സൈഡ് ബെഞ്ചിൽ; ഫൈനൽ വിസിലിനു മുമ്പേ ഗ്രൗണ്ട് വിട്ടു; ക്രിസ്റ്റ്യാനോയെ ട്രോളി ആരാധകർ
text_fieldsഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടൻഹാമിനെതിരെ മികച്ച വിജയം നേടിയെങ്കിലും മാഞ്ചസ്റ്റർ യുനൈറ്റഡ് ആരാധകർ കട്ട കലിപ്പിലാണ്. 2-0ത്തിനായിരുന്നു യുനൈറ്റഡിന്‍റെ വിജയം. ബ്രസിൽ മുന്നേറ്റ താരം ഫ്രെഡ് (47), ബ്രൂണോ ഫെർണാണ്ടസ് (69) എന്നിവരാണ് ഗോളുകൾ നേടിയത്.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇത്തവണയും പകരക്കാരുടെ ബെഞ്ചിലായിരുന്നു സ്ഥാനം. എന്നാൽ, മത്സരത്തിന്‍റെ ഫൈനൽ വിസിൽ മുഴങ്ങുന്നതിനു മുമ്പേ താരം ഗ്രൗണ്ട് വിട്ടതാണ് ആരാധകരെ ചൊടിപ്പിച്ചത്. രണ്ടാം പകുതിയിലെങ്കിലും കളിപ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്നു താരം. എന്നാൽ, മത്സരം അവസാന നിമിഷങ്ങളിലേക്ക് അടുത്തതോടെ ക്രിസ്റ്റ്യാനോയുടെ മുഖത്ത് നിരാശ പടർന്നു.
സീസണിൽ യുനൈറ്റഡിന്‍റെ ഭൂരിഭാഗം മത്സരങ്ങളിലും സൈഡ് ബെഞ്ചിലായിരുന്നു താരത്തിന് സ്ഥാനം. പ്രീ സീസൺ മത്സരങ്ങളിൽ ടീമിനൊപ്പം ചേരാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. ടീമിനായി 12 മത്സരങ്ങളിൽനിന്നായി രണ്ടു തവണ മാത്രമാണ് ക്രിസ്റ്റ്യാനോ ഗോൾ നേടിയത്. പരിശീലകൻ എറിക് ടെൻ ഹാഗ് തന്നെ കാര്യമായി പരിഗണിക്കുന്നില്ലെന്ന നിരാശ താരത്തിനുണ്ട്.
ടോട്ടൻഹാമിനെതിരെയുള്ള മത്സരം സീസണിൽ ടീമിന്‍റെ മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു. 90ാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോ ഗ്രൗണ്ട് വിട്ടത്. നാല് മിനിറ്റ് ഇഞ്ചുറി സമയം അവശേഷിക്കെ താരം ടണൽവഴി മടങ്ങുകയായിരുന്നു. ഈ സമയത്ത് മറുപടിയില്ലാതെ രണ്ടു ഗോളിനു മുന്നിലായിരുന്നു യുനൈറ്റഡ്. ആരാധകർ ഇതിന്‍റെ ആവേശത്തിൽ നിൽക്കെയാണ്, ഫൈനൽ വിസിൽ മുഴങ്ങുന്നതിനു മുമ്പേ ക്രിസ്റ്റ്യാനോ ഗ്രൗണ്ട് വിടുന്നത്. ഇത് ശ്രദ്ധയിൽപെട്ട ആരാധകർ ട്വിറ്ററിലാണ് അതിന്‍റെ രോഷം തീർത്തത്.
ക്രിസ്റ്റ്യാനോയുടെ മനോഭാവവും പെരുമാറ്റവും പ്രഫഷനൽ കളിക്കാരന് ചേർന്നതെല്ലന്നും അനാദരവാണെന്നും ഒരു ആരാധകൻ ട്വിറ്ററിൽ കുറിച്ചു. വൃത്തികെട്ട മനോഭാവം, വിനയം തീരെയില്ലെന്ന് മറ്റൊരു ആരാധകൻ ട്വീറ്റ് ചെയ്തു. ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും വലിയ കരയുന്ന കുഞ്ഞാണ് ക്രിസ്റ്റ്യാനോയെന്നും മെസ്സി അങ്ങനെയല്ലെന്നും ഒരു ആരാധകൻ പ്രതികരിച്ചു.
യുനൈറ്റഡിനും ലിവർപൂളിനും ജയം; ചെൽസിക്ക് സമനില
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കരുത്തരായ മാഞ്ചസ്റ്റർ യുനൈറ്റഡും ലിവർപൂളും ജയം സ്വന്തമാക്കിയപ്പോൾ ചെൽസി സമനിലയിൽ കുരുങ്ങി. യുനൈറ്റഡ് 2-0ത്തിന് ടോട്ടൻഹാമിനെയും ലിവർപൂൾ 1-0ത്തിന് വെസ്റ്റ്ഹാം യുനൈറ്റഡിനെയുമാണ് തോൽപിച്ചത്. ചെൽസിയെ ബ്രെൻഡ്ഫോഡ് ഗോൾരഹിത സമനിലയിൽ തളച്ചു.
സതാംപ്ടൺ 1-0ത്തിന് ബോൺമൗത്തിനെയും ന്യൂകാസിൽ യുനൈറ്റഡ് 1-0ത്തിന് എവർട്ടണിനെയും തോൽപിച്ചു. യുനൈറ്റഡിനായി ഫ്രെഡും (47) ബ്രൂണോ ഫെർണാണ്ടസുമാണ് (69) സ്കോർ ചെയ്തത്. വെസ്റ്റ്ഹാമിനെതിരെ 22ാം മിനിറ്റിൽ ഡാർവിൻ ന്യൂനസ് ആണ് ലിവർപൂളിന്റെ വിജയഗോൾ നേടിയത്.
10 മത്സരങ്ങൾ കഴിഞ്ഞപ്പോൾ യുനൈറ്റഡ് (19) അഞ്ചാമതും ലിവർപൂൾ (16) ഏഴാമതുമാണ്.
ആഴ്സനൽ (27), മാഞ്ചസ്റ്റർ സിറ്റി (23), ടോട്ടൻഹാം (23), ചെൽസി (20) ടീമുകളാണ് ആദ്യ നാലു സ്ഥാനങ്ങളിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.