്റിൽ കൂടുതൽ ഗോളവസരങ്ങൾ തുറന്നും കളിയിൽ മേൽക്കൈ നിലനിർത്തിയും ഒപ്പത്തിനൊപ്പം നിന്ന ടീം പിന്നീട് നടന്നതൊന്നും ഓർക്കാൻ ആഗ്രഹിക്കുന്നുണ്ടാകില്ല. മാഞ്ചസ്റ്റർ നോട്ടമിട്ട് അവസാനം കൂടുമാറി ചെമ്പടക്കൊപ്പമെത്തിയ കോഡി ഗാക്പോ എന്ന ഡച്ചുകാരൻ ആദ്യ പകുതി അവസാനിക്കാനിരിക്കെ നേടിയ ഗോളോടെയായിരുന്നു തുടക്കം. ഇടവേള കഴിഞ്ഞ് തിരിച്ചടിച്ച് കളിപിടിക്കാൻ ഇറങ്ങിയ സന്ദർശകർക്കു മുന്നിൽ സലാഹിന്റെ നേതൃത്വത്തിൽ ഗോളുത്സവം തീർക്കുകയായിരുന്നു ആതിഥേയർ. മിനിറ്റുകൾക്കിടെ രണ്ടെണ്ണം വീണ് തളർന്നുപോയ യുനൈറ്റഡിന്റെ നെഞ്ചു തകർത്ത് നാലെണ്ണം കൂടി വല നിറഞ്ഞെത്തി. ഒരിക്കൽ പോലും എതിർ ഗോൾമുഖത്ത് ഭീഷണി സൃഷ്ടിക്കാനായുമില്ല.
അതോടെ, തീർന്നുപോയ ടീം 90 മിനിറ്റ് പൂർത്തിയാക്കുംമുമ്പ് കളംവിടാൻ ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് നടത്തിയ ശ്രമങ്ങളും കടുത്ത വിമർശനതിനിരയായി. മധ്യനിര എഞ്ചിനാകേണ്ട പോർച്ചുഗീസ് താരം ഉഴറി നടക്കുകയായിരുന്നുവെന്നായിരുന്നു വിമർശനം. താരം ഇനിയും നായക സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നും ആക്ഷേപമുയർന്നു.
എന്നാൽ, ഒറ്റ കളിയിൽ എല്ലാം അവസാനിച്ചിട്ടില്ലെന്ന് സഹതാരം മാർകസ് റാഷ്ഫോഡ് പറയുന്നു. നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാമതാണ് ടീം. വരും മത്സരങ്ങളിൽ കൂടുതൽ മികച്ച പ്രകടനവുമായി ആദ്യ സ്ഥാനം തന്നെ ലക്ഷ്യമിടുന്നതായും ടീം പ്രതീക്ഷ നിലനിർത്തുന്നു.
ഗോളടിക്കാൻ റാഷ്ഫോഡിനു പുറമെ ആളില്ലെന്നതാണ് നിലവിൽ യുനൈറ്റഡിന്റെ ഏറ്റവും വലിയ പ്രതിസന്ധി. കഴിഞ്ഞ കളിയിൽ താരത്തെ കൃത്യമായി പൂട്ടുന്നതിൽ എതിരാളികൾ വിജയം വരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.